പത്തും പതിനഞ്ചും വർഷം മുതൽ മൂന്നും നാലും പതിറ്റാണ്ടു കാലം വരെ പ്രവാസിയായ ജോലിചെയ്ത് പിന്നെ, ശിഷ്ടകാലം നാട്ടിലേക്കു മടങ്ങുന്നവരാണ് പ്രവാസികൾ ഏറെയും. ഇതിനിടയിൽ, നമ്മൾ ഏറെക്കാലം ജീവിക്കുന്ന നാട് ചുറ്റിക്കറങ്ങി, എല്ലാം കണ്ടവർ എത്രയുണ്ടാവും... പുതിയ കാലത്ത് വാഹനസൗകര്യങ്ങളും ഗൂഗ്ൾ മാപ്പും, ഒഴിവുസമയം ക്രിയാത്മകമാക്കണമെന്ന് ഇഷ്ടപ്പെടുന്നവരുമെല്ലാം ഉള്ളപ്പോൾ നാട് ചുറ്റിക്കറങ്ങുന്നവർ നിരവധിയാണ്. എങ്കിലും, നമ്മളിൽ വലിയൊരു ശതമാനവും അവധിനാളുകളിൽ റൂമിൽ ചടഞ്ഞിരുന്നോ, ഫോണിൽ സമയം ചെലവഴിച്ചോ കഴിഞ്ഞു കൂടുകയാണ് പതിവ്.
എന്നാൽ, അതിനു പകരം അവധിദിനത്തെ യാത്രചെയ്ത് സമ്പന്നമാക്കിയ ഖത്തറിലെ ഒരു കൂട്ടം പ്രവാസികളുടെ കഥയാണിത്. ഖത്തറിന്റെ പൈതൃകവും ചരിത്രവും തൊട്ടറിഞ്ഞുകൊണ്ട് ഒരു ദിവസം പകൽ നീണ്ടുനിന്ന യാത്ര. മലപ്പുറം ജില്ലയിലെ കിഴുപറമ്പ് പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടായ്മയായ ‘കെപ്വ’യുടെ കീഴിൽ കുട്ടികളും മുതിർന്നവരും അടങ്ങിയ സംഘമായിരുന്നു ഒരു ദിവസത്തെ മുഴുനീള യാത്ര നടത്തിയത്.
ഖത്തറിന്റെ തലസ്ഥാനനഗരമായ ദോഹയിൽ തുടങ്ങി രാജ്യത്തെ പൂർണമായും വലയംവെച്ച് ദോഹയിൽതന്നെ തിരിച്ചെത്തുന്നതായിരുന്നു പ്ലാൻ. സാധാരണ നാട്ടുകൂട്ടായ്മകൾ പാട്ടും കളിയുമായി ഒത്തുചേർന്ന് പ്രസംഗങ്ങൾ കേട്ട് പിരിയുകയാണ് പതിവെങ്കിൽ മുഴുനീള യാത്രയിലൂടെ സൗഹൃദം കൂടുതൽ ദൃഢപ്പെടുത്താനുള്ള തീരുമാനം മാതൃകാപരമായി. അങ്ങനെ ആഴ്ചകൾ നീണ്ടു നിന്ന ഒരുക്കങ്ങൾക്കൊടുവിൽ ഒക്ടോബർ 20ന് ദോഹയിലെ ഓൾഡ് ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ ഒത്തുചേർന്ന് നേരത്തേ ബുക്ക് ചെയ്ത ബസിൽ പാട്ടും ആഘോഷവുമായി ‘ഡിസ്കവർ ഖത്തർ’ യാത്ര തുടങ്ങി. നാലു വയസ്സിനു താഴെയുള്ള കുട്ടികൾ മുതൽ 50 കടന്ന മുതിർന്നവർ വരെ 71 പേരുടെ സംഘം.
