കുമളി: തേക്കടിയിലെ ബോട്ട് നിരക്ക് വർധന വിനോദ സഞ്ചാര മേഖലക്ക് തിരിച്ചടിയായി. നിരക്ക് കുത്തനെ വർധിപ്പിച്ചതോടെ സഞ്ചാരികൾ തേക്കടിയെ ഉപേക്ഷിച്ചുതുടങ്ങി. കോവിഡ് പശ്ചാത്തലത്തിൽ ബസുകൾ ഉൾെപ്പടെ സംസ്ഥാനത്തെ വിവിധ യാത്ര മേഖലകളിൽ സർക്കാർ നിരക്ക് വർധന നടപ്പാക്കിയിരുന്നു.
എന്നാൽ, ഇവയെല്ലാം പിൻവലിക്കുകയോ മാറ്റം വരുത്തുകയോ ചെയ്തെങ്കിലും തേക്കടിയിലെ ബോട്ട് ടിക്കറ്റ് നിരക്ക് വർധനമാത്രം പിൻവലിക്കാൻ തയാറായിട്ടില്ല. മുമ്പ് 240 രൂപയായിരുന്ന ടിക്കറ്റ് നിരക്ക് 385 രൂപയായാണ് വർധിപ്പിച്ചത്.
ഇതിനു പുറമെ പ്രവേശന നിരക്ക്, പാർക്കിങ് നിരക്ക് എന്നിവയും വർധിപ്പിച്ചു. ഇതോടെ ബോട്ട് സവാരിക്കെത്തുന്ന വിനോദ സഞ്ചാരി 500 രൂപയെങ്കിലും ചെലവഴിച്ചാൽ മാത്രമേ തടാകത്തിൽ ബോട്ട് സവാരി നടത്താൻ കഴിയുകയുള്ളൂ.
നാലുപേർ അടങ്ങുന്ന കുടുംബം തേക്കടിയിൽ ബോട്ട് സവാരി നടത്താൻ മാത്രം 2000 രൂപ ചെലവഴിക്കണം. വിനോദസഞ്ചാര മേഖലയിൽ ഇപ്പോഴുള്ള ആഭ്യന്തര സഞ്ചാരികളെ പരമാവധി ആകർഷിക്കാൻ ഹോട്ടലുകൾ, ഹോം സ്റ്റേകൾ, റിസോർട്ടുകൾ എന്നിവ നിരക്കുകൾ പകുതിയാക്കി കുറച്ച് ശ്രമം തുടരുമ്പോഴാണ് ബോട്ട് ടിക്കറ്റ് നിരക്കിലെ വർധന തിരിച്ചടിയാകുന്നത്.
ബോട്ട് ടിക്കറ്റ് നിരക്കിലെ വൻ വർധന കാരണം ബോട്ട് ലാൻഡിങ്ങിലെത്തുന്ന മിക്ക സഞ്ചാരികളും ബോട്ട് സവാരി ഉപേക്ഷിച്ച് ജില്ലയിലെ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.