പോണ്ടിച്ചേരിയിൽനിന്ന് 10 കിലോമീറ്റർ അകലെ, തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ രണ്ടായിരത്തിലധികം ഏക്കറിൽ വ്യാപിച്ചുകിടക്കുകയാണ് ഓറോവിൽ എന്നറിയപ്പെടുന്ന പുലരിയുടെ നഗരം. അവിടുത്തെ ജീവിതം ഒരു പാഠപുസ്തകം തന്നെയാണ്
ജാതിയില്ല, മതമില്ല, വർഗ വർണ വ്യത്യാസങ്ങളില്ല, പണമില്ല, അമ്പലമോ പള്ളികളോ ഒരുവിധ ആരാധനാലയങ്ങളോ ഇല്ല, വംശവെറിയുടെ തൊട്ടുതീണ്ടലുകളില്ല... ആരാണ് ആഗ്രഹിച്ചുപോകാത്തത് ഇങ്ങനെയൊരു ലോകം... സ്വപ്നം യാഥാർഥ്യമായ ആ ഇടം ഇതാ ഇവിടെ. പോണ്ടിച്ചേരിയിൽനിന്ന് 10 കിലോമീറ്റർ അകലെ, തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലെ രണ്ടായിരത്തിലധികം ഏക്കറിൽ വ്യാപിച്ചുകിടക്കുകയാണ് ഓറോവിൽ എന്നറിയപ്പെടുന്ന പുലരിയുടെ നഗരം. തെക്കു-കിഴക്കൻ ഇന്ത്യയിലെ തരിശ് ചെമ്മണ്ണിൽനിന്ന് ഉയർന്നുവന്ന ചിതറിക്കിടക്കുന്ന ഒരു ടൗൺഷിപ്പാണ് ഓറോവിൽ. സമാധാനത്തിന്റെ കെട്ടുറപ്പുകൾ മാത്രമുള്ള ഇടം.
ഓറോവിൽ എന്ന ചരിത്ര നഗരിയും സ്വാതന്ത്ര്യ സമര സേനാനിയായ അരബിന്ദഘോഷും തമ്മിൽ അഭേദ്യബന്ധമുണ്ട്. ഇംഗ്ലണ്ടിനെയും പാശ്ചാത്യരീതികളെയും പൊതുവെ ഇഷ്ടപ്പെട്ടിരുന്ന, അരബിന്ദഘോഷിന്റെ പിതാവ് തന്റെ മൂന്ന് മക്കൾക്കും ഇംഗ്ലണ്ടിൽതന്നെ വിദ്യാഭ്യാസം നൽകി.
കേംബ്രിജ് സർവകലാശാലയിലെ ക്ലാസിക്കൽ ട്രിപ്പോസ് പരീക്ഷയിൽ റെക്കോഡ് മാർക്ക് നേടിയ ഘോഷ് കൊളോണിയൽ ഭരണകൂടത്തിനു കീഴിൽ പ്രവർത്തിക്കാൻ താൽപര്യമില്ലാത്തതിനാൽ 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയെന്ന പേരിൽ 1908ലെ പ്രശസ്തമായ ആലിപ്പൂർ ബോംബ് കേസിൽ ജയിൽവാസം അനുഭവിക്കുന്നുണ്ട്. പിന്നീട് വിപ്ലവമാർഗം വെടിഞ്ഞ് 1910ലാണ് പോണ്ടിച്ചരിയിൽ എത്തുന്നത്. അവിടെയാണ് 1926ൽ തന്റെ വിഖ്യാതമായ ഓറോബിന്ദോ ആശ്രമം തുടങ്ങുന്നത്.
