കിളിമഞ്ചോരോ പർവതത്തിലേക്കുള്ള യാത്രക്കിടെ അഭിലാഷ്​ മാത്യു

വിലങ്ങാട് മല കയറി​ കിളിമഞ്ചാരോ വഴി എവറസ്​റ്റ്

േലാകത്തെ ഒറ്റക്ക്​ നിൽക്കുന്നപർവതങ്ങളിൽ ഏറ്റവും ഉയരമുള്ള താൻസനിയയിലെ കിളിമഞ്ചാരോയുടെ നെറുകയിൽ മുത്തമിട്ടിട്ടും മതിയാവാതെയാണ് അഭിലാഷ്​ മാത്യു എവറസ്​റ്റ്​ കൊടുമുടിയിലേക്ക്​ കൊതിയോടെ നോക്കുന്നത്​

കുട്ടിക്കാലത്ത്​ പല മലകൾ കയറിയും ഇറങ്ങിയുമാണ് സ്​കൂളിൽ പോയിരുന്നത്​. രാവിലെ സ്​കൂളിലേക്കും വൈകീട്ട്​ വീട്ടിലേക്കും. കഠിനമായിരുന്നു കുഞ്ഞിക്കാലുകൾക്ക്​ ആ ദിനചര്യ​. കോഴിക്കോ​ട്ടെ വിലങ്ങാട്​ എന്ന മലയോര ഗ്രാമത്തിലെ തറവാട്ടിലായിരുന്നു അന്ന്​ താമസം. ചെറിയ ക്ലാസിൽ തുടങ്ങി മുതിർന്ന ക്ലാസിലെത്തിയപ്പോഴേക്കും ഏത്​ മലയും കയറാമെന്ന്​​​ കാലുകൾക്ക്​ ബലം വെച്ചു. എളുപ്പത്തിൽ മല കയറുകയും ഇറങ്ങുകയും ചെയ്യാനായപ്പോഴേക്കും മനസ്സിലൊരു സ്വപ്​നം മുളപൊട്ടി കൊടുമുടിയോളം വളർന്നു. അതാണ്​ കിളിമഞ്ചാരോയുടെ നെറുകയിലെത്തിയത്. എന്നിട്ടും മതിയാവാതെയാണ് എവറസ്​റ്റ്​ കൊടുമുടിയിലേക്ക്​ കൊതിയോടെ നോക്കുന്നത്​.

​േലാകത്തെ ഒറ്റക്ക്​ നിൽക്കുന്ന പർവതങ്ങളിൽ ഏറ്റവും ഉയരമുള്ള താൻസനിയയിലെ കിളിമഞ്ചാരോയുടെ നെറുകയിൽ മുത്തമിട്ടിട്ടും ആഗ്രഹം പൂർത്തിയായിട്ടില്ലെന്ന്​ പറയുകയായിരുന്നു അഭിലാഷ്​ മാത്യു. ആറുദിവസംകൊണ്ട്​ 5895 മീറ്റർ ഉയരം കയറി പർവതാഗ്രമായ ഉഹ്​റുവിലെത്തി കൊടി വീശി ആഫ്രിക്കൻ വൻകരയിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കിയ നിമിഷം ഈ പ്രവാസിയുടെ മനസ്സിലുറച്ചു അടുത്ത ലക്ഷ്യം, എവറസ്​റ്റ്​ കീഴടക്കണം.

കണ്ണൂർ ഇരിട്ടി സ്വദേശിയായ അഭിലാഷ്​ കഴിഞ്ഞ 12 വർഷമായി റിയാദിൽ പ്രവാസിയാണ്. ആഗ്രഹിച്ചാൽ അങ്ങേയറ്റമെന്നതാണ്​ ഈ 39 കാര​ന്റെ പ്രകൃതം​. കൊടുമുടികളോടായിരുന്നു എന്നും പ്രണയം. തുടക്കം കിളിമഞ്ചാരോയിൽ നിന്നുതന്നെ വേണം എന്ന്​ ആദ്യമേ തീരുമാനിച്ചുറപ്പിച്ചിരുന്നു. ഒറ്റയാനെ കീഴടക്കലാണ്​ ഏറ്റവും പ്രയാസം​. കഠിന പരിശ്രമത്തിലൂടെ പർവതാരോഹണം ശരിക്ക്​ പരിശീലിച്ച്​ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഏഴ്​ കൊടുമുടികളും കീഴടക്കുകയാണ് ജീവിത ലക്ഷ്യം.

