തിരുവനന്തപുരം: ഇടുക്കി ജില്ലയുടെ പ്രത്യേകതകൾ കണക്കിലെടുത്ത് പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ അഞ്ചു വർഷം കൊണ്ട് നടപ്പാക്കുന്ന 12,000 കോടി രൂപയുടെ പാക്കേജാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. ഇടുക്കിയുടെ സമഗ്രവികസനവും സമ്പദ്‌സമൃദ്ധിയും ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് പാക്കേജിലുള്ളത്. ഇതിൽ ടൂറിസം വികസനത്തിനും മുഖ്യശ്രദ്ധയാണ് നൽകുന്നത്. ഇടുക്കിയുടെ മുഖഛായ തന്നെ മാറുന്ന, വിദേശികളെയടക്കം ആകർഷിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളാണ് ഇതുവഴി നടപ്പാക്കുക.
ടൂറിസം മേഖലയിൽ നടപ്പാക്കുന്ന പ്രധാന പ്രവർത്തനങ്ങൾ:
- പ്രാദേശിക ടൂറിസം പ്രോത്സാഹിപ്പിക്കും.
- ഉത്തരവാദിത്വ ടൂറിസം മിഷന് 400 കോടി രൂപയുടെ വായ്പ ലഭ്യമാക്കും.
- കെട്ടിട നിര്‍മാണത്തിന്‍റെ പേരിലുള്ള പരിസ്ഥിതിനാശം പരമാവധി ഒഴിവാക്കി ഈറ്റ, മുള തുടങ്ങിയ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് മനോഹരമായ കോട്ടേജുകള്‍ നിര്‍മിക്കും.
- പലിശ സബ്സിഡിയോട് കൂടി 1000 കോട്ടേജുകൾക്ക് വായ്പ ലഭ്യമാക്കും. 25 കോട്ടേജുകളെങ്കിലും ഒരു സ്ഥലത്ത് നിര്‍മിച്ച് ഇവര്‍ക്ക് പൊതുവായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
- നിലവില്‍ ഫാം ടൂറിസത്തിന് ആവശ്യമായ 50 ഏക്കര്‍ സ്വന്തമായുള്ളവര്‍ കുറവായതിനാല്‍ 10 പേരുടെ ഒരു ഗ്രൂപ്പിന് ഫാം ടൂറിസം സൗകര്യം നല്‍കും. ഇത്തരം 100 കേന്ദ്രങ്ങള്‍ ജില്ലയില്‍ സ്ഥാപിക്കും.
- എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേർന്നുകൊണ്ട് മാലിന്യസംസ്കരണ സംരംഭങ്ങള്‍ ആരംഭിക്കും.
- 10 പുതിയ മൈക്രോ ഡെസ്റ്റിനേഷനുകള്‍ ആരംഭിക്കും.
- ആയുര്‍വേദ ടൂറിസം പ്രോത്സാഹിപ്പിക്കും.
- മൂന്നാര്‍ പട്ടണത്തിനും പ്രാന്തപ്രദേശത്തിനും മാസ്റ്റര്‍പ്ലാന്‍ തയാറാക്കും.
- 100 കോടി രൂപ ചെലവില്‍ കെ.ടി.ഡി.സി, കെ.എസ്.ആര്‍.ടി.സി ബജറ്റ് ഹോട്ടല്‍ സ്ഥാപിക്കും.
- മൂന്നാറിലെ ടൂറിസം വകുപ്പിന്‍റെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍റെ രണ്ടാംഘട്ട പദ്ധതി പൂര്‍ത്തിയാക്കും.
- മൂന്നാര്‍ ട്രെയിന്‍ പദ്ധതി പുനരാവിഷ്കരിക്കും.
- മൂന്നാര്‍ ചരിത്രം സംബന്ധിച്ച് മ്യൂസിയം സ്ഥാപിക്കും.
- ഇടുക്കി ആര്‍ച്ച് ഡാമിനോട് അനുബന്ധിച്ച് ടൂറിസത്തിന്‍റെ 98 ഏക്കര്‍ സ്ഥലത്ത് അഡ്വഞ്ചര്‍ പാര്‍ക്ക്, ത്രീഡി തിയറ്റര്‍, ഉദ്യാനം എന്നിവ ഉള്‍പ്പെടെ സമഗ്രമായ പദ്ധതികള്‍ക്കായി 100 കോടി രൂപ ചെലവഴിക്കും.
- ഇടുക്കി ഡാമിന്‍റെ നിര്‍മാണവും ചരിത്രവും വിനോദ സഞ്ചാരികളെ പരിചയപ്പെടുത്തുന്ന ഇടുക്കി ഡാം എക്സ്പീരിയന്‍ഷ്യല്‍ സെന്‍റര്‍ സ്ഥാപിക്കും.
- അമ്യൂസ്മെന്‍റ് പാര്‍ക്കുകള്‍ക്ക് സാധ്യതയുള്ളിടങ്ങളിൽ സംരംഭകത്വ മാതൃകയിൽ നടപ്പാക്കും.
- പരുന്തുംപാറയില്‍ ഗ്ലാസ് ബ്രിഡ്ജ്, മലങ്കര ഡാമിനോട് ചേര്‍ന്ന് മ്യൂസിക്കല്‍ ഫൗണ്ടന്‍, അയ്യന്‍കോവില്‍ തൂക്കുപാലം നവീകരണം, രാമക്കല്‍മേട്ടില്‍ ബജറ്റ് അക്കോമഡേഷന്‍ ഹോട്ടല്‍ എന്നിവ ഒരുക്കും.
- സത്രം, ചെങ്കര കുരിശുമല, തൂവല്‍, അഞ്ചുരുളി, കുട്ടിക്കാനം എന്നിവിടങ്ങളിലെ ടൂറിസം വികസനം ഏറ്റെടുക്കും.
- സാഹസിക ടൂറിസം കേന്ദ്രങ്ങള്‍ സ്ഥാപിക്കും.
- പ്രധാന കേന്ദ്രങ്ങളില്‍ ടേക്ക് എ ബ്രേക്ക് സ്റ്റേഷനുകള്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സ്ഥാപിക്കും.
- ടൂറിസം കേന്ദ്രങ്ങളില്‍ പ്രത്യേക പാര്‍ക്കിങ് സൗകര്യങ്ങള്‍ വികസിപ്പിക്കും. പ്ലാസ്റ്റിക് നിരോധിക്കും.
- ഇടുക്കി ജില്ലയിലെ വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളെ കൂട്ടിയിണക്കി ടൂറിസം ചെയിന്‍ സർവിസും അനുബന്ധ സൗകര്യങ്ങളും ഒരുക്കും.
- പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള റോഡ് നിര്‍മാണത്തിന് പ്രാധാന്യം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.