മിറ അൽഫോസ എന്ന ജൂത യുവതി 1914ൽ തന്റെ ഭർത്താവുമൊത്ത് ഫ്രാൻസിൽ നിന്ന് അന്നത്തെ ഫ്രഞ്ച് കോളനിയായിരുന്ന പോണ്ടിച്ചേരിയിൽ വന്നെത്തുന്നു. അവിടെ വെച്ച് അരബിന്ദോ ഘോഷിനെ കണ്ടുമുട്ടിയ അവർ അദ്ദേഹത്തിന്റെ ആധ്യാത്മിക പാതയിലും ചിന്തകളിലും ആകൃഷ്ടയാകുന്നു. എന്നാൽ, യുദ്ധസമയത്ത് അവർ തിരിച്ച് ഫ്രാൻസിലേക്ക് പോകുകയും 1920ൽ ഇന്ത്യയിലേക്ക് സ്ഥിരതാമസത്തിനായി തിരിച്ചുവരുകയുമാണ് ചെയ്തത്. പിന്നീട് ഓറോബിന്ദോ ആശ്രമത്തിന്റെയും മറ്റ് ആധ്യാത്മിക പ്രവർത്തനങ്ങളുടെയും ഏകോപനം എറ്റെടുക്കുകയായിരുന്നു.
‘ദി മദർ’ എന്ന പേരിൽ പ്രസിദ്ധയായ മിറ അൽഫോസയാണ് അരബിന്ദഘോഷിന്റെ മരണശേഷം അദ്ദേഹത്തിന്റെ ആധ്യാത്മിക ദർശനങ്ങളിലൂന്നി ഓറോവിൽ എന്ന ഭാവി നഗരം നിർമിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നതും അത് കെട്ടിപ്പടുക്കുന്ന പ്രവൃത്തിയിൽ ഏർപ്പെടുന്നതും.
ഫ്രഞ്ച് ആർക്കിടെക്ട് ആയ റോജർ ആഞ്ചർ ആണ് 1965ൽ ‘ഗാലക്സി പ്ലാൻ’ എന്ന പേരിൽ ഓറോവിൽ ടൗൺഷിപ് രൂപകൽപന ചെയ്യുന്നത്. പിന്നീട് പല ആർക്കിടെക്ടുമാരുടെ ഇടപെടലുകളിൽ ഡിസൈൻ പലവിധ നവീകരണങ്ങൾക്ക് വിധേയമാക്കപ്പെട്ടു. പിന്നാലെ ഇതിനെ പിന്തുണച്ച് യുനെസ്കോ പ്രമേയം പാസാക്കി.
‘‘Greetings from auroville to all men of goodwill. Are invited Auroville all those who thirst for progress and aspire to a higher and truer life’’ –മദറിന്റെ ഈ സ്വാഗത സന്ദേശം ഓൾ ഇന്ത്യ റേഡിയോയിൽ മുഴങ്ങിക്കേട്ടുകൊണ്ടിരുന്നു. ഇതോടെ 1968 ഫെബ്രുവരി 28ന് ഓറോവിൽ എന്ന കാൽപനിക സ്വപ്നം യാഥാർഥ്യമായി.
ഓറോവിൽ നഗരിയുടെ ഉദ്ഘാടന ചടങ്ങിനെത്തിയവർ ലോകമെമ്പാടുമുള്ള മനുഷ്യരുടെ ഒത്തൊരുമയെ സൂചിപ്പിച്ചുകൊണ്ട് 124 രാജ്യങ്ങളിൽനിന്നും 23 ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുമുള്ള മണ്ണ് മാർബിൾ കലശത്തിൽ ഒരുമിച്ച് നിക്ഷേപിച്ചു. ഏകദേശം അയ്യായിരത്തോളം പേരാണ് അന്ന് എത്തിച്ചേർന്നത്. ഈ ചരിത്രനിമിഷത്തെ പലരും വിശേഷിപ്പിക്കുന്നത് ഭൂമിയിലേക്കൊരു ധൂമകേതു ഇടിച്ചിറങ്ങിയപോലെ എന്നായിരുന്നു.
മിറ അൽഫോസയുടെ കൈപ്പടയിൽ ഫ്രഞ്ചിൽ കുറിക്കപ്പെട്ട നാല് പ്രമാണങ്ങളുടെ പുറത്താണ് ഓറോവിൽ വിഭാവനം ചെയ്യപ്പെടുന്നത്.