ദോഹയിൽനിന്ന് ഉം സലാലിലേക്ക്
രാവിലെ ആറു മണിക്ക് ദോഹയിൽനിന്ന് യാത്രയാരംഭിച്ചപ്പോൾ ഉം സലാൽ മുഹമ്മദിലെ ബർസാൻ ടവറായിരുന്നു ആദ്യ ലക്ഷ്യ സ്ഥാനം. പത്തൊമ്പതാം നൂറ്റാണ്ടിലെ നിർമിതിയെ സംരക്ഷിച്ചുപോരുന്നതാണ് ഈ ഇരട്ട ഗോപുരങ്ങൾ. ഒട്ടോമൻ പട്ടാളക്കാർക്കെതിരെയുള്ള കാവൽഗോപുരങ്ങളായി നിർമിച്ചതാണെങ്കിലും പിന്നീട് റമദാൻ മാസപ്പിറവി വീക്ഷിക്കാനും ഇത് ഉപയോഗിച്ചു പോന്നിരുന്നു.
ഏറെ ആകാംക്ഷയോടെ പിന്നീട് പോയത് അൽ ഷുഅ റിസർവിലേക്കായിരുന്നു. യാത്രാസംഘത്തിനുള്ള പ്രഭാത ഭക്ഷണം ഒരുക്കിയത് ഇവിടെയായിരുന്നു. ഇത് ഒരു സ്വകാര്യ പാർക്കാണെങ്കിലും വിവിധയിനം പക്ഷിമൃഗാദികളുടെ വാസസ്ഥലമാണ്. നല്ല വൃത്തിയുള്ള, എല്ലാവർക്കും സൗജന്യ പ്രവേശനമുള്ള ഇടം.
ശേഷം ഖത്തറിന്റെ വടക്കേ മുനമ്പായ അൽറുവൈസിലേക്കായിരുന്നു യാത്ര. അർസാൻ കഫേ ഇവിടെയാണ്. വെറുമൊരു കഫേ എന്നതിനേക്കാൾ, ചരിത്രവും പൈതൃകവുമെല്ലാമുള്ളതാണ് ഈ ഇടം. 1955ൽ സ്ഥാപിച്ച ഒരു പൊലീസ് സ്റ്റേഷൻ പിന്നീട് ഖത്തർ മ്യൂസിയംസ് ഒരു കഫേ ആക്കി മാറ്റിയതാണ്. പേർഷ്യൻ കടലിടുക്കിന്റെ സുന്ദരമായ ദൃശ്യഭംഗി ഒപ്പിയെടുക്കാം എന്നതാണ് ഇവിടത്തെ പ്രത്യേകത. 17ാം നൂറ്റാണ്ടിൽ നിർമിച്ച ഒരു പഴയ പള്ളിയും ഇവിടത്തെ ആകർഷണമാണ്.
ഉച്ചഭക്ഷണവും പ്രാർഥനയുമൊക്കെ റുവൈസിൽതന്നെ ഒരുക്കിയിരുന്നു. തുടർന്നാണ് പൂർണമായ പൈതൃകം തേടിയുള്ള യാത്ര. റുവൈസിൽനിന്ന് സുബാറ കോട്ട വരെയുള്ള 27 കിലോമീറ്റർ തികച്ചും വ്യത്യസ്തമായിരുന്നു. അൽറീഷ് ഫിഷർമെൻ വില്ലേജ്, ഷാഡോസ് ട്രാവലിങ് ഓൻ ദി സീ ഓഫ് ദി ഡേ, അൽ റുവൈദ ഹെറിറ്റേജ് എന്നിവയൊക്കെ ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു.
യുനെസ്കോ പൈതൃക പട്ടികയിൽ ഇടംനേടിയ സുബാറ കോട്ട പുരാതന ഖത്തർ തലസ്ഥാനത്തിന്റെ ആഭ്യന്തര സിരാകേന്ദ്രമായിരുന്നു. 20ാം നൂറ്റാണ്ടിൽ എണ്ണയും വാതകവും കണ്ടെത്തുന്നതിനുമുമ്പ് പേർഷ്യൻ ഗൾഫിന്റെ നഗരജീവിതം. സാമൂഹികവും സാമ്പത്തികവുമായ ചരിത്രം എന്നിവയെക്കുറിച്ച് സുബാറ പുരാവസ്തു സൈറ്റ് ഒരു പ്രധാന ഉൾക്കാഴ്ച നൽകുന്നു. മലയാളികളായ ഗൈഡുമാരുടെ വിശദീകരണം അതിനെപ്പറ്റി കൂടുതൽ അറിയാൻ അവസരം നൽകി.
