കൊച്ചി: ബൈക്കിലും കാറിലുമായി ദൂരങ്ങൾ താണ്ടുന്ന പിള്ളേർ സെറ്റിനെപ്പോലും അമ്പരപ്പിക്കും എറണാകുളത്തുകാരായ രണ്ട് ദമ്പതികളുടെ നാടുചുറ്റൽ. 60കാരായ രണ്ടുപേരും അവരുടെ 55 വയസ്സുള്ള ഭാര്യമാരും ഒരു ഇന്നോവ ക്രിസ്റ്റയിൽ ചുറ്റുന്നത് രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും. എറണാകുളം ജില്ലയിൽനിന്ന് നവംബർ 24ന് പുറപ്പെട്ട് നേപ്പാളിലെ കാഠ്മണ്ഡുവിൽ എത്തി തിരികെയുള്ള യാത്രയിലാണ് നാൽവർ സംഘം.
ചോറ്റാനിക്കര കണയന്നൂർ മാളിയേക്കൽ വീട്ടിൽ സുകുമാരനും ഭാര്യ ചന്ദ്രികദേവിയും പുത്തൻകുരിശ് പാങ്ങോട് ചക്യാമ്പുറം നന്ദകുമാറും ഭാര്യ കവിതയുമാണ് ഇവർ. സുകുമാരെൻറ മകൻ വിവാഹം ചെയ്തിരിക്കുന്നത് നന്ദകുമാറിെൻറ മകളെയാണ്. 1994 വരെ എൽ ആൻഡ് ടിയിൽ ഉദ്യോഗസ്ഥനായി രാജ്യത്ത് പലയിടങ്ങളിലായി ജോലി ചെയ്തിട്ടുണ്ട് സുകുമാരൻ. ഏറെക്കാലം നൈജീരിയയിലായിരുന്നു. നന്ദകുമാർ ഇന്ത്യൻ എയർഫോഴ്സിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. രാജ്യം ചുറ്റിയ അനുഭവം അദ്ദേഹത്തിനുമുണ്ട്. നിലവിൽ സ്വന്തമായി ലോജിസ്റ്റിക് കമ്പനി നടത്തുന്നു.
പ്രസവശേഷം 90ാം ദിവസം മകളുടെ കുഞ്ഞ് ഭർത്താവിെൻറ വീട്ടിലേക്ക് പോകുമ്പോൾ അനുഭവിക്കുന്ന ഏകാന്തത മറികടക്കാൻ ഒരു തീർഥയാത്രക്ക് ആദ്യം നന്ദകുമാറും ഭാര്യയുമാണ് തീരുമാനിച്ചത്. കുഞ്ഞ് വരുന്നത് സുകുമാരെൻറ വീട്ടിലേക്കാണ്. മരുമകളുടെ മാതാപിതാക്കളുടെ യാത്രാപദ്ധതി അറിഞ്ഞപ്പോൾ എന്നാൽപിന്നെ കുഞ്ഞിനെ സ്വന്തം അച്ഛനും അമ്മയും തന്നെ നോക്കി പഠിക്കട്ടെയെന്ന് തീരുമാനിച്ച് സുകുമാരനും ഭാര്യയും അവർക്കൊപ്പം കൂടി. ''40 ദിവസമാണ് യാത്രാലക്ഷ്യം. വാഹനത്തിെൻറ പാർക്കിങ്ങാണ് ആകെ അനുഭവപ്പെട്ട പ്രശ്നം. ഓഫ് റോഡ് ഉൾപ്പെടെ ഞങ്ങൾ തന്നെ ഡ്രൈവ് ചെയ്തു'' -സുകുമാരൻ പറയുന്നു. വൈകുന്നേരങ്ങളിൽ ഓരോയിടത്തും എത്തി താമസം കണ്ടെത്തുകയായിരുന്നു. തട്ടുകടകളിൽനിന്നുള്ള ഫ്രഷ് ഭക്ഷണമാണ് കൂടുതലും ഇഷ്ടപ്പെട്ടത്.
''വിജയവാഡ, വിശാഖപട്ടണം, പുരി, കൊണാർക്ക്, ഭുവനേശ്വർ, കൊൽക്കത്ത, സിലിഗുരി, ഗാങ്ടോക്, ഇന്ത്യ -ചൈന അതിർത്തിയിലെ നാഥുലാപാസ്, ഡാർജിലിങ്, നേപ്പാൾ കാഠ്മണ്ഡു, ചന്ദ്രഗിരി ഹിൽസ് എന്നിങ്ങനെ സംഘം ചുറ്റിക്കണ്ടു. അയോധ്യയിൽ ക്ഷേത്രവും മസ്ജിദുമൊക്കെ സന്ദർശിച്ചു. വാഹനത്തിെൻറ നമ്പർ കാണുമ്പോൾതന്നെ പലയിടത്തും മലയാളികൾ തേടിപ്പിടിച്ച് വന്നു. എല്ലാവരും യാത്രക്കാരായ ചെറുപ്പക്കാരാണ്. 60 വയസ്സുകാരാണ് വണ്ടിയോടിച്ച് രാജ്യം ചുറ്റുന്നതെന്ന് അറിഞ്ഞപ്പോൾ വന്നവർ പലരും ഞെട്ടി'' -സുകുമാരെൻറ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.