1. ഓറോവിൽ ആരുടെയും സ്വകാര്യ സ്വത്തല്ല; ലോകത്തിലെ സർവ മനുഷ്യർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. എന്നാൽ, ലോകത്തെ സർവർക്കും വേണ്ടി പ്രയത്നിക്കാൻ തൽപരരായവർക്കു മാത്രമേ ഓറോവിലിൽ താമസിക്കാൻ കഴിയൂ.
2. അനന്തമായ വിജ്ഞാനത്തിന്റെയും സ്ഥായിയായ പുരോഗമനത്തിന്റെയും പ്രായമേശാത്ത യുവതയുടെയും കേന്ദ്രമാണ് ഓറോവിൽ
3. ഭൂതകാലത്തിനും ഭാവികാലത്തിനും ഇടയിലുള്ള പാലമായിരിക്കണം ഓറോവിൽ
4. മാനവികതയെ സംബന്ധിച്ച ഭൗതികവും ആധ്യാത്മികവുമായ ഗവേഷണങ്ങൾക്കുള്ള പാഠശാലയായിരിക്കണം ഓറോവിൽ
ഓറോവിൽ എന്ന ആധ്യാത്മിക നഗരത്തിന്റെ ആത്മാവെന്നുതന്നെ മാതൃമന്ദിറിനെ വിശേഷിപ്പിക്കാം. 12 മുഖപ്പുകളോടെ, വിരിഞ്ഞുനിൽക്കുന്ന താമരയുടെ രൂപത്തിലുള്ള ഈ മന്ദിരത്തെ സമാധാനത്തിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. ഇങ്ങനെ തലയുയർത്തിനിൽക്കുന്ന മന്ദിറിന്റെ ഗോപുരം സ്വർണത്താൽ നിർമിതമാണ്. 36 ഏക്കർ വിസ്തൃതിയുള്ള ആംഫി തിയറ്ററിന്റെ മധ്യഭാഗത്താണ് മാതൃമന്ദിർ സ്ഥിതിചെയ്യുന്നത്. മനഃശാന്തി കൈവരിക്കുന്നതിനായും, യോഗ, ധ്യാനം, ആത്മീയമായ സമ്മേളനങ്ങൾ എന്നിവക്കായും രൂപകൽപന ചെയ്യപ്പെട്ടതാണ് ഇവിടം.
നാലു പതിറ്റാണ്ടുകൾകൊണ്ട് പൂർത്തിയായ മന്ദിറിന്റെ അകത്തു മധ്യഭാഗത്തായി സ്ഫടികഗോളം കാണാം. 70 സെന്റിമീറ്റർ വ്യാസമാണിതിന്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിസ്റ്റൽ ഗ്ലോബാണ് ഇതെന്നാണ് കരുതപ്പെടുന്നത്. വിശാലമായ മുറിയിൽ നാലു തൂണുകൾ മാത്രം. മുകളിൽനിന്നുവരുന്ന പ്രകാശരശ്മികൾ നടുഭാഗത്തുള്ള സ്ഫടികത്തിലേക്കാണ് പതിക്കുന്നത്. അപ്പോഴുണ്ടാകുന്ന വെളിച്ചവും ഹൃദയത്തിലേക്ക് സംഗീതമായി പെയ്തിറങ്ങുന്ന നിശ്ശബ്ദതയും മനസ്സിന് വല്ലാത്തൊരു അനുഭൂതിയാണ് സമ്മാനിക്കുന്നത്. ഫാബ്രിക്കേറ്റ് ചെയ്തെടുത്ത 1400 സുവർണ വൃത്തങ്ങൾ കൊണ്ടാണ് പുറംഭാഗം മോടി പിടിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഉയരം 29 മീറ്ററാണ്. നാല് പ്രവേശന കവാടമുള്ള മാതൃമന്ദിറിനുള്ളിൽ വിവിധ നിറങ്ങളിലുള്ള 12 തരം ധ്യാനമുറികളാണുള്ളത്. മാതൃമന്ദിര് പുറത്തുനിന്ന് കാണാന്‍ പ്രയാസമില്ല.
