വാഷിങ്ടൺ: ന്യൂ ഷെപ്പേഡ് പേടകത്തിലേറി ലോകത്തെ ഏറ്റവും സമ്പന്നനായ ജെഫ് ബെസോസും സംഘവും ഇന്ന് ബഹിരാകാശ യാത്ര നടത്തും. സഹോദരൻ മാർക് ബിസോസിനു പുറമെ ഏറ്റവും പ്രായമുള്ള ബഹിരാകാശ യാത്രിക 82 കാരിയായ വാലി ഫങ്ക്, കൗമാരപ്രായം വിടാത്ത 18 കാരനായ വിദ്യാർഥി ഒളിവർ ഡെമാൻ എന്നിവരുമായാണ് യാത്ര. ബെസോസിന്‍റെ കമ്പനിയായ ബ്ലൂ ഒറിജിൻ നിർമിച്ച ന്യൂ ഷെപ്പേർഡ് യാത്രക്കാരുമായി നടത്തുന്ന ആദ്യ യാത്രയാണിത്. യാത്ര ഭയമല്ല, ആവേശമാണ് ഉണർത്തുന്നതെന്ന് ബിസോസ് പറഞ്ഞു.
''ഞാൻ ആവേശഭരിതനാണ്. ആളുകൾ പേടിയുണ്ടോയെന്ന് ചോദിക്കുന്നു. യഥാർഥത്തിൽ എനിക്ക് ആശങ്കയില്ല. ജിജ്ഞാസയാണ്. നാം എന്ത് അഭ്യസിക്കുന്നുവെന്നറിയാനുള്ള ആകാംക്ഷ''- അഭിമുഖത്തിൽ അദ്ദേഹത്തിന്‍റെ വാക്കുകൾ.
യാത്ര പുറപ്പെടുന്നവർ പരിശീലനത്തിലായിരുന്നുവെന്നും വാഹനം സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.
18 മീറ്റർ ഉയരമുള്ള റോക്കറ്റിന്‍റെ സഹായത്തോടെ 76 കിലോമീറ്റർ ഉയരത്തിലേക്ക് പറക്കുന്ന ന്യൂ ഷെപ്പേഡ് പിന്നീട് സ്വതന്ത്രമായി ഒറ്റക്കാകും യാത്ര. 106 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷം തിരിച്ചുപറക്കും. നാലുമിനിറ്റ് നേരം ഭാരമറിയാതെ സീറ്റ്ബെൽറ്റഴിച്ച് ഭൂമിയെയും അന്തരീക്ഷത്തെയും നിരീക്ഷിക്കും. പാരച്ച്യൂട്ടിന്‍റെ സഹായത്തോടെയാകും നിലത്തിറങ്ങൽ.
ശതകോടീശ്വരന്മാരുടെ ബഹിരാകാശ പോരിൽ ഏറ്റവും പുതിയതാണ് ബെസോസിന്‍റെ യാത്ര. ഒരാഴ്ച മുമ്പാണ് വിർജിൻ ഗാലക്റ്റിക് പേടകത്തിൽ റിച്ചാർഡ് ബ്രാൻസൺ യാത്ര ചെയ്ത് മടങ്ങിയത്. ഇതോടെ, കോടികൾ വരുമാനമുള്ള ബഹിരാകാശ വിനോദ സഞ്ചാര രംഗത്ത് മത്സരം കനക്കുമെന്നുറപ്പായി. ബ്രാൻസന്‍റെ പേടകം 90 കിലോമീറ്റർ ഉയരമാണ് താണ്ടിയതെങ്കിൽ ഇത്തവണ കൂടുതൽ ഉയരത്തിൽ നൂറിലേറെ കിലോമീറ്ററിൽ ഇത് എത്തും. അപ്പോളോ പേടകം ചന്ദ്രനിലെത്തിയതിന്‍റെ 20ാം വാർഷികദിനമായ ഇന്ന് പ്രാദേശിക സമയം രാവിലെ 7.30നാകും യാത്ര പുറപ്പെടൽ.
രണ്ടര ലക്ഷം ഡോളറാണ് (1.87 കോടി രൂപ) ബ്രാൻസന്‍റെ പേടകത്തിൽ ബഹിരാകാശ യാത്രക്ക് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ, ബിസോസിന്‍റെ വാഹനത്തിലെ നിരക്ക് പുറത്തുവിട്ടിട്ടില്ല. 20,000 കോടി ഡോളർ ആസ്തിയുള്ള ബെസോസ് ലോകത്തെ ഏറ്റവും സമ്പന്നനാണ്. അടുത്തിടെ ആമസോൺ ചീഫ് എക്സിക്യൂട്ടീവ് പദവിയൊഴിഞ്ഞ 57കാരൻ മറ്റു മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് സൂചന. ബഹിരാകാശ യാത്ര അതിന്‍റെ ഭാഗമാകുമെന്ന സൂചനയുമുണ്ട്. ബിസോസിനൊപ്പം കന്നിയാത്രക്ക് 2.8 കോടി ഡോളർ നൽകിയ അജ്ഞാതൻ അവസാനം പിൻവാങ്ങിയിരുന്നു.
നേരത്തെ 15 തവണ ബഹിരാകാശ യാത്ര നടത്തിയ വാഹനമാണ് ന്യൂ ഷെപ്പേഡ്. ഓരോ തവണയും സുരക്ഷിതമായി ഇറങ്ങുകയും ചെയ്തതാണ്. ആദ്യ തവണ ബൂസ്റ്റർ പേടകം തകർന്നത് മാത്രമാണ് ഏക അപകടം.
അതേ സമയം, ബഹിരാകാശവും കച്ചവടവത്കരിക്കാനുള്ള ബ്രാൻസന്‍റെയും ബിസോസിന്‍റെയും തിരക്കിട്ട യുദ്ധത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാണ്. ഇത് വ്യവസായമാക്കുന്നതിന് പകരം കാലാവസ്ഥ വ്യതിയാനം പോലുള്ള അടിയന്തര വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.