ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ജനിച്ച കുഞ്ഞിനെ ബലാത്സംഗ കേസിലെ പ്രതിയും കുഞ്ഞിന്‍റെ പിതാവുമായ യുവാവിന് കൈമാറി ഡൽഹി ഹൈകോടതി. പെൺകുട്ടിയുടെ സമ്മതപ്രകാരമാണ് കുഞ്ഞിനെ കൈമാറിയത്. പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടിക്കൊപ്പം കുഞ്ഞിനെ നിർത്താൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കുഞ്ഞിന്‍റെ അമ്മയായ പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ യുവാവിനൊപ്പം ജീവിക്കാൻ അനുമതി നൽകാനാകില്ല. പ്രായപൂർത്തിയാകുന്നതുവരെ അഭയകേന്ദ്രത്തിൽ താമസിക്കാം. 18 വയസ് കഴിഞ്ഞാൽ പെൺകുട്ടി എവിടെയാണോ താമസിക്കാൻ ആഗ്രഹിക്കുന്നത് അവിടെ ജീവിക്കാമെന്നും കോടതി വ്യക്തമാക്കി.
ആഗസ്റ്റ് എട്ടിന് തനിക്ക് ജനിച്ച ആൺകുഞ്ഞിനെ പിതാവിന് കൈമാറണമെന്നും താൻ അഭയകേന്ദ്രത്തിൽ താമസിക്കാമെന്നും പെൺകുട്ടി ജസ്റ്റിസ് മുക്ത ഗുപ്തയെ അറിയിച്ചു. സ്വന്തം വീട്ടുകാർക്കൊപ്പം താമസിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു.
കുഞ്ഞിന് ആവശ്യമായ പരിചരണം നൽകാമെന്ന് യുവാവിന്‍റെ മാതാപിതാക്കൾ കോടതിയിൽ പറഞ്ഞു. യുവാവും പെൺകുട്ടിയും തമ്മിലുണ്ടായിരുന്ന ബന്ധത്തിനെ പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തിരുന്നുവെന്നും കുഞ്ഞിനെ ദത്തുനൽകാൻ പെൺകുട്ടിയുടെ കുടുംബം തീരുമാനിച്ചിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. തുടർന്നാണ് കുഞ്ഞിനെ യുവാവിന്‍റെ സംരക്ഷണയിൽ വിട്ടത്.
പെൺകുട്ടിയുടെ കുടുംബം നൽകിയ ബലാത്സംഗ പരാതിയെ തുടർന്ന് ജയിലിലായ യുവാവിന് സെപ്റ്റംബർ 28ന് ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, ഇവർക്ക് ജനിച്ച കുഞ്ഞിനെ ആർക്ക് കൈമാറുമെന്നതായിരുന്നു കോടതിയുടെ മുന്നിലെ പ്രധാന വിഷയം.
ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ മകൾ മാർച്ച് 21ന് സ്കൂളിേലക്ക് പോയതിന് ശേഷം തിരിച്ചെത്തിയില്ല. പ്രതിയായ യുവാവ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നായിരുന്നു പെൺകുട്ടിയുടെ മാതാവ് പൊലീസിൽ നൽകിയ പരാതി. ഏപ്രിൽ 15ന് പെൺകുട്ടിയെ കണ്ടെത്തി. ആരോഗ്യപരിശോധനയിൽ അഞ്ചുമാസം ഗർഭിണിയായിരുന്നു പെൺകുട്ടി.
എന്നാൽ, സഹോദരന്‍റെ ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് വീടുവിട്ട് ഇറങ്ങുകയായിരുന്നുവെന്നും താൻ ഗർഭിണിയായത് എങ്ങനെയെന്ന് അറിയില്ലെന്നും പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു.
എന്നാൽ, കേസ് ഹൈകോടതിയിൽ എത്തിയപ്പോൾ യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് തങ്ങളുടെ ബന്ധമെന്നും വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും ഇരുവരും കോടതിയെ അറിയിക്കുകയായിരുന്നു. വീട്ടുകാർക്കൊപ്പം താമസിക്കാൻ സമ്മതമില്ലെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.