എന്നാല്‍ അകത്തേക്ക് കയറണമെങ്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. മാതൃമന്ദിറിന്റെ മറ്റൊരു പ്രധാന ആകർഷണം ഏവരെയും സ്വാഗതം ചെയ്ത് അവിടെ തഴച്ചുനിൽക്കുന്ന ആല്‍മരമാണ്. 100 വർഷത്തിലധികം പഴക്കമുണ്ട് ഇതിന്. ആംഫി തിയറ്ററിന്റെ ഒത്ത നടുക്കുള്ള ചെറിയ സ്തൂപത്തിൽ 124 രാജ്യങ്ങളിൽനിന്നും 23 ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുമുള്ള ഓരോ പിടി മണ്ണും നിറച്ചിരിക്കുന്നു. മാതൃമന്ദിറിനെ ചുറ്റി വലിയൊരു പൂന്തോട്ടവും തടാകവുമുണ്ട്. സന്ദർശകർക്ക് പൂന്തോട്ടത്തിൽ ഇരുന്ന് ധ്യാനിക്കുകയോ ഗ്രൗണ്ടിന് ചുറ്റും നടക്കുകയോ ചെയ്യാം. മനസ്സ് അസ്വസ്ഥമായി കരിഞ്ഞുണങ്ങുമ്പോൾ മാതൃമന്ദിർ ഒരു മരുപ്പച്ചയാകും.
പല രാജ്യങ്ങളിൽനിന്നും വന്ന് ഓറോവിൽ അംഗങ്ങളായിത്തീര്ന്നവര് (ഓറോവില്ലിയൻസ്) മാനവരാശിയുടെ ഐക്യത്തിനായി പടുത്തുയർത്തിയതാണ് ഈ ചെറുനഗരം. 1968 മുതലാണ് ഓറോവിലിലേക്ക് ആളുകൾ എത്തിത്തുടങ്ങിയത്. ഓറോവിൽ കമ്യൂണിറ്റിയിൽ ഇന്ന് 50 രാജ്യങ്ങളിൽനിന്നുള്ള മൂവായിരത്തോളം പേരാണ് സ്ഥിരതാമസമുള്ളത്.
സാമൂഹികവും രാഷ്ട്രീയവും മതപരവുമായ എല്ലാത്തിനും അതീതമായി മാനവിക ഐക്യം സാക്ഷാത്കരിക്കാനും സത്യത്തെ സേവിക്കാനുമായാണ് ലോകമെമ്പാടുമുള്ള ആളുകൾ ഇവിടേക്കെത്തുന്നത്. ഇവിടെ ബന്ധങ്ങൾ ആത്മാർഥമായ സഹകരണത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായിരിക്കണം. ഏതെങ്കിലും തരത്തിലുള്ള അക്രമങ്ങൾക്കും സ്ഥാനമില്ല.
ഓറോവില്ലിയൻസിന് അവർക്ക് താൽപര്യമുള്ള, മനസ്സിന് സന്തോഷം പകരുന്ന എന്തു ജോലിയും ടൗൺഷിപ്പിനുള്ളിൽ ചെയ്യാം. ഓറോവിലിനെ നയിക്കുന്ന പ്രധാനപ്പെട്ട ആശയങ്ങളില്‍ ഒന്നാണ് ‘സുസ്ഥിരത’ എന്നത്. അതുകൊണ്ട് തന്നെ ഓറോവിലിന്റെ സംരംഭങ്ങള്‍ എല്ലാംതന്നെ ഇതിനെ ചുറ്റിപ്പറ്റിയാണ്. ഇവിടെ പണത്തിന് പ്രചാരമില്ലെന്നതിനാൽതന്നെ ജോലിക്ക് കൂലിയൊന്നും ലഭിക്കില്ല. ഓറോവില്ലിയൻസിന് ആവശ്യമായതൊക്കെ ടൗൺഷിപ്പിനുള്ളിൽ തന്നെ ലഭിക്കും.
