കുമളി: തേക്കടിയിൽ അവധി ദിനങ്ങൾ ആഘോഷിക്കാനെത്തുന്ന വിനോദസഞ്ചാരികളുടെ തിരക്ക് തുടങ്ങി. വേനൽ ചൂടിൽനിന്ന് ആശ്വാസം തേടിയെത്തിയവരുടെ ഉള്ളം കുളിർപ്പിച്ച് മഴകൂടി എത്തിയതോടെ സഞ്ചാരികൾക്കും സന്തോഷം. കഴിഞ്ഞ ശനിയാഴ്ച മുതൽ തുടങ്ങിയ തിരക്ക് വ്യാഴവും വെള്ളിയും പിന്നിട്ട് അടുത്ത തിങ്കൾവരെ തുടരാനാണ് സാധ്യത.
തേക്കടി ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം സൗജന്യമാക്കിയതോടെ സന്ദർശകർക്ക് ഇരട്ടി സന്തോഷം. വനം-വന്യജീവി വാരത്തോടനുബന്ധിച്ചാണ് പ്രവേശനം സൗജന്യമാക്കിയത്. തമിഴ്നാട്ടിൽനിന്ന് കുട്ടികൾ ഉൾപ്പെടെ കുടുംബസമേതം എത്തുന്ന സഞ്ചാരികൾക്ക് പ്രവേശനം സൗജന്യമാക്കിയത് ഏറെ ഗുണം ചെയ്തു. ഒരാഴ്ചയോളം അവധി ലഭിച്ചതോടെ തേക്കടിയിലെ കെ.ടി.ഡി.സി ഹോട്ടലുകളായ പെരിയാർ ഹൗസ്, ആരണ്യ നിവാസ്, ലേക് പാലസ് എന്നിവിടങ്ങളിലും തിരക്കായി. ബജറ്റ് ഹോട്ടലായ പെരിയാർ ഹൗസിൽ താമസിക്കുന്നതിനാണ് സഞ്ചാരികൾ മുൻഗണന നൽകുന്നത്.
ടൗണിലും പരിസരങ്ങളിലുമുള്ള നിരവധി ഹോട്ടലുകൾ, ഹോം സ്റ്റേകൾ എന്നിവയെല്ലാം സഞ്ചാരികളുടെ വരവോടെ സജീവമായി. തടാകതീരം വെള്ളത്തിൽ മുങ്ങിയതോടെ ആനക്കൂട്ടത്തെ കാണാനില്ലങ്കിലും അടിക്കടി ബോട്ട് ലാൻഡിങ്ങിലെത്തി കുസൃതികൾ കാണിക്കുന്ന ആന ഞായറാഴ്ചയും പതിവു തെറ്റിച്ചില്ല. കാട്ടിലെ കാഴ്ചകൾക്കൊപ്പം മഴയുടെ കുളിരും കാറ്റും ആസ്വദിച്ചാണ് സഞ്ചാരികളുടെ തേക്കടി ദിനങ്ങൾ കടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.