എരുമപ്പെട്ടി: കാഞ്ഞിരക്കോട് കൊടുമ്പ് ചാത്തന്‍ചിറ ഡാം നിറഞ്ഞൊഴുകി. ഒരാഴ്ചയായി പെയ്യുന്ന മഴയിൽ കാടുകളില്‍നിന്നുള്ള ശക്തമായ നീരൊഴുക്കിലാണ് നിറഞ്ഞത്. വേനലിലും കാടുകളിൽനിന്നുള്ള നീരൊഴുക്ക് നിലക്കത്ത അപൂർവം ഡാമുകളിലൊന്നാണ് ചാത്തൻചിറ. നാട്ടുകാർ കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും പ്രധാനമായും ആശ്രയിക്കുന്ന ഈ ഡാം സമീപദേശത്തെ ഏറ്റവും വലിയ ജലസേചന സ്രോതസ്സുകൂടിയാണ്.
ഇരുനൂറോളം വര്‍ഷം മുമ്പ് ശര്‍ക്കര, ചുണ്ണാമ്പ് മിശ്രിതങ്ങള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചത്. 2016ൽ ആർ.ഐ.ഡി.എഫ് പദ്ധതി നിർവഹണ വകുപ്പ് കേരള ലാൻഡ് ഡെവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡിെൻറ സഹകരണത്തോടെ ചളി നീക്കി. ആഴംകൂട്ടി ഇരുകരകളും വൃത്തിയാക്കി ബലപ്പെടുത്തി. പുതുതായി വാൽവ് നിർമിക്കുകയും പ്രദേശത്ത് സോളാർ ലൈറ്റുകൾ സ്ഥാപിക്കുകയും ചെയ്തു. പത്ത് മീറ്ററോളം ഉയരവും നൂറ് മീറ്ററോളം വീതിയുമുള്ള ഡാമിെൻറ ജലാശയത്തിന് നാലര ഏക്കറോളം വിസ്തൃതിയുണ്ട്.
വടക്കാഞ്ചേരി, എരുമപ്പെട്ടി പഞ്ചായത്തുകളിലെ പ്രധാന കൃഷിയിടങ്ങളെല്ലാം ചാത്തന്‍ചിറയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. നെല്ല്, വാഴ, പച്ചക്കറി എന്നിവയാണ് പ്രധാന കൃഷികള്‍.
ചാത്തന്‍ചിറ ഡാമില്‍നിന്ന് നിറഞ്ഞൊഴുകുന്ന വെള്ളം കൊടുമ്പ് കാഞ്ഞിരക്കോട് പാടശേഖരത്തിലൂടെ ഒഴുകി പള്ളിമണ്ണയില്‍ എത്തി വടക്കാഞ്ചേരി പുഴയിൽ ചേരുന്നു. ഡാം നിറഞ്ഞൊഴുകുന്ന കാഴ്ച ആസ്വദിക്കാനും സമീപത്തെ വനത്തിലൂടെയുള്ള യാത്രക്കും നിരവധിപേർ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.