43 രാജ്യങ്ങളിലൂടെ സാഹസിക സഞ്ചാരം; ഒാർമകൾ ബാക്കിയാക്കി മൊയ്​തു കിഴിശ്ശേരി വിടപറയു​േമ്പാൾ

അറബി കഥയിലേത് പോലെ അദ്​ഭുതങ്ങൾ നിറഞ്ഞതായിരുന്നു വിടപറഞ്ഞ ലോക സഞ്ചാരി മൊയ്തു കിഴിശ്ശേരിയുടെ ജീവിതം. ഹിച്ച് ഹൈക്കിങ്ങിനെ കുറിച്ച് മലയാളികള്‍ കേട്ട് തുടങ്ങുന്നതിനും ദശാബ്​ദങ്ങൾക്ക്​ മു​െമ്പ വിസയും പാസ്‌പോര്‍ട്ടുമില്ലാതെ ലോകം സഞ്ചരിച്ച മനുഷ്യന്‍. നമ്മുടെ സങ്കല്‍പ്പങ്ങള്‍ക്കപ്പുറമുള്ള യാത്രകള്‍. ഓരോ മനുഷ്യനും വിസ്മയമായിരുന്നു അദ്ദേഹത്തി​െൻറ അനുഭവങ്ങള്‍.

ആരെയും അതിശയിപ്പിക്കുന്ന യാത്രകള്‍ കെട്ടുകഥകളാണെന്ന രീതിയിലായിരുന്നു ലോകം ആദ്യം കേട്ടത്. വിസയും പാസ്‌പോര്‍ട്ടുമില്ലാതെ ലോകം സഞ്ചരിച്ച് തിരിച്ചെത്തിയ അദ്ദേഹം ഓര്‍മകള്‍ എഴുതിയെങ്കിലും മുഖ്യധാര പ്രസാധകര്‍ ആദ്യം അച്ചടിക്കാന്‍ തയാറായില്ല. ലോകസഞ്ചാരത്തിന് തെളിവില്ലെന്ന കാരാണം പറഞ്ഞാണ് പുസ്തകം അച്ചടിക്കാന്‍ മടിച്ചത്. വിസയും പാസ്‌പോര്‍ട്ടും ടിക്കറ്റുകളൊന്നുമില്ലാതെ സഞ്ചരിച്ചയാള്‍ എന്ത് തെളിവ് നല്‍കാനാണ്.

വിവിധ കാലത്തെ ചിത്രങ്ങൾ

യാത്രയുടെ അവസാനത്തില്‍ അദ്ദേഹം വീട്ടിലേക്ക് എഴുതിയ കത്തുകള്‍ മാത്രമാണ് തെളിവായിട്ടുണ്ടായിരുന്നത്. യാത്ര പോലെ വിസ്മയിപ്പിക്കുന്നത് തന്നെയാണ് അദ്ദേഹത്തി​െൻറ എഴുത്തും. അദ്ദേഹത്തോട്​ സംസാരിക്കു​േമ്പാൾ നമുക്ക്​ തന്നെ ഒരു 'പോസിറ്റീവ് എനര്‍ജി' ലഭിക്കും. എട്ട് വര്‍ഷത്തിലധികമായി വൃക്കകള്‍ തകരാറിലായി വീട്ടില്‍ വിശ്രമിക്കു​േമ്പാഴും യാത്രയെയും ലോകത്തെയും കുറിച്ച്​ ഒരു മടിയുമില്ലാതെ എത്ര നേരവും സംസാരിക്കാൻ അദ്ദേഹം തയാറായിരുന്നു. നിരവധി പേരാണ് അദ്ദേഹത്തി​െൻറ വീട്ടില്‍ ആ സാഹസിക കഥകൾ കേള്‍ക്കാന്‍ എത്തിയിരുന്നത്.

പത്താം വയസ്സിൽ തുടങ്ങിയ സഞ്ചാരം

1959ല്‍ ഇല്ല്യന്‍ അഹമ്മദ് കുട്ടി ഹാജിയുടെയും കദിയക്കുട്ടിയുടെയും മകനായി മലപ്പുറം ജില്ലയിലെ കിഴിശ്ശേരിയിലാണ് മൊയ്തുവി​െൻറ ജനനം. വിഭജന കാലത്ത് പാകിസ്ഥാനിലേക്ക് പോയ മൊയ്തുവി​െൻറ പിതാവ് പിന്നീട് മക്കയിലെത്തി കച്ചവടം ചെയ്​തു. സമ്പാദിച്ചതെല്ലാം വിറ്റ് നാട്ടില്‍ തിരിച്ചെത്തിയെങ്കിലും അദ്ദേഹത്തി​െൻറ മരണത്തോടെ സ്വത്തെല്ലാം അന്യാധീനപ്പെട്ടു.

