അതിരപ്പിള്ളി: അതിരപ്പിള്ളി വിനോദസഞ്ചാര മേഖലക്ക് സാഹസിക പരിവേഷം നൽകി ട്രക്കിങ് ആരംഭിക്കുന്നു. വാഴച്ചാൽ എഫ്.ഡി.എക്ക് കീഴിൽ ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായാണ് ട്രക്കിങ്.
വനംവകുപ്പ് നേതൃത്വത്തിൽ പെരിങ്ങൽകുത്ത് മേഖലയിലെ കാരാംതോട് ഉൾവനത്തിലൂടെയാണ് സാഹസിക യാത്ര. അടുത്തയാഴ്ചയോടെ ആരംഭിക്കും. രാവിലെ എട്ടിന് ആരംഭിച്ച് ഉച്ചക്ക് രണ്ടോടെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര.
പൊകലപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നാണ് യാത്ര ആരംഭിക്കുക. പെരിങ്ങൽകുത്ത് ഡാം വരെ വനംവകുപ്പിന്റെ വാഹനത്തിലും ഡാമിൽനിന്ന് കാരംതോട് വരെ 4.5 കിലോമീറ്റർ കാനനപാതയിലൂടെ കാൽനടയായുമാണ് പോകേണ്ടത്.
വാഴച്ചാൽ വനമേഖലയുടെ വന്യതയും സൗന്ദര്യവും ആസ്വദിക്കാം. വേഴാമ്പൽ അടക്കം വിവിധ പക്ഷികളെയും സസ്യജാലങ്ങളെയും കാണാം. കാടിനെക്കുറിച്ച അറിവുകളും നിർദേശങ്ങളും പകർന്നു നൽകാനും സുരക്ഷിതത്വം ഉറപ്പാക്കാനും ഓരോ സംഘത്തിലും രണ്ട് ഗൈഡുമാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാകും.
വാഴച്ചാൽ റേഞ്ചിന് കീഴിലെ പൊകലപ്പാറ, പെരിങ്ങൽകുത്ത് ആദിവാസി ഊരുകളിൽനിന്ന് പുളിയിലപ്പാറ വി.എസ്.എസ്സിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട് പരിശീലനം പൂർത്തിയാക്കിയ 13 ഗൈഡുകളുടെ സേവനവും പദ്ധതിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിലാണ് ഗൈഡുകൾക്ക് പരിശീലനം നൽകിയത്.
കാരംതോടുള്ള വനംവകുപ്പ് ഔട്ട് പോസ്റ്റിൽനിന്ന് ലഘുഭക്ഷണം കഴിച്ച ശേഷം ആയിരിക്കും മടക്കയാത്ര. പരമാവധി എട്ട് പേർക്കാണ് ഒരു സംഘത്തിൽ യാത്ര ചെയ്യാനാകുക. 1000 രൂപയാണ് ഒരാളുടെ നിരക്ക്. എട്ടു പേരടങ്ങുന്ന മൂന്നു സംഘങ്ങൾക്കാണ് ഒരു ദിവസം പോവാനാകുക. താൽപര്യമുള്ളവർക്ക് 8547601991 നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.