സിഡ്നി: രാജ്യാന്തര വിനോദസഞ്ചാരികൾക്കായി രാജ്യത്തിന്‍റെ അതിർത്തികൾ ഉടൻ തന്നെ തുറക്കുമെന്ന് ആസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഞായറാഴ്ച പറഞ്ഞു. ഈ ആഴ്ച പാർലമെന്‍റിൽ വിഷയം ചർച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2020 മാർച്ചിലാണ് ആസ്‌ട്രേലിയ അതിർത്തികൾ അടച്ചത്. കഴിഞ്ഞമാസങ്ങളിൽ സ്വന്തം പൗരന്മാരെയും താമസക്കാരെയും വിദഗ്ധ കുടിയേറ്റക്കാരെയും അന്തർദേശീയ വിദ്യാർത്ഥികളെയും സീസണൽ തൊഴിലാളികളെയും മാത്രം നിയന്ത്രണങ്ങൾക്ക് വിധേയമായി രാജ്യത്തേക്ക് വരാൻ അനുവദിച്ചിരുന്നു.
ഈസ്റ്ററിന് മുമ്പ് അന്താരാഷ്ട്ര അതിർത്തികൾ പൂർണമായും തുറക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ജനുവരിയിൽ മോറിസൺ പറഞ്ഞിരുന്നു. രാജ്യത്ത് മാസങ്ങളായി മോറിസണിന്‍റെ ജനപ്രീതി കുറഞ്ഞുവരികയാണ്. ഒമിക്രോൺ വ്യാപനവും അത് കൈകാര്യം ചെയ്ത രീതിയുമെല്ലാം വിമർശന വിധേയമായിരുന്നു. കൂടാതെ മേയിൽ നടക്കുന്ന ഫെഡറൽ തെരഞ്ഞെടുപ്പിലും സമ്മർദ്ദം നേരിടുന്നുണ്ട്.
കോവിഡ് വ്യാപിക്കുകയും മരണങ്ങൾ തുടരുന്നുണ്ടെങ്കിലും രണ്ടോ മൂന്നോ ആഴ്ചകൾക്കുള്ളിൽ ആസ്‌ട്രേലിയൻ അതിർത്തികൾ വീണ്ടും തുറന്നേക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. 'ഞങ്ങളുടെ അതിർത്തികൾ തുറക്കാനും ആസ്‌ട്രേലിയയിലേക്കുള്ള സന്ദർശകരെ വീണ്ടും സ്വാഗതം ചെയ്യാനും ഉടൻ തീരുമാനിക്കും. അത് വളരെ അകലെയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല' -മോറിസൺ ഞായറാഴ്ച പറഞ്ഞു.
ആസ്‌ട്രേലിയൻ പാർലമെന്‍റിന്‍റെ 2022ലെ ആദ്യ സിറ്റിംഗ് തിങ്കളാഴ്ച ആരംഭിക്കും. വിനോദസഞ്ചാരികൾക്കായി അതിർത്തികൾ വീണ്ടും തുറക്കുന്നത് ഉടൻ തന്നെ ചർച്ച ചെയ്യുമെന്നും മോറിസൺ പറഞ്ഞു.
രാജ്യത്ത് 16 വയസ്സിന് മുകളിലുള്ള യോഗ്യരായ ജനസംഖ്യയുടെ 95 ശതമാനം പേരും ഡബിൾ വാക്സിൻ എടുത്തിട്ടുണ്ട്. കൂടാതെ ഒമ്പത് ദശലക്ഷം പേർ ബൂസ്റ്റർ ഡോസും സ്വീകരിച്ചു കഴിഞ്ഞു. നിലവിൽ രാജ്യത്തേക്ക് വരുന്നവർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരായിരിക്കണം. അതല്ലെങ്കിൽ മെഡിക്കൽ വാക്സിനേഷൻ ഇളവിന്‍റെ സാക്ഷ്യപത്രം നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.