​മൊയ്​തു കിഴിശ്ശേരി

ഇതോടെ നാലാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്ന മൊയ്തുവിനെ ഉമ്മ പള്ളി ദര്‍സില്‍ ചേര്‍ത്തു. ഗുരുവര്യനായിരുന്ന നരിപ്പറമ്പ് മുഹമ്മദ് മുസ്‌ലിയാരില്‍നിന്ന്​ സൂഫിസത്തി​െൻറ ബാലപാഠങ്ങൾ അറിഞ്ഞു. സൂഫികള്‍ ധാരാളമായി സഞ്ചരിക്കുന്നവരാണെന്ന ഉസ്താദി​െൻറ വാക്കും 'നീ ഭൂമിയില്‍ സഞ്ചരിക്കുക' എന്ന ഖുര്‍ആന്‍ വാക്യവും യാത്ര തുടങ്ങാന്‍ പ്രേരണയായി.

1969ൽ ത​െൻറ പത്താം വയസ്സിൽ ആദ്യ യാത്ര തുടങ്ങി. ഏഴ് വര്‍ഷം കൊണ്ട് ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. 17ാം വയസ്സിലാണ് ലോകം മുഴുവന്‍ കാണണമെന്ന ആഗ്രഹത്തോടെ മൊയ്തു കിഴിശ്ശേരി വീണ്ടും യാത്ര തുടങ്ങുന്നത്. സമ്മതിക്കില്ലെന്നതിനാല്‍ ആരോടും പറയാതെ വീട്ടില്‍ നിന്നിറങ്ങി. വെറും 200 രൂപയാണ് കൈവശമുണ്ടായിരുന്നത്. അതില്‍ നിന്നും 150 രൂപ കോഴിക്കോട് റെയില്‍വെ സ്‌റ്റേഷന് സമീപത്തെ നിർധനർക്ക്​ വീതിച്ച് നല്‍കി. ടിക്കറ്റില്ലാത്തിനാല്‍ റെയില്‍വെ പൊലീസ് പിടികൂടി 15 രൂപ പിഴയായും നല്‍കേണ്ടി വന്നു. പിഴ നല്‍കി പുറത്തിറങ്ങിയപ്പോള്‍ കണ്ടത് ദല്‍ഹി നിസാമുദ്ദീനിലേക്കുള്ള തീവണ്ടി. അതില്‍ കയറി തുടങ്ങിയതാണ്​ അവിശ്വസനീയമായ ആ യാത്രകൾ.

പാസ​്​പോർട്ടില്ലാ​ത്ത യാത്രകൾ

പാകിസ്താനായിരുന്നു ആദ്യം സഞ്ചരിച്ച രാജ്യം. റോഡ് വഴി രാജ്യം കടക്കാന്‍ ശ്രമിച്ചപ്പോള്‍ ആദ്യം ഇന്ത്യന്‍ പട്ടാളം പിടികൂടി. പിന്നീട് ട്രെയിൻ വഴി പോകാന്‍ ശ്രമിച്ചെങ്കിലും അപ്പോഴും പിടിയിലായി. പേര് പറഞ്ഞതും പട്ടാളക്കാരന്‍ മര്‍ദിച്ചു. കൂട്ടത്തിലുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന് മനസ്സലിവ് തോന്നി ചായയും ചപ്പാത്തിയും നല്‍കി മടങ്ങി പോകാന്‍ നിര്‍ദേശിച്ചു. ഇരുട്ട് വീണതോടെ ഇന്ത്യന്‍ അതിര്‍ത്തിയിലെ നാരങ്ങാ തോട്ടത്തിനുള്ളിലൂടെ അദ്ദേഹം പാകിസ്ഥാനിലേക്ക് കടന്നു.