കിളിമഞ്ചാരോ കയറാൻ ശരീരത്തെ പരുവപ്പെടുത്താനുള്ള ഒരുക്കം തുടങ്ങിയത്​ ഒന്നര വർഷം മുമ്പാണ്​​. 2022 ജൂലൈയിൽ ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലുള്ള ‘പൂക്കളുടെ താഴ്‌വര’യിലൂടെയും (വാലി ഓഫ് ഫ്ലവേഴ്​സ്) ഇന്ത്യയുടെ അവസാന ഗ്രാമം എന്നറിയപ്പെടുന്ന മന വില്ലേജും അവിടെയുള്ള വസുധര വെള്ളച്ചാട്ടവും വരെ ഒരു ട്രക്കിങ്​. ശേഷം 2023 ഫെബ്രുവരിയിൽ ഉത്തരാഖണ്ഡിലെ തന്നെ കേദാർകന്ത എന്ന് പേരുള്ള 3000 മീറ്റർ ഉയരമുള്ള കൊടുമുടി വിജയകരമായി കയറിയിറങ്ങി. രാത്രിയിലായിരുന്നു മലകയറ്റം. അതോടെ, കിളിമഞ്ചാരോ കയറാനുള്ള മനസ്സുറപ്പും കാലുറപ്പുമായി.

കിളിമഞ്ചാരോയിലേക്ക്​

ജൂലൈ 14നാണ്​ റിയാദിൽനിന്ന്​ കിളിമഞ്ചാ​േരാ ലക്ഷ്യമാക്കി പുറപ്പെട്ടത്​. റിയാദിൽനിന്ന് ഇത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബബ വരെയും അവിടന്ന് കിളിമഞ്ചാരോ വരെയും രണ്ടു വിമാനങ്ങൾ മാറിക്കയറിയായിരുന്നു യാത്ര. കിളിമഞ്ചാരോ പർവതം നിൽക്കുന്ന താൻസനിയയിലെ മോഷി എന്ന ചെറുപട്ടണത്തിന്​ ഏതാണ്ട്​ സമീപത്ത്​ ഒരു അന്താരാഷ്​ട്ര വിമാനത്താവളമുണ്ട്​. കിളിമഞ്ചാരോ എന്നുതന്നെയാണ്​ അതി​ന്റെയും പേര്​. വളരെ ചെറിയൊരു എയർപോർട്ട്. മലകളാൽ ചുറ്റപ്പെട്ട്​ വലിയ ആഡംബരങ്ങ​െളാന്നുമില്ലാതെ പ്രകൃതിരമണീയതയിൽ തിളങ്ങിനിൽക്കുന്ന ഒരു കുഞ്ഞൻ എയർപോർട്ട്.

മുകളിലെത്തി ഇന്ത്യൻ ദേശീയ പതാക വീശുന്ന അഭിലാഷ്​ മാത്യു

അവിടെനിന്ന്​ മോഷി പട്ടണത്തിലേക്ക്​ അരമണിക്കൂർ കൊണ്ടെത്തി. പർവതാരോഹണത്തിന്​ സഹായിക്കുന്ന ഗൈഡ്​ ഒപ്പമുണ്ടായിരുന്നു. മലകയറ്റം തുടങ്ങിയാൽ ആ ഗൈഡും സഹായിയും പാചകക്കാരും പോർട്ടർമാരും ഉൾപ്പെടെ മൊത്തം ഏഴു പേരുടെ സഹായമാണ്​ ലഭിക്കുക. അഞ്ചു ക്ലൈമറ്റ് സോണിൽക്കൂടിയാണ് ട്രക്കിങ് നടത്തേണ്ടത്​. ഒന്നാം ദിവസം വാസസ്ഥലങ്ങളിലൂടെ... പിന്നീട് മഴക്കാടുകൾക്കുള്ളിലൂടെ... ശേഷം മൂർലാൻഡ്, ആൽപൈൻ ഡെസേർട്ട് എന്നിങ്ങനെ വിളിക്കപ്പെടുന്ന ഭൂപ്രകൃതിയിലൂടെ. അവസാനം ആർട്ടിക് ഐസ് എന്ന് വിളിക്കുന്ന കിളിമഞ്ചാരോയുടെ ഏറ്റവും ഉയർന്ന പ്രദേശത്തൂടെ. അവസാനം എത്തിച്ചേരുന്നത്​ പർവതശിഖരമായ ഉഹ്​റു കൊടുമുടിയിൽ. അവിടെയെത്താൻ കിളിമഞ്ചാരോയുടെ മാറിലൂടെ​ ഏഴു വഴികളാണുള്ളത്​. അതിലൊന്ന്​ തിരഞ്ഞെടുക്കലാണ്​ ആദ്യത്തെ കടമ്പ. മച്ചാമേ ക്യാമ്പ്​ വഴിയുള്ള വഴിയാണ്​ തിരഞ്ഞെടുത്തത്​. ഏഴു ദിവസം ​െകാണ്ടാണ്​ മലകയറ്റം പൂർത്തിയാവുക. ആറാം ദിവസം രാവിലെയാണ് പർവതത്തിന്റെ മുകളിലെത്തുക. ഓരോ ദിവസവും മലമടക്കുകളിലെ ക്യാമ്പുകളിൽ രാത്രി തങ്ങി ഉറക്കവും വിശ്രമവും നടത്തിയാണ്​​ യാത്ര തുടരേണ്ടത്​. ഒപ്പമുള്ള പാചകക്കാർ അൽപം നേരത്തേ ക്യാമ്പുകളിലെത്തി ഭക്ഷണം തയാറാക്കും.