ഇവിടേക്ക് വല്ലപ്പോഴും അതിഥികളായെത്തുന്നവർക്ക് ഓറോകാർഡ് നൽകും. ഇതുവഴി അവർക്ക് എല്ലാത്തരം സേവനങ്ങളും ലഭ്യമാകും. വൃക്ഷങ്ങൾ സമൃദ്ധമായി നട്ടുപിടിപ്പിച്ചും സൗരോർജം ഉപയോഗിച്ചും ഓറോവിൽ ജനത ആഗോളതാപനത്തിനെതിരെയും പോരാടുന്നു.
ഓറോവിലിനെ അഞ്ചു മേഖലകളായി തിരിച്ചിരിക്കുന്നു. പീസ് ഏരിയ, റെസിഡൻഷ്യൽ സോൺ, ഇക്കണോമിക് സോൺ, കൾചറൽ സോൺ, ഇന്റർനാഷനൽ സോൺ, ഗ്രീൻ ബെൽറ്റ് എന്നിവയാണവ. 1973ൽ മദർ അൽഫാസയുടെ മരണശേഷം ഓറോവിലിന്റെ നിയന്ത്രണത്തെച്ചൊല്ലി തർക്കം ഉടലെടുത്തിരുന്നു.
കോടതിയിലേക്കുവരെ നീണ്ട ഈ തർക്കത്തിന് 1988ൽ പാർലമെന്റ് പാസാക്കിയ ഓറോവിൽ ഫൗണ്ടേഷൻ ബില്ലിലൂടെ കേന്ദ്ര സർക്കാർ ഏറ്റെടുത്തതോടെ വിരാമമായി. നിലവിൽ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിനു കീഴിലെ സ്വയംഭരണ സ്ഥാപനമായാണ് ഓറോവിൽ പ്രവർത്തിക്കുന്നത്.
ഭരണസമിതി, അന്താരാഷ്ട്ര ഉപദേശക സമിതി, െറസിഡൻസ് അസംബ്ലി എന്നിവ ചേർന്നതാണ് ഓറോവിൽ ഫൗണ്ടേഷൻ. രണ്ടു വർഷം കൂടുമ്പോൾ തിരഞ്ഞെടുക്കപ്പെടുന്ന സന്നദ്ധപ്രവർത്തകരാണ് ഈ സംഘടനകൾ. സർക്കാർ തിരഞ്ഞെടുക്കുന്ന ഭരണസമിതി ബോർഡിനാണ് ഉന്നതാധികാരം.
വിദ്യാഭ്യാസം, സംസ്കാരം, പരിസ്ഥിതി, സാമൂഹികസേവനം എന്നീ മേഖലകളിൽനിന്നുള്ള ഏഴ് പ്രമുഖ ഇന്ത്യക്കാരുണ്ട് ഇതിൽ. മാനവശേഷി മന്ത്രാലയമാണ് ഗവേണിങ് ബോർഡിലെ ഏഴ് അംഗങ്ങളെയും അന്താരാഷ്ട്ര ഉപദേശക സമിതിയിലെ അഞ്ച് അംഗങ്ങളെയും നിയമിക്കുന്നത്.
ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളിൽനിന്ന് മനസ്സും ശരീരവും ധ്യാനാത്മകമാക്കാൻ അനുയോജ്യമാണ് ഈ പറുദീസ. ഒരിക്കലും വെറുതെയാകില്ല ഇവിടേക്കൊരു യാത്ര....
