2131 ചതുരശ്ര കിലോമീറ്റർ വിസ്തൃതി, ഒമ്പതു ലക്ഷത്തോളം ജനസംഖ്യ, കൊതിപ്പിക്കുന്ന കാലാവസ്ഥ, അതാണ് വയനാട്. രാജ്യത്തെ ടൂറിസത്തിന്റെ ഏറ്റവും മനോഹരമായ 10 ഇടങ്ങളിൽ ഒന്നായി വയനാട് മാറിയിട്ടുണ്ട്. ഇവിടത്തെ വരുമാനത്തിന്റെ 25 ശതമാനവും ഇന്ന് ടൂറിസം മേഖലയിൽനിന്നാണ് ലഭിക്കുന്നത്. ടൂറിസത്തെ പ്രധാന വരുമാനമായും ഉപജീവനമായും കാണുന്ന ആയിരങ്ങളുണ്ട് ജില്ലയിൽ. എന്നാൽ, ജൂലൈ 30ലെ ഉരുൾ ദുരന്തം ജില്ലയുടെ ടൂറിസം മേഖലയെ പാടെ തകർത്തു. വയനാട് പൂർണമായും തകർന്നു എന്ന പ്രചാരണം ഇവിടത്തെ ടൂറിസത്തെ ചെറുതായല്ല ബാധിച്ചത്. ദുരന്തമുണ്ടായതിനുശേഷം 22 ദിവസത്തിനുള്ളില്‍ 20 കോടിയലധികം രൂപയുടെ നഷ്ടമാണ് ടൂറിസത്തിനും അനുബന്ധ മേഖലകള്‍ക്കും ഉണ്ടായതെന്നാണ് കണക്കുകൾ. ടൂറിസത്തെ ആശ്രയിച്ച് കഴിയുന്ന ആയിരങ്ങൾ പട്ടിണിയിലേക്കും ദുരിതത്തിലേക്കും കൂപ്പു കുത്തി. റിസോര്‍ട്ടുകളും ഹോട്ടലുകളും ഹോം സ്റ്റേകളും മാത്രം ജില്ലയിൽ നാലായിരത്തോളമുണ്ടെന്നാണ് കണക്ക്. വയനാട് വീണ്ടും സഞ്ചാരികളെ മാടിവിളിക്കുകയാണ്... ഇവിടത്തെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സഞ്ചാരികളെ കാത്തിരിക്കുന്നു.
ഇക്കോ ടൂറിസം
വയനാട്ടിൽ വന്യജീവി ആക്രമണം രൂക്ഷമായതോടെ ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ ഏഴു മാസം മുമ്പുതന്നെ അടച്ചിരുന്നു. ഇത് ഉരുൾ ദുരന്തത്തിന് മുമ്പേതന്നെ ടൂറിസം മേഖലക്ക് മങ്ങലുണ്ടാക്കി. വനം വകുപ്പിനു കീഴിലുള്ള കുറുവാദ്വീപ് ഉൾെപ്പടെയുള്ള എട്ട് ഇക്കോ ടൂറിസം കേന്ദ്രങ്ങളാണ് സുരക്ഷ മുൻനിർത്തി അടച്ചത്. ഹൈകോടതിയും ഇതിനെ പിന്തുണച്ചു. കനത്ത മഴയിൽ ഡി.ടി.പി.സിയുടെ കീഴിലുള്ള പല വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിട്ടിരുന്നു. പിന്നീട് പലതും തുറന്നെങ്കിലും സമയ ക്രമത്തിലും ദിനേനയുള്ള സഞ്ചാരികളുടെ എണ്ണത്തിലും ഇതുവരെ പൂർവസ്ഥിതി ആയിട്ടില്ല. എത്രയും വേഗം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ തുറന്നുപ്രവർത്തിച്ചാൽ മാത്രമേ സഞ്ചാരികളുടെ എണ്ണം കൂടൂവെന്നാണ് ഈ മേഖലയിലുള്ളവർ അഭിപ്രായപ്പെടുന്നത്.