മലകയറ്റം

ഒന്നാം ദിവസം അതിരാവിലെ തന്നെ മച്ചാമേ ഗേറ്റിൽനിന്നും മലകയറ്റം തുടങ്ങി. തറനിരപ്പിൽനിന്ന്​ 3010 മീറ്റർ ഉയരെയുള്ള മ​ച്ചാമേ ബേസ്​ ക്യാമ്പിലെത്തി. രണ്ടാം ദിവസം 3845 മീറ്റർ ഉയരത്തിലുള്ള ഷീരാ കേവ്​ ക്യാമ്പിലേക്ക്​. ഈ ഭാഗത്തെ മലകയറ്റം അതികഠിനമാണ്​. കാരണം, കുത്തനെയുള്ള പാറയിലൂടെയാണ്​ കയറേണ്ടത്.​ നാലഞ്ച്​ മണിക്കൂറെടുക്കുന്ന കയറ്റം. അത്​ താണ്ടിയപ്പോൾ ഉച്ചക്ക്​ ഒരുമണിയായി. രണ്ടു മണിക്കൂർ വിശ്രമിച്ചശേഷം തറനിരപ്പിൽനിന്ന്​ 4000 മീറ്റർ ഉയരമുള്ള ഒരു കൊടുമുടി അക്ലമൈസേഷന്റെ ഭാഗമായി കീഴടക്കി. അന്നവിടെ തങ്ങി. മൂന്നാം ദിവസം 4640 മീറ്റർ ഉയരെ ലാവാ ടവറിൽ ഉച്ചയോടെ എത്തി. ഉച്ചഭക്ഷണത്തിനുശേഷം സാധാരണ പർവതാരോഹണത്തിൽ നിർബന്ധമായ അക്ലമൈസേഷൻ നടത്തി. ‘ഹൈക്ക്​ ഹൈ, സ്ലീപ് ലോ’ അതായത്​ ഉയരത്തിലേക്ക്​ കയറുക, എന്നിട്ട്​ താഴേക്ക്​ ഇറങ്ങി ഉറങ്ങുക എന്ന ശാസ്​ത്രീയ ആരോഗ്യ നിബന്ധന. അവിടെനിന്ന്​ 680 മീറ്റർ താ​ഴേക്ക്​ ഇറങ്ങി തറനിരപ്പിൽനിന്ന്​ 3960 മീറ്റർ ഉയരത്തിലുള്ള ബാറാ​ങ്കോ ക്യാമ്പിലെത്തി. അന്നവിടെ തങ്ങി.

