നിലമ്പൂർ: വനംവകുപ്പിന്‍റെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ നിലമ്പൂരിലെ കനോലി പ്ലോട്ടിലേക്ക് ചാലിയാർ പുഴയിൽ ജങ്കാർ സർവിസ് തുടങ്ങി. ഒമ്പത് മാസത്തിനുശേഷമാണ് ചരിത്രപ്രസിദ്ധമായ കനോലി പ്ലോട്ട് കാണാൻ വിനോദസഞ്ചാരികൾക്ക് സൗകര്യം ഒരുങ്ങിയത്. നിരവധി സഞ്ചാരികളാണ് ഞായറാഴ്ച ജങ്കാറിലൂടെ ചാലിയാർ പുഴ കടന്ന് കനോലിയിലേക്ക് എത്തിയത്.
ചാലിയാറിന് കുറുകെ കനോലി കടവിൽ വനം വകുപ്പ് നിർമിച്ച തൂക്കുപാലം 2019ലെ പ്രളയത്തിൽ പൂർണമായി തകർന്നതോടെ വിനോദസഞ്ചാരികൾക്ക് കനോലി പ്ലോട്ടിലേക്ക് എത്താൻ കഴിയാതെവന്നു. ഇതോടെ വനം വകുപ്പ് രണ്ട് വർഷം മുമ്പ് ജങ്കാർ സർവിസ് തുടങ്ങി.
മഴക്കാലത്തിന് മുന്നോടിയായി 2022 മേയിൽ നിർത്തി വെച്ച ജങ്കാർ സർവിസാണ് പുനരാരംഭിച്ചത്. ജങ്കാർ സർവിസിന് ഉൾപ്പെടെ വിനോദസഞ്ചാരികളിൽനിന്ന് വനം വകുപ്പ് പാസ് ഇനത്തിൽ 80 രൂപയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഇതിൽ 50 രൂപ വനം വകുപ്പിനും 30 രൂപ ജങ്കാർ ഉടമക്കുമാണ്.
വനം വകുപ്പും ജങ്കാർ ഉടമയും തമ്മിൽ അഞ്ചുവർഷത്തെ കരാറാണുള്ളത്. കനോലിയിൽ ചാലിയാറിന് കുറുകെ പുതുതായി നിർമിക്കുന്ന തൂക്കുപാലം മാർച്ചിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.തൂക്കുപാലം പൂർത്തിയായാലും മൂന്ന് വർഷംകൂടി ജങ്കാർ സർവിസ് തുടരും. കഴിഞ്ഞവർഷം ജങ്കാർ സർവിസ് ഉണ്ടായിരുന്ന സമയത്ത് പ്രതിമാസം 10 ലക്ഷം രൂപ വരെയായിരുന്നു വരുമാനമെങ്കിൽ ജങ്കാർ സർവിസ് നിലച്ചതോടെ മൂന്നര ലക്ഷത്തിന് താഴെയായി കുറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.