വെള്ളമുണ്ട (വയനാട്): കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് അടച്ച ബാണാസുര സാഗർ വീണ്ടും തുറന്നതോടെ സഞ്ചാരികൾ എത്തിത്തുടങ്ങി. ടൂറിസം മേഖലയും ഉണർന്നു.
ഏഴുമാസത്തെ ഇടവേളക്കുശേഷം വ്യാഴാഴ്ചയാണ് സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്. ആദ്യ ദിവസം 187 വിനോദ സഞ്ചാരികൾ എത്തിയതായി ഹൈഡൽ ടൂറിസം വകുപ്പ് അധികൃതർ പറഞ്ഞു. വെള്ളിയാഴ്ചയും ഇരുന്നൂറിനടുത്ത് സഞ്ചാരികൾ അണക്കെട്ട് കാണാനെത്തി.
സഞ്ചാരികളിൽ ഏറെയും സമീപ ജില്ലകളിൽ നിന്നുള്ളവരാണ്. വരുംദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
ഡി.ടി.പി.സിക്കു കീഴിലുള്ള വിനോദ കേന്ദ്രങ്ങൾ തുറക്കാൻ വൈകുന്നതും ബാണാസുരയിലേക്ക് കൂടുതൽ സഞ്ചാരികളെത്തുന്നതിന് കാരണമാകും. നിലവിൽ ബോട്ട് സർവിസും ഡാം സന്ദർശനവും മാത്രമാണ് അനുവദിക്കുന്നത്. സ്വിപലൈൻ, ഹൊറർ തിയറ്റർ എന്നിവ വരുംദിവസങ്ങളിൽ പ്രവർത്തനസജ്ജമാകും.
പൂർണമായി കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത്. സഞ്ചാരികൾ എത്തിയതോടെ സമീപത്തെ ഹോട്ടലുകളിലും റിസോർട്ടുകളിലും കച്ചവട സ്ഥാപനങ്ങളിലും നേരിയ തിരക്കനുഭവപ്പെടുന്നുണ്ട്. ബോട്ടിങ് സർവിസിനോടാണ് ആളുകൾക്ക് പ്രിയം. 16 ബോട്ട് സർവിസ് ഒരുക്കിയിട്ടുണ്ട്. മറ്റ് കേന്ദ്രങ്ങളും പതിയെ ഉണരുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.