കോവിഡിന് മുമ്പ് ഇന്ത്യക്കാരടക്കമുള്ളവർ ഏറ്റവുമധികം സഞ്ചരിച്ച നാടായിരുന്നു തായ്ലാൻഡും ഇന്തോനേഷ്യയിലെ ബാലി ദ്വീപും. യാത്രകൾ നിലച്ചതോടെ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയായിരുന്നു ഈ നാടുകൾ. ടൂറിസവുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന നിരവധി പേരാണ് പട്ടിണിയിലായത്.
നാട്ടുകാർക്കും സഞ്ചാരികൾക്കും വീണ്ടും പ്രതീക്ഷകളുടെ വാർത്തയാണ് ഇവിടെനിന്ന് വരുന്നത്. ദീർഘനാളത്തെ കാത്തിരിപ്പിനുശേഷം അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്കായി ബാലിയും പട്ടായയുമെല്ലാം തുറക്കുകയാണ്.
അന്താരാഷ്ട്ര ടൂറിസത്തിനായി ബാലി ഒക്ടോബറിൽ വീണ്ടും തുറക്കുമെന്ന് ഇന്തോനേഷ്യൻ ടൂറിസം മന്ത്രി അറിയിച്ചു. മുമ്പ് സഞ്ചാരികൾക്കായി പലതവണ തുറക്കാൻ ശ്രമിച്ചെങ്കിലും കോവിഡ് വ്യാപനം കാരണം അതെല്ലാം വിഫലമാവുകയായിരുന്നു.
അതേസമയം, അതിർത്തികൾ വീണ്ടും തുറക്കുന്ന കൃത്യമായ തീയതി പുറത്തുവിട്ടിട്ടില്ല. അതുപോലെ ഏതെല്ലാം രാജ്യക്കാർക്കാകും യാത്ര ചെയ്യാനാവുക എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമായിരിക്കും പ്രവേശനം. ബാലിയിൽ എത്തിയാൽ വീണ്ടും പരിശോധന നടത്തേണ്ടി വരും.
ഘട്ടം ഘട്ടമായിട്ടാണ് തായ്‌ലാൻഡ് തുറക്കുന്നത്. നേരത്തെ ഫുക്കറ്റടക്കമുള്ള പ്രദേശങ്ങൾ നിയന്ത്രണങ്ങളോടെ തുറന്നിരുന്നു. നാല് ഘട്ടങ്ങളിലായി തുറക്കാനാണ് പദ്ധതിയെന്ന് തായ്‌ലാൻഡ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് നവംബർ മുതൽ ബാങ്കോക്കിലേക്ക് വരാം. ഇതിന്‍റെ പരീക്ഷണ ഘട്ടം ഒക്ടോബർ ഒന്ന് മുതൽ തുടങ്ങും. പരീക്ഷണ ഘട്ടത്തിൽ നാല് ബീച്ച് ഡെസ്റ്റിനേഷനുകളാണ് തുറക്കുക. ആദ്യഘട്ടത്തിൽ ബാങ്കോക്ക്, ക്രാബി, ഫാംഗ്-എൻഗ എന്നിവയുടെ എല്ലാ മേഖലകളും വീണ്ടും തുറക്കും.
കൂടാതെ ബുരി റാം (മുയാങ്), ചിയാങ് മായ് (മുയാങ്, മേ റിം, മേ തായേങ്, ഡോയ് താവോ), ചോൻ ബുരി (പട്ടായ, ബാങ് ലാംഗ്, നാ ജോമ്ടിയൻ, സത്താഹിപ്പ്), ലോയി (ചിയാങ് ഖാൻ), ഫെച്ചാബുരി (ചാ-ആം), പ്രച്യുപ് ഖിരി ഖാൻ (ഹുവ ഹിൻ), റനോംഗ് (കോ ഫായം) എന്നിവയിലേക്കും പ്രവേശനമുണ്ട്.
ഡിസംബർ ഒന്ന് മുതൽ ആരംഭിക്കുന്ന രണ്ടാം ഘട്ടത്തിൽ കലാ-സാംസ്കാരിക കേന്ദ്രങ്ങളും അതിർത്തി പ്രദേശങ്ങളും വീണ്ടും തുറക്കും. രണ്ടാംഘട്ടം ആരംഭിച്ചശേഷം തായ്‌ലാൻഡിലെ 20 പ്രവിശ്യകളിലേക്ക് സഞ്ചാരികൾക്ക് യാത്ര ചെയ്യാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.