കോട്ടയം: അനധികൃതമായി സർവിസ് നടത്തുന്ന ഹൗസ്ബോട്ടുകളെ കരയിൽനിന്നുതന്നെ ഇനി കണ്ടെത്തും. ഇതിന് മാരിടൈം ബോർഡ് മൊബൈൽ ആപ് തയാറാക്കുന്നു. മൊബൈൽ ആപ്പിൽ നമ്പർ നൽകിയാൽ ബോട്ടിൽ പ്രത്യേകം തയാറാക്കിയ ബീക്കൺലൈറ്റ് തെളിയുന്ന തരത്തിലാണ് സംവിധാനം. ഇതിനൊപ്പം ഹൗസ്ബോട്ടുകളിൽ ഹോളോഗ്രാം നമ്പർ പ്ലേറ്റുകളും സ്ഥാപിക്കും. ഇതിന് ടെൻഡർ നടപടി പുരോഗമിക്കുകയാണ്. നേരത്തേ പദ്ധതി നടപ്പാക്കാൻ തയാറായി ഒരു കമ്പനി രംഗത്തെത്തിയിരുന്നെങ്കിലും നിയമപ്രശ്നങ്ങൾ ഒഴിവാക്കാൻ ടെൻഡർ തീരുമാനിക്കുകയായിരുന്നു.
കായലിലെത്തി പരിശോധന നടത്തി അനധികൃത ഹൗസ്ബോട്ടുകൾ കണ്ടെത്താനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ജി.പി.എസ് സഹായത്തോടെ മൊബൈൽ ആപ് രൂപപ്പെടുത്തുന്നത്. തുറമുഖവകുപ്പിൽ രജിസ്റ്റർ ചെയ്ത ഹൗസ്ബോട്ടുകളുടെ നമ്പറടക്കമുള്ള വിവരങ്ങൾ ആപ്പിലുണ്ടാകും. കരയിൽനിന്ന് ഇതിൽ അമർത്തുന്നതോടെ ലൈറ്റ് തെളിയും. ഇതിലൂടെ വകുപ്പിന്റെ രജിസ്ട്രേഷനില്ലാതെ സർവിസ് നടത്തുന്ന ബോട്ടുകളെ വേഗത്തിൽ കണ്ടെത്താൻ കഴിയും. അപകടങ്ങൾ അടക്കമുണ്ടാകുമ്പോഴും ബോട്ടുകളെ തിരിച്ചറിയാൻ ഇതിലൂടെ കഴിയുമെന്ന് മാരിടൈം ബോർഡ് അധികൃതർ പറയുന്നു. ആലപ്പുഴ, കോട്ടയം ജില്ലകളിലാകും പദ്ധതി ആദ്യം നടപ്പാക്കുക.
ഹോളോഗ്രാം നമ്പർ പ്ലേറ്റുകൾ ആദ്യഘട്ടത്തിൽ ഹൗസ്ബോട്ടുകളിലാകും സ്ഥാപിക്കുക. അടുത്തഘട്ടമായി ശിക്കാര-യന്ത്രവത്കൃത ബോട്ടുകൾക്കും ബാർകോഡുള്ള നമ്പർ പ്ലേറ്റുകൾ സ്ഥാപിക്കും. ഇത് സ്കാൻ ചെയ്താൽ ബോട്ടിന്റെ ഇൻഷുറൻസ്, മലിനീകരണ സർട്ടിഫിക്കറ്റ്, സർവേ സർട്ടിഫിക്കറ്റ് എന്നിവക്കൊപ്പം ഉടമയുടെയും ജീവനക്കാരുടെ വിവരങ്ങളുമുണ്ടാകും.
കെ.ഐ.വി എന്ന് തുടങ്ങുന്നതാകും നമ്പർ. ജില്ല, രജിസ്റ്റർ ചെയ്ത സ്ഥലത്തിന്റെ കോഡ്, വർഷം എന്നിവയുമുണ്ടാകും. നേരത്തേ നമ്പറുണ്ടായിരുന്നെങ്കിലും ബാർകോഡുണ്ടായിരുന്നില്ല.
അനധികൃത ഹൗസ്ബോട്ടുകൾക്കെതിരെ നടപടി സ്വീകരിക്കാൻ മാരിടൈം ബോർഡിന് നേരത്തേ ഹൈകോടതി നിർദേശം നൽകിയിരുന്നു. അനധികൃതമായി സർവിസ് നടത്തുന്ന ഹൗസ്ബോട്ടുകൾ പിടിച്ചെടുത്ത് സൂക്ഷിക്കാൻ മാരിടൈം ബോർഡ് പാർക്കിങ് യാർഡും നിർമിക്കുന്നുണ്ട്. വേമ്പനാട്ടുകായലിനോട് ചേർന്ന് ആലപ്പുഴ ആര്യാട് ചർച്ച് ബോട്ട് ജെട്ടിക്കരികിലായാണ് യാർഡ്. ഇവിടെ ബോട്ടുകളുടെ സുരക്ഷക്ക് സി.സി ടി.വിയും സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.