പാലക്കാട്: സംസ്ഥാനത്ത് മധ്യവേനലവധിക്ക് തുടക്കമായതോടെ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും സജീവമാവുകയാണ്. സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകരിലും വരുമാനത്തിലും വർധനവുണ്ടാകുന്ന പ്രധാന സീസൺ കൂടിയാണ് മധ്യവേനലവധിക്കാലം. ജില്ലയിൽ പ്രധാനമായും കൂടുതൽ സന്ദർശകരെത്തുന്നത് കേരളത്തിന്റെ ഉദ്യാന റാണി കൂടിയായ മലമ്പുഴയിലാണ്.
നെല്ലിയാമ്പതി, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, മംഗലംഡാം എന്നിവിടങ്ങളിലും സന്ദർശകരെത്താറുണ്ട്. സംസ്ഥാനത്തിനകത്തു നിന്നും അയൽ സംസ്ഥാനമായ തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നും നിരവധി സന്ദർശകരാണ് ദിനംപ്രതി മലമ്പുഴയിലെത്തുന്നത്.
വിഷു, ഓണം, റമദാൻ, ബക്രീദ്, ദീപാവലി, ക്രിസ്തുമസ്-പുതുവത്സര സീസണുകളിലും ധാരാളം സന്ദർശകരെത്തുന്നതിലൂടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വരുമാന വർധനയുണ്ടാകാറുണ്ട്. മധ്യവേനലവധിക്കു മുമ്പേ ടൂറിസം, ജലസേചനം, വനം, ഫിഷറീസ്, കെ.ടി.ഡി.സി വകുപ്പുകൾക്കു കീഴിലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു.
ജനുവരി മുതൽ മാർച്ച് വരെയുള്ള മാസങ്ങളിൽ ചൂട് കൂടിയതിനാൽ ഇത്തവണ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർ കുറഞ്ഞത് വരുമാനത്തെയും ബാധിച്ചിരുന്നു. ജലസേചനവകുപ്പിന് കീഴിലുള്ള പോത്തുണ്ടി, മംഗലംഡാം ഉദ്യാനത്തിനും ഫിഷറീസ് വകുപ്പിന് കീഴിലുള്ള മലമ്പുഴ ഫിഷ് അക്വേറിയം, സ്നേക്ക്പാർക്ക്, പറമ്പിക്കുളം കടുവ സങ്കേതത്തിലും സന്ദർശകരിലും വരുമാനത്തിലും കുറവുണ്ടായി.
വേനലിൽ സൈലൻറ് വാലിയിൽ സാധാരണ സന്ദർശകരുടെ തിരക്ക് ഉണ്ടാകാറുണ്ടെങ്കിലും ഇത്തവണ റോഡു നിർമാണത്തിന് ഡിസംബർ മുതൽ അടച്ചിട്ടിരിക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും തുറന്നു. മധ്യവേനലവധിയിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കൂടുതൽ സന്ദർശകരെത്തുന്നതോടെ ഇവിടങ്ങളെ ആശ്രയിക്കുന്ന കച്ചവടക്കാർ, ശുചിമുറി നടത്തിപ്പുകാർ, കാർ പാർക്കിങ്, ലോഡ്ജുകൾ എന്നിവരും ഏറെ പ്രതീക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.