ന്യൂഡൽഹി: അടുത്തയാഴ്ച ബ്രിട്ടനിൽ കോവിഡ് വാക്സിൻ നൽകിത്തുടങ്ങുമെന്ന വാർത്ത ലോകം ഏറെ പ്രതീക്ഷയോടെയാണ് കേട്ടത്. അതിെൻറ അലയടികൾ ഇന്ത്യയിലും വന്നിരിക്കുകയാണ്.
എങ്ങനെയെങ്കിലും ബ്രിട്ടനിലെത്തി വാക്സിനേഷനെടുക്കാൻ സാധിക്കുമോ എന്നറിയാനുള്ള പരക്കംപാച്ചിലിലാണ് പലരും. രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ ട്രാവൽ ഏജൻറുമാർക്ക് ഇത്തരത്തിൽ നിരവധി അന്വേഷണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
ജനങ്ങളുടെ അന്വേഷണം വർധിച്ചതോടെ ഒരു ട്രാവൽ ഏജൻസി മൂന്ന് ദിവസം വരുന്ന ബ്രിട്ടൻ കോവിഡ് പാക്കേജ് വരെ നൽകാനുള്ള തയാറെടുപ്പിലാണ്. എപ്പോൾ, എങ്ങനെ പോകാനുകുമെന്ന ചോദ്യങ്ങളാണ് ട്രാവൽ ഏജൻറുമാർക്ക് മുന്നിൽ വരുന്നത്.
അതേസമയം, ബ്രിട്ടനിലെ വാക്സിനേഷൻ പുറത്തുനിന്ന് വരുന്നവർക്ക് ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല. ഇന്ത്യക്കാർക്ക് ലഭിക്കുമോ എന്ന അന്വേഷണത്തിലാണ് ട്രാവൽ ഏജൻറുമാരും.
ബുധനാഴ്ച കോവിഡ് വൈറസിനെതിരെ കൂട്ട പ്രതിരോധ കുത്തിവെപ്പിന് ബ്രിട്ടൻ അനുമതി നൽകിയത്. ന്യൂയോർക് ആസ്ഥാനമായ ഫൈസർ ബയോഫാർമസ്യൂട്ടിക്കൽസും ജർമൻ കമ്പനിയായ ബയോൺടെക്കും സംയുക്തമായി വികസിപ്പിച്ച വാക്സിനാണ് ബ്രിട്ടൻ അനുമതി നൽകിയത്. മനുഷ്യരിൽ നടത്തിയ മൂന്നാംഘട്ട പരീക്ഷണങ്ങളിൽ 95 ശതമാനം വരെ ഫലപ്രാപ്തി അവകാശപ്പെട്ട വാക്സിനാണ് ഫൈസർ-ബയോൺടെക്കിേൻറത്.
ആദ്യ ഘട്ടത്തിൽ എട്ടുലക്ഷം ഡോസ് വാക്സിനാണ് നൽകുക. 21 ദിവസം ഇടവിട്ട് രണ്ട് ഡോസ് വാക്സിൻ വീതം നാലുലക്ഷംപേർക്ക് ഇത് നൽകാനാകും. ആകെ 40 ദശലക്ഷം ഡോസ് വാക്സിൻ ബ്രിട്ടൻ വാങ്ങുന്നുണ്ട്. ഒരു ഡോസ് വാക്സിന് 14.80 പൗണ്ടാണ് വില(1,454 രൂപ).
രാജ്യത്തെ സ്വയംഭരണ സ്ഥാപനമായ മരുന്ന് - ആരോഗ്യ നിയന്ത്രണ അതോറിറ്റിയാണ് (എം.എച്ച്.ആർ.എ) അടിയന്തര ഉപയോഗത്തിനായി വാക്സിൻ വാങ്ങാൻ ഗവൺമെൻറിന് അനുമതി നൽകിയത്. ഇതുവരെയുള്ള പരീക്ഷണഫലങ്ങൾ സൂക്ഷ്മമായി പഠിച്ചും വാക്സിൻ പരമാവധി സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്ന് വിലയിരുത്തിയുമാണ് എം.എച്ച്.ആർ.എ വിദഗ്ധർ ശിപാർശ സമർപ്പിച്ചതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. മൈനസ് 70 ഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കണമെന്നതിനാൽ രാജ്യവ്യാപകമായി വാക്സിൻ വിതരണം ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ബ്രിട്ടെൻറ ആരോഗ്യ വകുപ്പ് സെക്രട്ടറി മാറ്റ് ഹാൻകോക്ക് 'സ്കൈ ന്യൂസി'നോട് പറഞ്ഞു.
കൊറോണ വൈറസിൽനിന്ന് വേർതിരിച്ചെടുത്ത സൂക്ഷ്മ ജനിതകഘടകത്തെ ഉപയോഗപ്പെടുത്തി ശരീരത്തെ കോവിഡിനെതിരെ പോരാടാൻ പര്യാപ്തമാക്കുകയാണ് ഫൈസർ-ബയോൺടെക് വാക്സിൻ ചെയ്യുന്നത്. മെസഞ്ചർ ആർ.എൻ.എ എന്ന എം.ആർ.എൻ.എ (ജൈവ തന്മാത്ര) അടിസ്ഥാനമാക്കിയാണ് വാക്സിൻ നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.