സീതത്തോട്: കെ.എസ്.ആർ.ടി.സിയുടെ ഗവി ഉല്ലാസയാത്ര ബസ് വീണ്ടും വഴിയിൽ കുടുങ്ങി. തിങ്കളാഴ്ച രാവിലെ മൂഴിയാർ ഡാമിന് സമീപമാണ് ബസ് തകരാറിലായത്. കൊട്ടാരക്കര ഡിപ്പോയിൽനിന്നും 36 യാത്രക്കാരുമായി എത്തിയ ബസാണ് തകരാറിലായത്.
കാട്ടിലകപ്പെട്ട സഞ്ചാരികൾ പകരം ബസ് എത്തുന്നതുവരെ കാത്തുനിൽക്കേണ്ടിവന്നു. പത്തനംതിട്ടയിൽനിന്നും ഉച്ചയോടെ മറ്റൊരു ബസ് എത്തിയാണ് സഞ്ചാരികളെ കൊണ്ടുപോയത്. ബസിെൻറ എൻജിൻ തകരാറിലായതാണ് വഴിയിൽ കിടക്കാൻ കാരണമായതെന്ന് പറയുന്നു.
കെ.എസ്.ആർ.ടി.സി ഗവി ഉല്ലാസ യാത്ര ആരംഭിച്ചതിനുശേഷം സംസ്ഥാനത്തെ വിവിധ ഡിപ്പോകളിൽനിന്ന് ദിവസവും ലാഭകരമായി സർവിസ് ഓപറേറ്റ് ചെയ്യുന്നുണ്ട്. വൻ ലാഭമാണ് കോർപറേഷന് ഗവി യാത്രയിലൂടെ ലഭിക്കുന്നത്. എന്നാൽ, യാത്രയ്ക്കിടെ ബസുകൾ വഴിയിൽ കുടുങ്ങുന്നത് ആശങ്കക്ക് കാരണമായിട്ടുണ്ട്.
കാനനമധ്യത്തിലൂടെയുള്ള യാത്ര പാതിവഴിയിൽ തടസ്സപ്പെടുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടാകും. വെള്ളമോ ഭക്ഷണമോ ഇല്ലാതെ മണിക്കൂറുകൾ കാത്തുനിന്നെങ്കിലേ പകരം സംവിധാനം ലഭിക്കുകയുള്ളൂവെന്നതാണ് സ്ഥിതി. കട്ട് ചെയ്സ് ബസുകളാണ് ഗവി യാത്രക്ക് ഉപയോഗിക്കുന്നത്. നല്ല കണ്ടീഷനിൽ ഉള്ള ഇത്തരം ബസുകൾ കുറവാണ്.
എന്നാൽ, ബസുകൾ തകരാറുകൾ പരിഹരിച്ച് യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കി തന്നെയാണ് അയയ്ക്കുന്നതെന്നും ഒറ്റപ്പെട്ട സംഭവങ്ങളാണ് തകരാറുകളെന്നും കെ.എസ്.ആർ.ടി.സി അധികൃതർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.