പിന്നെ 90 കിലോമീറ്റർ നീണ്ട യാത്ര, പടിഞ്ഞാറൻ നഗരമായ പുരാതന സക്രീത്തിലേക്ക്. ഖത്തർ മ്യൂസിയം സംരക്ഷിക്കുന്ന ഒരു മസ്ജിദും, കുട ആകൃതിയിലുള്ള മലകളുമൊക്കെ ആകർഷകമായി തോന്നി. അവിടന്ന് 82 കിലോമീറ്റർ സഞ്ചരിച്ച് സന്ധ്യയോടെ സൽവാ റോഡിലുള്ള അൽ കറാന ലഗൂൺ സന്ദർശിക്കുകയായിരുന്നു ലക്ഷ്യം. നഗരങ്ങളിൽനിന്നും മറ്റുമുള്ള മലിനജലം ശുദ്ധീകരിച്ച് സൂക്ഷിച്ചിരുന്ന ഈ സ്ഥലം ആദ്യമൊക്കെ പരിസ്ഥിതി മലിനീകരണമായി കണക്കാക്കിയെങ്കിലും പിന്നീട് 55ഓളം പക്ഷിവർഗങ്ങളുടെ ആവാസവ്യവസ്ഥയായി മാറിയ സുന്ദരമായ വെള്ളക്കെട്ടാണിത്.
റോഡിൽനിന്ന് ഒരു കിലോമീറ്റർ കാൽനടയായി പോവേണ്ടതുണ്ടെന്നു മാത്രം. പക്ഷികളുടെ കലപിലയും വെള്ളത്തിന്റെ ഓളവും കാറ്റിൽ മുളങ്കാട് ആടിയുലയുന്ന ശബ്ദവുമൊക്കെ മരുഭൂമിയിൽ അത്ഭുതകരമായ അനുഭവമായിരുന്നു. ആസ്വദിച്ചിരിക്കാൻ തോന്നുമെങ്കിലും ഇരുട്ടിനുമുമ്പേ നീങ്ങിത്തുടങ്ങണ്ടേതിനാൽ പെട്ടെന്ന് തിരിച്ചു. പെട്ടെന്നുണ്ടായ തീരുമാനമായിരുന്നു ചായ കുടിക്കാൻ ബു സംറാ ബോർഡറിലേക്ക് പോയാലെന്താ എന്നുള്ളത്. അത് കൂടെയുള്ളവർക്കൊക്കെ ഉന്മേഷം പകർന്നു. ചായയും കുടിച്ച് ദോഹയിലേക്ക് മടക്കയാത്രയും ആരംഭിച്ചു. അബു നഖ്ല, അൽ വക്റ വഴി നേരെ ദോഹയിൽ ഓൾഡ് ഐഡിയൽ സ്കൂൾ മൈതാനിയിലെത്തുമ്പോൾ രാത്രി എട്ടുമണി.
പാട്ടുകളും മത്സരങ്ങളും ക്വിസുകളും അനുഭവങ്ങളും ഒക്കെയായി നീണ്ട 14 മണിക്കൂർ യാത്ര ഓരോരുത്തരിലും പുതു ഉന്മേഷം പകരുന്നതായി. കുട്ടികൾക്കും മുതിർന്നവർക്കും മറക്കാനാവാത്ത ഓർമകൾ സമ്മാനിച്ചത് യാത്രക്കുശേഷമുള്ള അവരുടെ വാക്കുകളിൽനിന്ന് വ്യക്തമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.