ന്യൂഡൽഹി: ഡൽഹിയിൽനിന്ന് ആരംഭിച്ച് നേപ്പാളിന്‍റെ തലസ്ഥാനമായ കാഠ്മണ്ഡുവിലേക്കുള്ള മൈത്രി ബസ് സർവിസ് പുനരാരംഭിക്കാനുള്ള പദ്ധതിയുമായി ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ. ഏഴ് വർഷം മുമ്പ് ആരംഭിച്ച സർവിസ് 2020 മാർച്ചിൽ കോവിഡിനെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു.
അതേസമയം, സർവിസ് പുനരാരംഭിക്കാനുള്ള തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും ഇതിനായി ശുപാർശ വിദേശകാര്യ മന്ത്രാലയത്തിന് അയക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഡൽഹി ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ (ഡി.ടി.സി) ഉദ്യോഗസ്ഥൻ വാർത്ത ഏജൻസിയെ അറിയിച്ചു. ശുപാർശ അംഗീകരിക്കപ്പെട്ടാൽ സർവിസ് ഉടൻ പുനരാരംഭിക്കും.
2014ലാണ് ഡി.ടി.സി നേപ്പാളിലേക്ക് ബസ് സർവിസുകൾ ആരംഭിക്കുന്നത്. 1250 കിലോമീറ്റർ ദൂരം 30 മണിക്കൂർ കൊണ്ടാണ് പിന്നിടുക. ഡൽഹിയിലെ അംബേദ്കർ സ്റ്റേഡിയം ബസ് ടെർമിനലിൽനിന്ന് ആരംഭിക്കുന്ന സർവിസ് പശുപതിനാഥ ക്ഷേത്രത്തിന് സമീപം സ്ഥിതി ചെയ്യുന്ന കാഠ്മണ്ഡു ബസ് സ്റ്റാൻഡിൽ അവസാനിക്കും.
ഡൽഹിയിൽനിന്ന് ആരംഭിച്ച് ആഗ്ര (യമുന എക്സ്പ്രസ് വേ), ഫിറോസാബാദ്, കാൺപുർ, ലഖ്നൗ, ഗോരഖ്പുർ എന്നീ സ്ഥലങ്ങൾ പിന്നിട്ട് സുനൗലി അതിർത്തിയിലെത്തും. കസ്റ്റംസ് പരിശോധനക്ക് ശേഷം നേപ്പാളിലെ തിലോത്തമ, രൂപന്ദേഹി, കാവസതി, നാരായൺഗഢ് വഴി കാഠ്മണ്ഡുവിലെത്തും.
ഇന്ത്യയിൽ ബസ് സർവിസ് നടത്തുന്നത് ഡി.ടി.സിയാണ്. നേപ്പാളിൽ ഫെഡറേഷൻ ഓഫ് നേപ്പാൾ നാഷനൽ ട്രാൻസ്പോർട്ട് എന്റർപ്രണേഴ്സിനാണ് (എഫ്.എൻ.എൻ.ടി.ഇ) സർവിസ് ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.