മൂന്നാർ: കാലംതെറ്റിയ കാലാവസ്ഥയും അടിക്കടി പ്രഖ്യാപിക്കുന്ന അലർട്ടുകളും മൂന്നാർ ടൂറിസം മേഖലയുടെ താളംതെറ്റിക്കുന്നു. മധ്യവേനൽ അവധിക്കാലം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ മൂന്നാറിലെത്തുന്നത് പൂജ അവധി ദിനങ്ങളിലാണ്. ശൈത്യകാല ടൂറിസം സീസൺ ആരംഭിക്കുന്നതും ഈ സമയത്താണ്. ഉത്തരേന്ത്യക്കാരാണ് ഈ സമയത്തെ സഞ്ചാരികളിലേറെയും.
സാധാരണ പൂജ അവധി ദിനങ്ങളിൽ മൂന്നാറിലെ ഹോട്ടലുകളെല്ലാം നിറഞ്ഞ് കവിയാറുണ്ട്. എന്നാൽ, ടൂറിസം മേഖലക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് ഇത്തവണത്തെ കാലാവസ്ഥ മാറ്റം വരുത്തിവെച്ചത്. മിക്ക ഹോട്ടലുകളും കാലിയാണ്.
ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്ന തിങ്കളാഴ്ച മൂന്നാറിൽ സന്ദർശകർ തീർത്തും കുറവായിരുന്നു. മുറികൾ മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന പലരും കാലാവസ്ഥ ഭയന്ന് അവ റദ്ദാക്കുകയും ചെയ്യുന്നു. ശൈത്യകാല സീസൺ ലക്ഷ്യമിട്ട് ടൂറിസം മേഖലയിൽ ഒരുക്കം നടന്നുവരുകയായിരുന്നു.
ഹൈഡൽ ടൂറിസത്തിന്റെ ഉടമസ്ഥതയിൽ പഴയ മൂന്നാറിലുള്ള ഹൈഡൽ ഉദ്യാനത്തിലും ടൂറിസം വകുപ്പിന്റെ ബോട്ടാണിക്കൽ ഉദ്യാനത്തിലും നവീകരണ ജോലികൾ നടന്ന വരുകയാണ്. എന്നാൽ, പ്രതികൂല കാലാവസ്ഥയും സഞ്ചാരികളുടെ എണ്ണക്കുറവും ഒരുക്കങ്ങളെയും ബാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.