ലോകത്താകെ പടർന്നുപിടിച്ച കോവിഡ് വിവിധ മാറ്റങ്ങളാണ് കൊണ്ടുവന്നത്. വിമാന സർവിസ് മേഖലയിലും ഇത്തരം മാറ്റങ്ങൾ പ്രകടമാണ്. യാത്രക്കാരെ ആകർഷിപ്പിക്കാനുള്ള നിരവധി പദ്ധതികളാണ് കമ്പനികൾ ഒരുക്കുന്നത്. അതിലൊന്നാണ് ഡൽഹി ആസ്ഥാനമായുള്ള പ്രിൻസ് എയർ അവതരിപ്പിക്കുന്ന സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതി. മാസം തോറും വരിസംഖ്യയടച്ച് കുറഞ്ഞ ചെലവിൽ ബിസിനസ് ക്ലാസ് യാത്രയാണ് കമ്പനി ഓഫർ ചെയ്യുന്നത്.
പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ എടുക്കുന്നവർക്ക് ബിസിനസ് ക്ലാസ് വിമാനത്തിൽ പരിധിയില്ലാതെ യാത്ര ചെയ്യാനാകും. അംഗത്വം എടുത്തവർക്ക് 30 മിനിറ്റ് മുമ്പ് എയർപോർട്ടിൽ എത്തിയാൽ മതിയെന്ന സൗകര്യവുമുണ്ടാകും.
ഡൽഹി, ബംഗളൂരു, മുംബൈ എന്നീ നഗരങ്ങളിലാണ് കമ്പനി ആദ്യഘട്ടത്തിൽ സർവിസ് നടത്താൻ ഉദ്ദേശിക്കുന്നത്. 90-100 സീറ്റുകളുള്ള എയർബസ് എ 320, എ 321 തുടങ്ങിയ വിമാനങ്ങളാണ് സർവിസിന് ഉപയോഗിക്കുക.
യാത്രക്കാർക്ക് വിമാനം പെട്ടെന്ന് മാറ്റാനും വ്യത്യസ്ത സമയം തെരഞ്ഞെടുക്കാനും സൗകര്യമുണ്ടാകും. ഇതിന് പുറമെ പ്രിൻസ് എയർ സ്വകാര്യ ജെറ്റ് ഫ്ലൈയിങ് പദ്ധതിയും അവതരിപ്പിക്കും.
മാസത്തിൽ ഒന്നിലേറെ തവണ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നവരെ ഈ പദ്ധതിയിൽ അംഗമാക്കാനാണ് കമ്പനിയുടെ ശ്രമം. ആവശ്യക്കാർ വർധിക്കുന്നതിന് അനുസരിച്ച് കൂടുതൽ നഗരങ്ങളിൽ പദ്ധതി ആരംഭിക്കും.
'പുതിയ രീതിയിലുള്ള സർവിസ് യാത്രക്കാർക്ക് പ്രത്യേക അനുഭവമാണ് നൽകുക. വിമാനത്താവളങ്ങളിലെ പതിവ് ചെക്ക്-ഇന്നുകളിൽ നിന്ന് വ്യത്യസ്തമാകും പ്രവർത്തനം. നിങ്ങളുടെ സ്വന്തം സ്വകാര്യ ജെറ്റിൽ പോകുന്നതിന് സമാനമായിരിക്കും യാത്ര' -പ്രിൻസ് എയർ കമ്പനിയുടെ സ്ഥാപകൻ സങ്കേത് രാജ് സിങ് പറയുന്നു.
എട്ട് മാസത്തിനുള്ളിൽ സർവിസ് ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞവർഷം സർവിസ് ആരംഭിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും കോവിഡ് കാരണം നീണ്ടുപോയി.
നിലവിൽ സ്ഥിരമായി ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് 80 ശതമാനത്തോളം ചെലവ് കുറച്ച് യാത്ര ചെയ്യാമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 54,000 രൂപയാണ് പ്രതിമാസ വരിസംഖ്യ. പലപ്പോഴും ഡൽഹിയിൽനിന്നും ബംഗളൂരുവിലേക്കും മുംബൈയിലേക്കുമുള്ള ബിസിനസ് ക്ലാസ് റൗണ്ട് ട്രിപ്പിന് 30,000 രൂപയുടെ അടുത്താണ് നിരക്ക്.
ഒരു മാസം രണ്ട് തവണയെങ്കിലും യാത്ര ചെയ്യുന്നവർക്ക് പ്രിൻസ് എയറിൻെറ സബ്‌സ്‌ക്രിപ്‌ഷൻ പദ്ധതി പ്രയോജനം ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു. സബ്‌സ്‌ക്രിപ്‌ഷൻ എടുക്കാനുള്ള സൗകര്യം ഇതിനകം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.