മൂന്നാർ: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിന്റെ പെരുമ പ്രധാനമായും അതിന്റെ ചരിത്രവും ഭൂമിശാസ്ത്രവും കാലാവസ്ഥയുമാണ്. കൊടുംവനമായിരുന്ന ഈ പ്രദേശത്തിന്റെ മൂല്യം തിരിച്ചറിഞ്ഞത് 136 വർഷം മുമ്പ് ബ്രിട്ടീഷ് പ്ലാന്റർമാരാണ്. തേയിലത്തോട്ടങ്ങൾ സ്ഥാപിക്കാനെത്തിയ അവർ കാടുകൾ വെട്ടിത്തെളിച്ച് പൊന്ന് വിളയിച്ചു. സംസ്ഥാനത്ത് അന്ന് അപൂർവമായിരുന്ന തീവണ്ടി, ജലവൈദ്യുതി, വാർത്താവിനിമയ സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം തന്നെ മൂന്നാറിലുമെത്തി.
പ്ലാന്റേഷൻ പട്ടണമായി അറിയപ്പെട്ടിരുന്ന മൂന്നാർ ഒരു വിനോദസഞ്ചാര കേന്ദ്രമായി രൂപപ്പെട്ടത് 1980-90 കളിലാണ്. തേയില കൃഷി വളർച്ച പ്രാപിച്ചതോടെ തേയില ചുമക്കുന്നതിന് മനുഷ്യനും കന്നുകാലികളും മതിയാകാതെ വന്നു. അത് പരിഹരിക്കാനാണ് സായിപ്പന്മാർ സംസ്ഥാനത്തെ ആദ്യ റെയിൽപാത മൂന്നാറിൽ സ്ഥാപിച്ചത്. മൂന്നാറിൽനിന്ന് മാട്ടുെപ്പട്ടി, കുണ്ടള വഴി തമിഴ്നാട്ടിലെ തേനി ജില്ലയുടെ അതിർത്തിവരെയായിരുന്നു പാത.
തേയിലച്ചാക്കുകൾ നിറച്ച കൽക്കരിവണ്ടി 1902ലാണ് മൂന്നാറിൽ സർവിസ് ആരംഭിച്ചത്. രാജ്യത്തെ ആദ്യ റെയിൽപാതകളിലൊന്നായിരുന്നു മൂന്നാറിലെ കുണ്ടളവാലി റെയിൽവേ. പശ്ചിമഘട്ട മലനിരകളിൽ 12 വർഷത്തിലൊരിക്കൽ വർണം വിതറുന്ന നീലക്കുറിഞ്ഞിയും നീലഗിരി താർ എന്നറിയപ്പെടുന്ന വരയാടുകളുടെ സാന്നിധ്യവും നൂൽമഴയും കോടമഞ്ഞും പൂജ്യത്തിലും താഴെയെത്തുന്ന താപനിലയുമെല്ലാം മൂന്നാറിന്റെ മഹിമ വർധിപ്പിച്ചു.
ജൂണിൽ ആരംഭിച്ച് ഒക്ടോബറിൽ അവസാനിക്കുന്ന പെരുമഴക്കാലം, ഒക്ടോബർ മുതൽ ഫെബ്രുവരി വരെ നീളുന്ന ശൈത്യകാലം, വേനലിലും കുളിരുതേടി സഞ്ചാരികൾ ഒഴുകിയെത്തുന്ന ഏപ്രിൽ, മേയ് എന്നിങ്ങനെയാണ് മൂന്നാറിന്റെ കാലാവസ്ഥ സീസൺ. താപനില മൈനസ് ആറ് വരെയെത്തുന്ന കുളിരുള്ള കാലാവസ്ഥയും തേയിലക്കാടുകളുടെ വശ്യതയും സഞ്ചാരികൾക്ക് സ്വർഗംപോലൊരു ലോകമാണ് മൂന്നാർ സമ്മാനിക്കുന്നത്.
മൊട്ടക്കുന്നുകളിൽ പച്ച മേലാപ്പ് വിരിച്ച് 56,000 ഏക്കറിൽ പരന്നുകിടക്കുന്ന തേയിലത്തോട്ടങ്ങൾ മൂന്നാറിന്റെ മറ്റൊരു പെരുമയാണ്. സ്ഥലം കേരളത്തിലാണെങ്കിലും 90 ശതമാനം ജനങ്ങളും തമിഴ് സംസാരിക്കുന്നതും സംസ്ഥാനത്ത് മൂന്നാറിന്റെ മാത്രം പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.