മണാലി: ഹിമാചൽ പ്രദേശിലെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ റോഹ്ത്തങ് പാസ് 18 മാസങ്ങൾക്ക് ശേഷം സഞ്ചാരികൾക്കായി തുറന്നു. ദേശീയ ഹരിത ട്രൈബ്യൂണലിൻെറ മാർഗനിർദേശപ്രകാരം 150 പ്രാദേശിക ടാക്സികൾക്കാണ് ദിവസവും ഇവിടേക്ക് മണാലിയിൽനിന്ന് പെർമിറ്റ് നൽകുന്നത്.
കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം മുതൽ ഈ പാത വിജനമായിരുന്നു. കൂടാതെ അടൽ തുരങ്കം യാഥാർഥ്യമായതോടെ യാത്രകൾ കൂടുതലും അതിലൂടെയായി.
ഏകദേശം 18 മാസത്തിന് ശേഷമാണ് വിനോദ സഞ്ചാരികൾക്കായി റോഹ്ത്തങ് പാസ് തുറന്നത്. മേയ് 29ന് ബോർഡർ റോഡ് ഓർഗനൈസേഷൻ പാതയിൽനിന്ന് മഞ്ഞ് നീക്കിയിരുന്നു.
സംസ്ഥാന സർക്കാർ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ നിരവധി പേരാണ് മണാലിയിൽ എത്തുന്നത്. പുറത്തുനിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല.
മഞ്ഞ് ആസ്വദിക്കാനായി ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെയെത്താറ്. വരും ദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷ. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കനത്ത നഷ്ടം നേരിട്ട ടൂറിസം മേഖലയിലുള്ളവർ പുതിയ പ്രതീക്ഷയിലാണ്. ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള ശൈത്യകാലത്ത് 6,54,622 സഞ്ചാരികൾ മണാലിയിൽ എത്തിയിരുന്നു.
ഇത് കൂടാതെ താഴ്വര സന്ദർശിക്കാൻ ആർ.ടി.പി.സി.ആർ നെഗറ്റീവ് റിപ്പോർട്ട് ആവശ്യമില്ലെന്ന് ലാഹുൽ - സ്പിതി ഭരണകൂടം കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. വിനോദ സഞ്ചാരികൾക്ക് റോഹ്ത്തങ് ചുരത്തിൽ നിന്ന് ലാഹുൽ താഴ്‌വരയിലേക്ക് കടന്ന് അടൽ ടണൽ വഴി മണാലിയിലേക്ക് മടങ്ങാം.
ഗതാഗതക്കുരുക്കിന് കാരണമാകുമെന്നതിനാൽ കോക്‌സാർ ഭാഗത്ത് നിന്ന് റോഹ്ത്തങ് ചുരത്തിലേക്ക് വാഹനങ്ങൾ പോകാൻ അനുവദിക്കില്ല. സുരക്ഷാ നടപടിയായി ഹോട്ടലുകൾ, റെസ്റ്റോറൻറുകൾ, ധാബകൾ എന്നിവയിലെ ജീവനക്കാർക്ക് പ്രതിവാര ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.