1981ൽ തുർക്കിയിൽനിന്ന്​ പകർത്തിയ ചിത്രം

പിന്നീട്​ നിരവധി രാജ്യങ്ങളിലൂടെയുള്ള സഞ്ചാരമായിരുന്നു. വെറുതെയുള്ള യാത്രയായിരുന്നില്ല അദ്ദേഹത്തി​​േൻറത്​. ഒ​േരാ നാട്ടിലും മാസങ്ങളോളം താമസിച്ചു. പലരുടെയും വീടുകളിൽ കഴിഞ്ഞു. പലവിധ ജോലികൾ ചെയ്​തു. പട്ടാളക്കാര​െൻറ വേഷമണിഞ്ഞു. പല പെൺകുട്ടികളുടെയും കാമുകനായി മാറി. അങ്ങനെ നിരവധി അനുഭവങ്ങൾ നിറഞ്ഞ ജീവിത സഞ്ചാരമായിരുന്നവത്​.

ചൈന, നേപ്പാള്‍, ടിബറ്റ്​, ബര്‍മ, ഉത്തരകൊറിയ, മംഗോളിയ, അഫ്ഗാനിസ്താന്‍, ഇറാന്‍, ഇറാഖ്, തുര്‍ക്‌മെനിസ്താന്‍, കിര്‍ഗിസ്താന്‍, കസാക്കിസ്താന്‍, അസര്‍ബൈജാന്‍, തുർക്കി, റഷ്യ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ജോര്‍ജിയ, ബള്‍ഗേറിയ, പോളണ്ട്, ലബനാന്‍, ഫലസ്തീന്‍, ഇസ്രയേല്‍, ഉക്രൈന്‍, ചെച്‌നിയ, ലിബിയ, ടുണീഷ്യ, ജോര്‍ദാന്‍, അള്‍ജീരിയ, ഈജിപ്ത്, താജികിസ്താന്‍, അര്‍മീനിയ, ഫ്രാന്‍സ് തുടങ്ങി 43 രാജ്യങ്ങളാണ് അദ്ദേഹം സന്ദര്‍ശിച്ചത്. ഇതിൽ പലയിടത്തും എത്തിയത്​ വിസയും പാസ്​പോർട്ടുമില്ലാ​െതയായിരുന്നു. 

യാത്രക്കിടയില്‍ വിദ്യാര്‍ഥി, അധ്യാപകന്‍, പട്ടാളക്കാരന്‍, പത്രപ്രവര്‍ത്തകന്‍, ഗറില്ലാ പോരാളി തുടങ്ങി പലജോലികള്‍ ചെയ്തു. സൈക്കിള്‍, ലോറി, ചങ്ങാടം, വിമാനം, ബസ്, ട്രെയിൻ തുടങ്ങി പല മാർഗങ്ങളും അദ്ദേഹം ഉപയോഗപ്പെടുത്തി. പലപ്പോഴും കിലോമീറ്ററുകൾ നടന്നു. പലദിവസളിലും പട്ടിണിയും കിടക്കേണ്ടി വന്നു.


യാത്രക്കിടെ 20 ഭാഷകളും സന്യാസിമാര്‍ക്കൊപ്പം ഗീതയും പാതിരിമാര്‍ക്കിടയിലുള്ള താമസത്തിനൊപ്പം ബൈബിളും പഠിച്ചെടുത്തു. ചെല്ലുന്നിടത്തെല്ലാം ദിവസങ്ങളോളം അവിടത്തെ സിനിമകള്‍ കാണും. അങ്ങനെയാണ് ഭാഷകൾ പഠിച്ചെടുത്തത്.