കിളിമഞ്ചാരോയിലെ ഉഹുറു കൊടുമുടി

നാലാംദിവസം അവിടെനിന്ന്​ 4600 മീറ്റർ ഉയരത്തിലുള്ള ബരാഫു ക്യാമ്പിലെത്തി. ഈ ബേസ്​ ക്യാമ്പ്​ വരെയുള്ള മലകയറ്റം വലിയ ആയാസമുള്ളതാണ്​. എട്ടു മണിക്കൂറോളമുള്ള ഈ ദൂരത്തിനിടയിൽ കറാംഗോ എന്നൊരു ക്യാമ്പുണ്ട്​. സാധാരണഗതിയിൽ ഇവിടെ ഒരു ദിവസം തങ്ങും. എന്നാൽ, വലിയ തളർച്ചയൊന്നും തോന്നാഞ്ഞതുകൊണ്ടാണ്​ കയറ്റം തുടർന്നത്​. ഇതിനിടയിൽ 4800 മീറ്റർ ഉയരത്തിൽ ഭിത്തിപോലെ നിൽക്കുന്ന ഒരു മലയുണ്ട്​. ബാറാങ്കോ വാൾ എന്നാണ്​ പേര്​. കുത്തനെ ഉയർന്നുനിൽക്കുന്ന അത്​ കയറിയിറങ്ങിയാലേ ബാരഫു ക്യാമ്പിലെത്താനാവൂ. ഈ കൊടുമുടിയുടെ മുകളിൽ ഓരോ കാലടിവെക്കാൻ മാത്രം വീതിയുള്ള വഴിയാണുള്ളത്​. അതിലൂടെ നടന്നുവേണം കയറിയിറങ്ങാൻ. എന്തായാലും ആ കടമ്പ കടന്നു. ബരാഫുവിലെത്തി അന്ന്​ രാത്രി തങ്ങി. ഈ എട്ടു മണിക്കൂർ ദൂരം അതിസാഹസപ്പെട്ടും ​വിശ്രമമില്ലാതെയും താണ്ടിക്കടന്നതുകൊണ്ട് ഉണ്ടായ മെച്ചം ഒരുദിവസം കുറഞ്ഞുകിട്ടിയെന്നതാണ്​.

ഒരുദിനം മു​േമ്പ

അഞ്ചാം ദിവസം രാവിലെ ഉഹ്​റു കൊടുമുടി കീഴടക്കാനായി. സാധാരണ ഷെഡ്യൂളിൽ അത്​ ആറാം ദിവസമാണ്​ സാധ്യമാകുക. അഞ്ചാംദിവസം പുലർച്ചെ മൂന്നിന്​ കയറ്റം തുടങ്ങി. ആ കയറ്റത്തിനിടയിൽ ജീവിതത്തിൽ അതുവരെ കാണാത്തൊരു സൗന്ദര്യ കാഴ്ച കണ്ടു. അതി മനോഹരമായ സൂര്യോദയം. 5500 മീറ്റർ ഉയരത്തിൽനിന്ന്​ കണ്ട സൂര്യോദയത്തി​ന്റെ അതുപോലൊരു മ​േനാഹാരിത വിവരണാതീതമാണെന്ന്​​ അഭിലാഷ്​ മാത്യു പറയുന്നു.

രാവിലെ 10 മണിയോടെ ഉഹ്​റു കൊടുമുടിയിലെത്തി. ലോകം കീഴടക്കിയ പോലൊരു അനുഭവമായിരുന്നു അത്​. പർവത ചില്ലയിൽ കയറിനിന്ന്​ ഇന്ത്യയുടെയും സൗദി അറേബ്യയുടെയും ദേശീയ പതാകകൾ വീശി. കൂടെ മമ്മൂട്ടി ഫാൻസ്​ അസോസിയേഷ​ന്റെ കൊടിയും. അസോസിയേഷ​ന്റെ സജീവ പ്രവർത്തകനും സൗദി ഘടകത്തി​ന്റെ ഭാരവാഹിയുമാണ്​ അഭിലാഷ്​. ഉഹ്റു കൊടുമുടിയിൽ 15 മിനിറ്റ്​ മാത്രമേ ചെലവഴിക്കാനായുള്ളൂ. അന്തരീക്ഷത്തിൽ 45 ശതമാനം ഓക്​സിജൻ മാത്രമാണുള്ളത്​. തലവേദന, ശ്വാസം മുട്ടൽ, ചുമ പോലുള്ള ആരോഗ്യപ്രശ്​നങ്ങളുണ്ടായി. പിന്നെ തിരിച്ചിറക്കം തുടങ്ങി. അതിനുമുമ്പ്​ ഉഹ്റു​ കൊടുമുടി കീഴടക്കിയയാളെന്ന നിലയിലുള്ള ഡിപ്ലോമ സർട്ടിഫിക്കറ്റ്​ കിട്ടി. കമ്പനി ഗൈഡാണ്​ അത്​ സമ്മാനിച്ചത്. താൻസനിയ ഗവൺമെന്റ് നൽകുന്ന ആ ‘മൗണ്ടൻ ക്ലൈമ്പിങ്​ സർട്ടിഫിക്കറ്റ്​’ പർവതാരോഹണ ദൗത്യവഴിയിലെ വലിയൊരു മുതൽക്കൂട്ടാണ്​.


