ഇനി സഞ്ചാരികൾക്ക്​ വരാം; അതിരപ്പിള്ളിയും തുമ്പൂർമുഴിയും ആഗസ്റ്റ്​ 10ന്​ തുറക്കും

അതിരപ്പിള്ളി: അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രവും തുമ്പൂർമുഴി ഉദ്യാനവും നിബന്ധനകളോടെ സഞ്ചാരികൾക്ക് തുറന്നുകൊടുക്കാൻ തീരുമാനം. ആഗസ്റ്റ്​ 10 മുതലാണ് ഇവിടേക്ക് സഞ്ചാരികളെ പ്രവേശിപ്പിച്ചു തുടങ്ങുക.

രാവിലെ ഒമ്പതു മുതൽ വൈകീട്ട് നാല് വരെയാണ് പ്രവേശനം. ലോക്ഡൗൺ നിബന്ധനകളിൽ മാറ്റം വന്നതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറക്കാൻ സർക്കാർ ഉത്തരവ് വന്ന സാഹചര്യത്തിലാണ് അതിരപ്പിള്ളിയും തുമ്പൂർമുഴിയും തുറക്കുന്നത്. എന്നാൽ, ഈ മേഖലയിലെ ചാർപ്പ, വാഴച്ചാൽ, മലക്കപ്പാറ എന്നിവിടങ്ങളിലേക്ക് സഞ്ചാരികളെ കടത്തിവിടില്ല.

മേഖലയിലെ സിൽവർസ്റ്റോം അടക്കമുള്ള സ്വകാര്യ പാർക്കുകൾക്ക്​ പ്രവർത്തിക്കാം. വിനോദ സഞ്ചാരികൾ ആർ.ടി.പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റോ അതാത് ദിവസം നടത്തിയ ആന്‍റിജൻ ടെസ്റ്റ് സർട്ടിഫിക്കറ്റോ ഹാജരാക്കണമെന്നാണ് പ്രധാന നിബന്ധന. സിൽവർസ്റ്റോം പോലെയുള്ള പാർക്കുകൾ പ്രവർത്തിക്കാമെങ്കിലും അടച്ചിട്ട തിയറ്ററുകളിലേക്ക് ടൂറിസ്റ്റുകളെ അനുവദിക്കുകയില്ല. തുറസ്സായ റൈഡുകൾ മാത്രമേ അനുവദിക്കൂ.

ഇതോടനുബന്ധിച്ച് നടപ്പാക്കേണ്ട ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച് അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം ചർച്ച ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.കെ. റിജേഷിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാഴച്ചാൽ ഡി.എഫ്.ഒ എസ്.വി. വിനോദ് അടക്കം വനം വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്തു.

മൺസൂൺ കാലമായതിനാൽ അതിരപ്പിള്ളി വെള്ളച്ചാട്ടം സജീവമാണ്. സഞ്ചാരികൾ കാണാനായെത്തിയിരുന്നുവെങ്കിലും കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇതുവരെ ആരെയും പ്രവേശിപ്പിച്ചിരുന്നില്ല. 

Tags:    
News Summary - Athirappilly and Thumburmuzhi will open on August 10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.