ചരിത്രം പറയും പുസ്​തകങ്ങൾ

1983ൽ നാട്ടിൽ തിരിച്ചെത്തിയ ശേഷം ത​െൻറ യാത്രാവിശേഷങ്ങളെല്ലാം അദ്ദേഹം പുസ്​തകരൂപത്തിലാക്കി. അഫ്ഗാന്‍ മുജാഹിദുകള്‍ക്കൊപ്പം യുദ്ധം ചെയ്തതും ഇറാന്‍ പട്ടാളത്തില്‍ ജോലി ചെയ്തുമെല്ലാം അദ്ദേഹം പുസ്തകങ്ങളില്‍ വിവരിക്കുന്നുണ്ട്. തുര്‍ക്കിയിലൊരു സാഹസിക യാത്ര, ചരിത്ര ഭൂമികളിലൂടെ, സൂഫികളുടെ നാട്ടില്‍, ലിവിങ് ഓണ്‍ ദ എഡ്ജ്, ദര്‍ദേ ജൂതാഈ യു (യാത്രിക​െൻറ പ്രണയാനുഭവങ്ങള്‍), ദൂര്‍ കെ മുസാഫിര്‍, മരുഭൂ കാഴ്ചകള്‍ എന്നിവയാണ്​ അദ്ദേഹം രചിച്ച പുസ്​തകങ്ങൾ. പൂജ്യം ഡിഗ്രിയിലെ തണുപ്പില്‍ ബ്രിട്ടീഷ് നദിയില്‍ ചാടി പട്ടാളക്കാരില്‍ നിന്ന് രക്ഷപ്പെട്ടതും പാകിസ്​താനിലും ഇറാനിലും തുർക്കിയിലും കൊറിയയിലുമെല്ലാം തടവറയിൽ കിടന്നതി​െൻറ അനുഭവങ്ങളും അതിൽ വായിച്ചെടുക്കാം.

1979ൽ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട കഥയും ഇദ്ദേഹത്തിനുണ്ട്​. ഇറാന്‍ അതിര്‍ത്തിയായ ബന്ദര്‍ബാസില്‍ നിന്ന് 5,000 ഇറാനി റിയാല്‍ കൊടുത്ത് ദുബൈയിലേക്ക് പായ്കപ്പലില്‍ കള്ള യാത്ര കയറിയതാണ്​. ഹോര്‍മുസ് കടലിടുക്കില്‍ കൊടുങ്കാറ്റില്‍പ്പെട്ട് കപ്പല്‍ ആടിയുലഞ്ഞു. ശിയാക്കളായ യാത്രികർ ഏക സുന്നിയായ മൊയ്തുവിനെ ശകുനം മുടക്കിയായി കണ്ട് കടലിലെറിയാന്‍ പറഞ്ഞു. ഖുര്‍ആന്‍ സൂക്തങ്ങള്‍ ഓതിയാണ് അവരില്‍നിന്ന് രക്ഷപ്പെട്ടത്. പിന്നീട്​ കടല്‍ ശാന്തമായി.

യാത്രക്കിടയിൽ ശേഖരിച്ച്​ അപൂർവ വസ്​തുക്കൾ

ദുബൈ നഗരത്തി​െൻറ വെളിച്ചം കണ്ടപ്പോള്‍ കപ്പിത്താന്‍ കടലില്‍ ചാടി നീന്താന്‍ പറഞ്ഞു. ഒരു കിലോമീറ്ററോളം നീന്തി. പേശികള്‍ കോച്ചുന്ന കൊടുംതണുപ്പും വിശപ്പും കാരണം തിരിച്ച് കപ്പലിലേക്ക് നീന്തി. അഞ്ചു പേരേ കാണാതായി. തിരിച്ച് അദ്ദേഹം തെഹ്‌റാനിലേക്ക് തന്നെ മടങ്ങുകയായിരുന്നു.

ഇറാഖിലെ ബസ്‌റയിലേക്ക് വഴി പോകുന്നതി​നിടെ ഇറാന്‍ പട്ടാളം പിടികൂടിയത്. നിരപരാധിയാണെന്ന് കണ്ട് കോടതി വിട്ടു. പക്ഷെ, ഒരു നിബന്ധനയുണ്ടായിരുന്നു, ശത്രു രാജ്യത്തെ ബസ്‌റയിലേക്ക് പോകില്ലെന്ന് പറഞ്ഞ് ഒപ്പിടണം. അതിന് തയാറാവാത്തതിനാല്‍ വീണ്ടും ജയിലിലായി. ഒരാഴ്​ച കഴിഞ്ഞപ്പോള്‍ പനി ബാധിച്ച് കിടപ്പിലായി. ഈ സമയത്ത് മൊയ്തുവി​െൻറ മനോഹരമായ ഖുര്‍ആന്‍ പാരായണം കേട്ട് പട്ടാള ക്യാപ്റ്റന്‍ സൈനികരുടെ ഉസ്താദായി നിയമിച്ചു.