പ്രചോദനം നീരജ്​

പർവതാരോഹണത്തിൽ പ്രചോദനം​ ആലുവക്കാരൻ നീരജ് ജോർജ് ആണ്. ട്യൂമർ ബാധിച്ച്​ ചെറുപ്പത്തിൽതന്നെ ഒരു കാൽമുട്ടിന്​ താഴെ മുറിച്ചുമാറ്റിയ നീരജ് ജോർജ് ക്രച്ചസ് ഉപയോഗിച്ചാണ്​ കിളിമഞ്ചാരോ കീഴടക്കിയത്​. അങ്ങനെയൊരാൾക്ക്​ മുന്നിൽ തോറ്റുപോയ കൊടുമുടിയെ കീഴടക്കാൻ തന്നെക്കൊണ്ടും സാധിക്കും എന്ന ആത്മവിശ്വാസമാണ്​ ശരിക്കും ബലം തന്നത്​. പാരാ ബാൻഡ്‌മിന്റണിൽ നാഷനൽ, ഇന്റർനാഷനൽ ലെവൽ ജേതാവുകൂടിയാണ്​ നീരജ്​ ജോർജ്​. ഓരോ മലകയറ്റത്തിലും മനസ്സിലുണ്ടാവും ധൈര്യം പകർന്ന്​ നീരജി​ന്റെ മുഖം.

ഇനി ലക്ഷ്യം എവറസ്​റ്റ്​

അടുത്ത ലക്ഷ്യം എവറസ്​റ്റ്​ കൊടുമുടി. 2024 ഏപ്രിലിൽ എവറസ്​റ്റ്​ ബേസ് ക്യാമ്പ് കയറുമെന്ന് അഭിലാഷ്. അതിനുള്ള മുന്നൊരുക്കം തുടങ്ങിക്കഴിഞ്ഞു. 6119 മീറ്റർ ഉയരമുള്ള ല​േമ്പാച്ചെ കൊടുമുടി എവറസ്റ്റ് ബേസ് ക്യാമ്പിനൊപ്പം കീഴടക്കണം എന്ന ആഗ്രഹംകൂടിയുണ്ട്. 2024ൽ തന്നെ ‘അമ്മയും കുഞ്ഞും’ എന്നർഥം വരുന്ന 6812 മീറ്റർ ഉയരമുള്ള ‘അമ ധബലം’ കൊടുമുടിയും കയറണം. അതിനുശേഷമാണ്​ 2027ൽ ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്​റ്റ്​ കീഴടക്കേണ്ടത്​. അതിനുള്ള തയാറെടുപ്പുകളുടെ ഭാഗമാണ്​ ഈ പറഞ്ഞ മലകയറ്റങ്ങളെല്ലാംതന്നെ. ഇതെല്ലാം നേപ്പാളിലാണ്​. അതായത്​ അടുത്ത പർവതാരോഹണ ദൗത്യങ്ങളെല്ലാം നേപ്പാളിലായിരിക്കുമെന്നർഥം.

എവറസ്​റ്റിലും തീരുന്നില്ല ആഗ്രഹം. ലോകത്തെ ഏഴ്​ കൊടുമുടികളിൽ കിളിമഞ്ചാരോയും എവറസ്​റ്റും കൂടാതെ അർജന്റീനയിലെ അ​െകാൻകാഗ്വ, വടക്കേ അമേരിക്കയിലെ ഡെനാലി, യൂറോപ്പിലെ എൽബ്രൂസ്, അന്റാർട്ടിക്കയിലെ മൗണ്ട്​ വിൻസൺ, ആസ്​ട്രേലിയയിലെ കോസിയൂസ്​കോ എന്നിവ കൂടിയുണ്ട് ലിസ്റ്റിൽ​.

റിയാദിലെ ടി.സി.സി ഐ.ടി കമ്പനിയിൽ സിസ്​റ്റം എൻജിനീയറാണ്​ അഭിലാഷ്​. ജീവിതപങ്കാളി ശിശിര റിയാദിലെ അമീർ സുൽത്താൻ മിലിട്ടറി ആശുപത്രിയിൽ സ്​റ്റാഫ്​ നഴ്​സ്​. മക്കളായ സിയ, മേവൻ എന്നിവർ റിയാദിൽ സ്​കൂൾ വിദ്യാർഥികൾ.

Tags:    
News Summary - Mount Vilangad -Everest - Kilimanjaro- travel of abhilash mathew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.