ദമ്മാം: വ്യത്യസ്തമായ കാലാവസ്ഥയും വൈവിധ്യമാർന്ന ഭൂപ്രകൃതിയും പ്രകൃതിരമണീയതയും പുത്തൻ അനുഭവങ്ങൾ സമ്മാനിക്കുന്ന വിനോദസഞ്ചാര കേന്ദ്രമായി സൗദി അറേബ്യ മാറുന്നു. കോവിഡ് പ്രതിസന്ധിക്ക് ശേഷം ലോക വിനോദസഞ്ചാര ഭൂപടത്തിൽ സവിശേഷ സ്ഥാനത്ത് അടയാളപ്പെട്ട സൗദിയിലേക്ക് നിരവധി സഞ്ചാരികളാണ് എത്തിക്കൊണ്ടിരിക്കുന്നത്. സൗദി ടൂറിസം മേഖലയിൽ അഭൂതപൂർവമായ വളർച്ചയാണ് ഇക്കഴിഞ്ഞ വർഷങ്ങളിലുണ്ടായത്. 2021നെ അപേക്ഷിച്ച് 93 ശതമാനം വളർച്ചയാണ് സൗദി ടൂറിസം മേഖലയിൽ ഉണ്ടായത്.
‘സൗദി അറേബ്യയുടെ മാലദ്വീപ്’ എന്നറിയപ്പെടുന്ന ‘ഉംലജ്’ മുതൽ പുരാതന മരുപ്പച്ച നഗരമായ ‘അൽ ഉല’യിലേക്കും തെക്കൻ അസീർ മേഖലയിലെ ശീതള പർവതപ്രദേശമായ അൽസുദയിലേക്കും ആഗോള ട്രാവൽ ഏജൻസികൾ നിരവധി വിനോദ സഞ്ചാരികളെയാണ് എത്തിച്ചുകൊണ്ടിരിക്കുന്നത്. സൗദിയിൽ കടുത്ത ചൂട് അനുഭവപ്പെടുന്ന കാലാവസ്ഥയിലും സമശീതോഷ്ണ മേഖലയായ അൽസുദയും അസീർ പ്രവിശ്യയും വിനോദസഞ്ചാരികൾക്ക് പ്രിയം നിറഞ്ഞതാണ്.
പുരാതന മരുപ്പച്ച നഗരമായ അൽഉലയാണ് സന്ദർശകർക്ക് ഏറെ പ്രിയപ്പെട്ട മറ്റൊരു കേന്ദ്രം. ഇവിടുത്തെ വികസനവുമായി ബന്ധപ്പെട്ട് 2017 മുതൽ ആരംഭിച്ച പദ്ധതികൾ സന്ദർശകരെ കൂടുതൽ ആകർഷിക്കുന്നതിന് കാരണമായിട്ടുണ്ട്. ആഡംബര ഹോട്ടൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട് എന്നതും പ്രത്യേകതയാണ്.
പകൽ ചൂട് വളരെ ഉയരുമെങ്കിലും ഗൾഫിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് അൽഉല മേഖലയിൽ അഞ്ച് ഡിഗ്രിക്ക് താഴെ വരെ ചൂട് കുറയുന്ന തണുപ്പുറയുന്ന സ്ഥലങ്ങളുമുണ്ട്. കൂടാതെ ഈർപ്പം കുറവും. കൂടാതെ ആസ്വാദ്യകരമായ പ്രഭാതങ്ങളും ഇവിടം സന്ദർശകർക്ക് പ്രിയതരമാക്കുന്നു.
വേനലിൽ ചൂട് അസ്സഹനീയമായി അനുഭവപ്പെടുന്ന ദിവസങ്ങളിൽ പോലും, സന്ദർശകർക്ക് ആസ്വദിക്കാൻ കഴിയുന്ന ഇൻഡോർ വിനോദ പ്രവർത്തന സൗകര്യങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ‘ഹാബിറ്റാസ് അൽഉല’, ‘അഷർ വാലിയിലെ ബനിയൻ ട്രീ’തുടങ്ങിയവ ഇത്തരത്തിലുള്ള വെൽനസ് പാക്കേജുകളാണ്. ഹെഗ്ര, ദാദൻ, ജബൽ ഇഖ്മ, ഹരാത്ത് വ്യൂ പോയന്റ് എന്നിവയും സന്ദർശകരെ ആകർഷിക്കുന്നു.
സന്ദർശകർക്ക് ഈ പ്രദേശത്തെ മനോഹരമായ പൈതൃക കേന്ദ്രങ്ങൾക്ക് മുകളിൽ ഹെലികോപ്റ്റർ ടൂർ ആസ്വദിക്കാനുള്ള സൗകര്യവുമുണ്ട്. അൽ ജദിദ ആർട്സ് ഡിസ്ട്രിക്റ്റിന് ചുറ്റും ഇങ്ങനെ ആകാശസഞ്ചാരം നടത്താനാവും. കൂടാതെ വിശാലമായ മരുഭൂമിയിൽ നക്ഷത്ര വീക്ഷണവും നടത്താം.
വടക്കൻ തബൂക്ക് പ്രവിശ്യയിലെ പർവതപ്രദേശത്ത്, മണൽക്കല്ലിലെ കൊത്തുപണികളും ശവകുടീരങ്ങളും ഉൾപ്പെടെയുള്ള അപൂർവ പുരാവസ്തു സ്ഥലങ്ങളും ഉൾക്കൊള്ളുന്ന, ഈന്തപ്പനകളുടെ താഴ്വരയായ ‘വാദി ദിസ’യും ഇവിടെയുണ്ട്. വേനൽക്കാലത്ത് തണുത്ത കാലാവസ്ഥ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ മറ്റൊരു പ്രദേശമാണ് പടിഞ്ഞാറൻ മേഖലയിലെ ത്വാഇഫ്. വേനൽക്കാലത്ത് ഇതിന്റെ ശരാശരി താപനില 26നും 36നും ഇടയിലാണ്.
സരവത് പർവതനിരകളുടെ കിഴക്ക് ഭാഗത്താണ് ത്വാഇഫ് നഗരം സ്ഥിതി ചെയ്യുന്നത്. ഇവിടെ സന്ദർശകർക്ക് കാൽനടയാത്ര നടത്താനും പ്രകൃതിദത്തമായ അന്തരീക്ഷം ആസ്വദിക്കാനും കഴിയും. തെക്കുപടിഞ്ഞാറൻ നഗരമായ അൽ ബാഹയാണ് മറ്റൊരു വേനൽക്കാല ഉല്ലാസകേന്ദ്രം. സന്ദർശകർക്ക് സരവത് പർവതനിരകൾക്കുള്ളിൽ സ്ഥിതി ചെയ്യുന്ന, 400 വർഷം പഴക്കമുള്ള തെഐൻ ഗ്രാമം കാണാനും സൗദി പൈതൃകം, സംസ്കാരം, പ്രകൃതിദൃശ്യങ്ങൾ എന്നിവ ആസ്വദിക്കാനും കഴിയും.
ഏതാനും വർഷങ്ങൾക്കുള്ളിൽ, സൗദി അറേബ്യ വിനോദസഞ്ചാരികളുടെ ഒരു പ്രധാന ലക്ഷ്യസ്ഥാനമായി മാറ്റുന്നതിനുള്ള ഒരുക്കത്തിലാണ് അധികൃതർ. 2030ഓടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ഏറ്റവും കൂടുതൽ പിന്തുണക്കുന്ന മേഖലയായി ടൂറിസം മാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.