എല്ലാവരും തുല്യരായ, എല്ലാവരെയും ഉൾക്കൊള്ളുന്നു എന്ന ആശയത്തിൽ പിറവിയെടുത്ത പരീക്ഷണ നഗരമാണിത്. തുടക്കത്തിൽ ഒരു ആൽമരം മാത്രമുണ്ടായിരുന്ന തരിശുഭൂമിയായിരുന്നു. ലോകത്തിന്റെ നാനാകോണുകളിൽനിന്നും ആളുകൾ ഈ ആദർശ ലോകത്തിലേക്കെത്തിയതോടെ തലവര മാറി. മനുഷ്യന്റെ വളർച്ചക്ക് ആത്മീയ വികാസം അനിവാര്യമാണെന്ന് കരുതിയവരായിരുന്നു അന്ന് ഓറോവിലിലേക്കെത്തിയത്. വർഷങ്ങൾക്കിപ്പുറം ഓറോവിൽ ഇന്ന് ഒരു ആദർശ നഗരമാണ്. ജാതി, മത, വർണ, വർഗ വ്യത്യാസമില്ലാത്ത നിയമങ്ങളുടെ കെട്ടുപാടുകളില്ലാത്ത ഒരിടം.
20 ചതുരശ്ര കിലോ മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഓറോവിൽ ഹരിതനിബിഡമാണ്. രണ്ട് ദശലക്ഷത്തിലധികം മരങ്ങളും 150ലധികം തരം പക്ഷികളും 35ലധികം ഇനം മൃഗങ്ങളും 200ലധികം ഇനം ചിത്രശലഭങ്ങളും അടങ്ങുന്ന വലിയൊരു ആവാസവ്യവസ്ഥതന്നെയാണിത്. ഇവിടെ അമ്പലങ്ങളോ പള്ളികളോ ഇല്ല. പൊലീസ് സ്റ്റേഷനോ കോടതിയോ ഇല്ല. ടാറിട്ട റോഡുകൾക്ക് പകരം പഴമയുടെ സൗന്ദര്യം വിളിച്ചോതുന്ന ചെമ്മൺപാതകളാണ്. വൈദ്യുതി സ്വയംപര്യാപ്തമായ ഇവിടെ സൗരോർജമാണ് പ്രധാനമായി ഉപയോഗിക്കുന്നത്. മദ്യശാലകളോ ബിവറേജ് കൗണ്ടറുകളോ ഇല്ല.
സഞ്ചരിക്കാൻ ഇതിനുള്ളിൽ പൊതുഗതാഗത സംവിധാനങ്ങളായ ട്രെയിനോ ബസോ ഒന്നുമില്ല. ഓറോവിലിനെ കൂടുതൽ വ്യത്യസ്തമാക്കുന്നത് ഈ ടൗൺഷിപ്പിനുള്ളിൽ പണത്തിന്റെ ഉപയോഗമില്ല എന്നതാണ്. അതുകൊണ്ടുതന്നെ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വേർതിരിവുമില്ല.
ഇവിടത്തെ ജൈവകൃഷി മികച്ചതാണ്. കരകൗശല വസ്തുക്കൾ മുതൽ വസ്ത്രങ്ങൾവരെ വിൽക്കുകയും നിർമിക്കുകയും ചെയ്യുന്ന 150ലധികം വാണിജ്യയൂനിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ഗ്രാമത്തിലുള്ളവർക്കും ജോലി നൽകുന്നുണ്ട്. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട് ഇവിടെ. രാജ്യാന്തര സമൂഹത്തിന്റെ ഭാഗമായതിനാൽ കുട്ടികൾ സ്വാഭാവികമായി അഞ്ചു ഭാഷയെങ്കിലും പഠിക്കുന്നു. ശ്രീ അരബിന്ദോ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷനൽ റിസർച്ചിനാണ് വിദ്യാഭ്യാസ മേഖലയുടെ ചുമതല. വിവിധ റസ്റ്റാറന്റുകളും ടൗൺഹാളുമൊക്കെയടങ്ങുന്ന ഒരു പരീക്ഷണ നഗരം തന്നെയാണിവിടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.