ആറ് രാജ്യങ്ങളിലെ സുന്ദരിമാരുമായാണ്​ ഇദ്ദേഹം പ്രണയത്തിലായത്​. പാകിസ്ഥാനിലെ ഗുല്‍ബര്‍ഗയിലെ ഫിദയായിരുന്നു ആദ്യ കാമുകി. ആദ്യ ലോകയാത്ര കഴിഞ്ഞ് ആറ് മാസങ്ങള്‍ക്ക് ശേഷം വീണ്ടും പാക്കിസ്ഥാനിലെത്തിയപ്പോള്‍ ദത്തുപുത്രനായി കൂടെകൂട്ടിയ നൗറോസ് ഖാ​െൻറ മകളായിരുന്നു ഫിദ. എല്ലാവരും അവളുടെ ഭാവിവരനായി മൊയ്തുവിനെ കണ്ടു. പക്ഷേ, കുറച്ച് കാലത്തിന് ശേഷം യാത്ര പറഞ്ഞിറങ്ങേണ്ടി വന്നു. ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം അവളെ വീണ്ടും കാണാൻ മൊയ്തുവെത്തി.

അപ്പോഴേക്കും അവള്‍ വിവാഹിതയായി മകന് ജന്മം നല്‍കിയിരുന്നു. മൊയ്തുവി​െൻറ പേരിന് സമാനമായ അറബി പേര് മുഹിദീന്‍ എന്നാണ് ഫിദ മകന് പേരിട്ടത്. റഷ്യയിലെ ഗലീന, സിറിയയിലെ സൈറൂസി, പ്രണയ നൈരാശ്യത്താല്‍ മയക്കുമരുന്നിന് അടിമയായി മരണത്തോളമെത്തിയ ജോര്‍ദാനിലെ അദീബ, തുര്‍ക്കി പെണ്‍കുട്ടി ഗോക്ചെന്‍, ഇറാന്‍ പട്ടാളത്തില്‍ ഒപ്പമുണ്ടായിരുന്ന നഴ്‌സ് മെഹര്‍നൂശ്​ എന്നിവരെല്ലാം മൊയ്​തുവിനെ മയക്കിയ സുന്ദരിമാരാണ്​. ഇറാന്‍-ഇറാഖ് യുദ്ധക്കാലത്ത് ഷെല്‍ വര്‍ഷമേറ്റ് പരിക്കേറ്റ് കിടന്നപ്പോള്‍ വജ്രമോതിരം നല്‍കി രക്ഷപ്പെടാന്‍ നിര്‍ദേശിച്ചവളാണ് മെഹര്‍ നൂശ്.

മൊയ്​തു കിഴിശ്ശേരിക്ക്​ കൂടെ ലേഖകൻ

വീട്ടിലേക്കുള്ള വഴി

1983 ഡിസംബര്‍ 23നായിരുന്നു ലോക യാത്ര കഴിഞ്ഞ് മടങ്ങി വാഗാ അതിര്‍ത്തിയിലെത്തിയത്. 1984 ജനുവരി ഒന്നിന് നാടണഞ്ഞു. വീട്ടിൽ കൂടുതൽ കാലം നിൽക്കാൻ അദ്ദേഹത്തിനായില്ല. അഞ്ചാം നാള്‍ വീണ്ടും കൊല്‍ക്കത്തയിലേക്കെത്തി. അവിടെനിന്ന് അമൃത്‌സറിലെത്തി പഴയ കൂട്ടുക്കാര്‍ക്കൊപ്പം ഇഷ്​ടിക കമ്പനിയിൽ ജോലി. ഇതിനിടെ പൊട്ടിപ്പുറപ്പെട്ട ലഹളയില്‍ സമ്പാദ്യമെല്ലാം നഷ്​ടമായപ്പോള്‍ നാട്ടിലേക്ക് മടങ്ങി. പിന്നീട്​ ഇംഗ്ലീഷ്​ അധ്യാപക​െൻറ വേഷമണിഞ്ഞു. ഇലക്ട്രീഷൻ, പ്ലംബർ, കൺസിലർ തുടങ്ങിയ ജോലികളും അദ്ദേഹം ചെയ്​തു.

യാത്രക്കിടയില്‍ പലരാജ്യങ്ങളിൽനിന്നായി ഇദ്ദേഹം നിരവധി അപൂർവ വസ്​തുക്കൾ സ്വന്തമാക്കിയിരുന്നു. അവ കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയിലെ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. അദ്ദേഹത്തി​െൻറ യാത്രാവഴികളുടെ ഒാർമയായി അവ വരും തലമുറക്ക്​ വെളിച്ചം വീശുമെന്നുറപ്പ്​.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.