മാള: പുത്തൻചിറ ആനപ്പാറ സംരക്ഷണം എങ്ങുമെത്തിയില്ല. കൊമ്പത്തുകടവ് സെന്റ് സേവ്യർ ചർച്ചിനും പാറമേൽ തൃക്കോവിൽ ക്ഷേത്രത്തിനും മധ്യേയുള്ള പാറക്കുളത്തിന് സമീപമാണ് ആനയേക്കാൾ ഉയരമുള്ള ആനപ്പാറ. നേരത്തെ പുത്തൻചിറയിലെ പുരാതന ചരിത്ര ശേഷിപ്പുകൾ മുസ്രിസ് ചരിത്ര പദ്ധതിയിൽ ഉൾപെടുത്തി സംരക്ഷണം നൽകുമെന്ന് മുൻ എം.എൽ.എ പ്രസ്താവിച്ചിരുന്നു.
പക്ഷെ, ഈ പദ്ധതിയിൽ ആനപ്പാറയില്ലെന്നാണ് വിവരണം. പുരാതന കാലത്ത് വില്വമംഗലം സ്വാമിയുടെ ആസ്ഥാനമായിരുന്നു ഇവിടമെന്നാണ് വിശ്വാസം. ആനയുടെ ആകൃതിയിൽ നിലകൊള്ളുന്ന പാറയുടെ അടിവശം ഭൂമിയിൽ തൊട്ട് തൊട്ടില്ലന്ന മട്ടിലാണ്.
പാറയുടെ മുകളിൽ ഒരാൾ രൂപത്തിൽ മറ്റൊരു കൊച്ചു പാറയുമുണ്ട്. വനമേഖലയല്ലാത്ത കാമ്പെത്തുകടവിൽ വിസ്മയമായി മാറിയിട്ടുണ്ട് ഈ പാറ. പരിസര പ്രദേശങ്ങളിലെങ്ങും സമാന രീതിയിലുള്ള പാറകളില്ല എന്നത് ശ്രദ്ധേയമാണ്. നീണ്ടുപരന്ന് കിടക്കുന്ന പാടശേഖരങ്ങളാണ് ചുറ്റിലും. ആനപ്പാറ കാണാൻ ദൂരെ ദിക്കുകളിൽനിന്ന് പോലും ആളുകൾ എത്താറുണ്ട്.
ആനപ്പാറ സംരക്ഷണത്തിന് സമിതി രൂപവത്കരിച്ച് നാട്ടുകാർ ബോർഡ് സ്ഥാപിച്ചിരുന്നു. ആനപ്പാറ ടൂറിസം വകുപ്പിന് വിട്ടുനൽകി പാറ നിൽക്കുന്ന സ്ഥലം ഏറ്റെടുത്ത് കമനീയമാക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു. എന്നാൽ, പഞ്ചായത്തധികൃതർ പക്ഷെ അനങ്ങാപ്പാറ നയം തുടരുകയാണെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.