തിരിച്ചു പിടിക്കും
വയനാട് ടൂറിസത്തെ തിരിച്ചുപിടിക്കാൻ ജില്ലയിലെ മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളും തുറന്നു പ്രവർത്തിക്കുകയാണ് ആദ്യം വേണ്ടത്. ഉരുൾ ദുരന്തത്തിനു ശേഷം ടൂറിസ്റ്റുകളുടെ വരവിൽ ഗണ്യമായി കുറവുണ്ടായിട്ടുണ്ട്. എന്നാൽ, ഇതിനുമുമ്പുതന്നെ വനം വകുപ്പുമായി ചേർന്നുള്ള ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ കോടതി നിർദേശത്തിന്റെ ഭാഗമായി അടച്ചിട്ടിരിക്കുകയാണ്. ഇതോടൊപ്പം ഉരുൾപൊട്ടൽ കൂടി വയനാട് ടൂറിസത്തെ വലിയ പ്രതിസന്ധിയിലാക്കി. ഇതു പരിഹരിക്കാൻ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറക്കാൻ അടിയന്തര നടപടി സ്വീകരിക്കുകയും സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതികൾ ആവിഷ്കരിക്കുകയും വേണം. അതോടൊപ്പം സമൂഹമാധ്യമങ്ങളിൽ ഉൾെപ്പടെ കാമ്പയിൻ പ്രചാരണവും സജീവമാക്കിയാൽ ഈ പ്രതിസന്ധി മറികടക്കാൻ നമുക്ക് സാധിക്കും.
സംഷാദ് മരക്കാർ (വയനാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ്)
ഇക്കോ ഫ്രണ്ട്ലി
മഴക്കാലത്തു പോലും ദിനേന ആയിരത്തോളം പേർ എത്തിയിരുന്ന പൂക്കോട് തടാകത്തിൽ ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷം ഒരാൾ പോലും തിരിഞ്ഞുനോക്കിയില്ലെന്ന് തടാകത്തിനടുത്ത് ടീ ഷോപ്പ് നടത്തുന്ന സന്തോഷ് പറയുന്നു. സമീപത്തുണ്ടായിരുന്ന ഇരുപതോളം കടകൾ പൂട്ടി. സന്തോഷിന്റെ കടയിൽ ജോലിചെയ്തിരുന്ന നാലു തൊഴിലാളികളെയും നാട്ടിലേക്ക് പറഞ്ഞുവിട്ടു. വയനാടിന്റെ ടൂറിസത്തെ ദുരന്തം ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന സത്യം മനസ്സിലാക്കി ജില്ല വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. സന്തോഷിന്റെ തൊട്ടടുത്ത ബേഡ്സ് പാർക്ക് പക്ഷികൾക്ക് ഭക്ഷണം നൽകിയില്ലെങ്കിൽ ചത്തുപോകുമല്ലോ എന്നു കരുതിയാണ് അടച്ചിടാത്തത്. നാലു തൊഴിലാളികളുള്ള ഇവിടെ രണ്ടു പേർ വീതം ഇടവിട്ട ദിവസങ്ങളിൽ ജോലിക്കു വരുകയാണിപ്പോൾ.
ടൂറിസം കേന്ദ്രങ്ങള്‍ക്ക് സമീപമുള്ള ഹാന്‍ഡ് ക്രാഫ്റ്റ് കടയുടമകൾ, ജീവനക്കാർ, ഹോം സ്റ്റേകളിലെയും റിസോര്‍ട്ടുകളിലെയും തൊഴിലാളികള്‍, ടാക്സി ഡ്രൈവര്‍മാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍ തുടങ്ങി അനുബന്ധ മേഖലകളില്‍ ജോലി ചെയ്യുന്നവരെല്ലാം പ്രതിസന്ധിയിലാണ്. ഹോം സ്റ്റേകളിൽ ഓണക്കാലത്തുള്ള ബുക്കിങ്ങുകൾ മിക്കതും കാൻസൽ ചെയ്തു. റൂം ബുക്ക് ചെയ്തവരെ വിളിച്ചന്വേഷിക്കുമ്പോള്‍ വയനാട് സുരക്ഷിതമാണോ എന്നാണ് ആദ്യം ചോദിക്കുന്നതെന്ന് നടത്തിപ്പുകാർ പറയുന്നു.
ബി സോഷ്യൽ
വയനാട് സുരക്ഷിതമാണെന്ന് ബോധ്യപ്പെടുത്താൻ ടൂറിസം വകുപ്പും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലുമെല്ലാം തീവ്ര പരിശ്രമത്തിലാണ്. ശക്തമായ പ്രചാരണ പരിപാടികളിലൂടെ ടൂറിസ്റ്റുകളുടെ ആശങ്കകള്‍ ദൂരീകരിച്ച് ജില്ലയിലെ വിനോദ സഞ്ചാര മേഖലയെ തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന പ്രത്യാശയിലാണ് ബന്ധപ്പെട്ടവർ. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കുകയും സോഷ്യൽ മീഡിയ ഇൻഫ്ലുവന്‍സേഴ്സുമായി സംവദിക്കുകയും ചെയ്തിരുന്നു. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടു നടത്തുന്ന ‘എന്റെ കേരളം എന്നും സുന്ദരം’ കാമ്പയിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.