ദോഹ: കടുത്ത ചൂടുകാലം മാറി, കുളിര് പെയ്തുതുടങ്ങുന്ന നവംബർ പിറന്നതിനു പിന്നാലെ രാജ്യത്തെ കടൽത്തീരങ്ങളും മരുഭൂമികളും സജീവമായിത്തുടങ്ങുന്നു. രാത്രിയിലും വൈകുന്നേരങ്ങളിലും അന്തരീക്ഷം തണുത്തുതുടങ്ങിയതോടെ ക്യാമ്പിങ്ങിനും ഒത്തുചേരാനുമായി സഞ്ചാരികളും കടൽത്തീരങ്ങളിലേക്ക് വാഹനവുമായി പുറപ്പെടുകയാണ്. തിരക്കേറുന്ന സാഹചര്യത്തിൽ സന്ദർശകരെ വരവേൽക്കാൻ മുനിസിപ്പാലിറ്റി മന്ത്രാലയം നേതൃത്വത്തിൽ ബീച്ചുകളും സജ്ജമായി. രാജ്യത്തെ ബീച്ചുകളിലെല്ലാം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. പ്രധാന ബീച്ചുകളിലെല്ലാം അടിസ്ഥാന സൗകര്യങ്ങളും ആവശ്യമായ സൗകര്യങ്ങളും അധികൃതർ സന്ദർശകർക്കായി സജ്ജമാക്കിയിട്ടുണ്ട്.
പ്രധാന ബീച്ചുകളിൽ പ്രവേശനകവാടത്തിലെ സുരക്ഷാ ജീവനക്കാരെ അറിയിക്കുകയാണെങ്കിൽ ബാർബിക്യൂ പോലുള്ളവ ഉപയോഗിക്കാനുള്ള അനുവാദം ലഭിക്കും. എന്നാൽ, മണലിൽ നേരിട്ട് കരി കത്തിക്കരുതെന്നും ഗ്രിൽ ഉപയോഗിക്കാനും മന്ത്രാലയം വ്യക്തമാക്കിയതായും പ്രാദേശിക ദിനപത്രമായ അർറായ റിപ്പോർട്ട് ചെയ്തു. കത്തിച്ച കരിയും അവശിഷ്ടങ്ങളും കടൽത്തീരത്ത് അലക്ഷ്യമായി ഉപേക്ഷിക്കരുതെന്നും ബീച്ചുകളിൽ അതത് മുനിസിപ്പാലിറ്റികൾ സ്ഥാപിച്ച സ്ഥലങ്ങളിൽ മാത്രമേ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടുള്ളൂവെന്നും അധികൃതർ നിർദേശിച്ചു. നിയമലംഘനം നടന്നാൽ തക്കസമയത്തുതന്നെ പരിശോധന നടത്താനും നിയമനടപടി സ്വീകരിക്കാനും സുരക്ഷാ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ടായിരിക്കും.
ലംഘനങ്ങൾ ഉണ്ടായാൽ പൊതു ശുചിത്വ നിയമമനുസരിച്ച് നിയമലംഘകർക്കെതിരെ റിപ്പോർട്ട് നൽകുന്നതിന് അവർക്ക് പരിസ്ഥിതി പരിശോധനകരെ ബന്ധപ്പെടാവുന്നതാണ്. പരമാവധി 10,000 റിയാലാണ് നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴ. ശൈത്യകാലത്തെ വരവേൽക്കുന്നതിനായി നടത്തിയ ബീച്ച് നവീകരണ പ്രവർത്തനങ്ങളിൽ, സന്ദർശകർക്ക് അവരുടെ ബീച്ച് കായിക വിനോദപ്രവർത്തനങ്ങളിലേർപ്പെടാനുള്ള സൗകര്യങ്ങളും ഉൾപ്പെടും. ബീച്ചുകളിലെ ഇരിപ്പിടങ്ങളും തണലുകളും അറ്റകുറ്റപ്പണികൾ നടത്തി സജ്ജമാക്കിയിട്ടുണ്ട്. ചില ബീച്ചുകളിൽ പ്രത്യേകം വിളക്കുകാലുകൾ സ്ഥാപിച്ച് കൂടുതൽ സൗകര്യങ്ങൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. റസ്റ്റാറന്റുകൾ, കഫേകൾ, കഫറ്റീരിയകൾ തുടങ്ങിയ അടിസ്ഥാന റീട്ടെയിൽ സേവനങ്ങളും ചിലയിടങ്ങളിൽ മന്ത്രാലയം വാഗ്ദാനം ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.