എടവണ്ണപ്പാറ: ചാലിയാറിൽ 2000 കോടി രൂപ ചെലവിട്ട് വിപുലമായ ടൂറിസം പദ്ധതിക്ക് കളമൊരുങ്ങുന്നു. ഡ്രീം മലബാർ ടൂറിസം പദ്ധതി എന്ന പേരിലുള്ള സംരംഭത്തിന് ചുക്കാൻ പിടിക്കുന്നത് ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘമാണ്. ചാലിയാറിലെ ഊർക്കടവ് കവണക്കല്ല് പാലം മുതൽ നിലമ്പൂർ ഉൾപ്പെടെയുള്ള പഞ്ചായത്തുകളുടെയും നഗരസഭകളുടെയും സഹകരണത്തോടെയാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ഒന്നാം ഘട്ടം ചാലിയാറിലെ ഊർക്കടവിൽ മാർച്ചോടെ ഉദ്ഘാടനം ചെയ്യും. നിർമാണം പുരോഗമിക്കുന്ന എളമരം, കൂളിമാട് പാലങ്ങൾ യാഥാർഥ്യമാവുന്നതോടെ അവശേഷിക്കുന്ന ഘട്ടങ്ങളും പൂർത്തീകരിക്കുമെന്ന് അധികൃതർ പറയുന്നു.
ചാലിയാറുമായി ബന്ധപ്പെട്ട് എന്തെല്ലാം പദ്ധതികൾ നടപ്പാക്കാൻ കഴിയുമെന്ന് പരിശോധിക്കാൻ ഫ്രാൻസിൽനിന്നുള്ള സംഘം കഴിഞ്ഞാഴ്ചയാണ് എത്തിയത്. ഗ്ലോബ് കൈറ്റേഴ്സ് പ്രസിഡന്റ് മക്സിം ഡേവിഡ്, കാറ്റിയ സെൻ, മാരി പിയേരി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ചാലിയാറിലെ വെട്ടുപ്പാറ-കുറിഞ്ഞമാട്, എളമരം, ഊർക്കടവ് പ്രദേശങ്ങൾ സംഘം സന്ദർശിച്ചു.
കീഴുപറമ്പ്: ചാലിയാർ അഡ്വഞ്ചർ ടൂറിസവുമായി ബന്ധപ്പെട്ട് ഫ്രാൻസിൽനിന്നുള്ള സംഘം കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ മുറിഞ്ഞമാട് സന്ദർശിച്ചു. കീഴുപറമ്പ് മുറിഞ്ഞമാടിൽനിന്ന് മാവൂർ എളമരം കടവുവരെ ബോട്ടിൽ സഞ്ചരിച്ച് ചാലിയാറിലെ വാട്ടർ സ്പോർട്സ് സാധ്യതകളെക്കുറിച്ച് സംഘം പഠനം നടത്തി. ഡ്രീം ചാലിയാർ പ്രോജക്ട് ടൂറിസം മേഖലയിൽ ഏറെ സാധ്യതകൾ ഉള്ളതാണെന്നും പ്രദേശത്തെ ഭൂപ്രകൃതി അനുയോജ്യമാണെന്നും ഇവർ അഭിപ്രായപെട്ടു. കേരള സർക്കാറിനും ടൂറിസം വകുപ്പിനും പഠന റിപ്പോർട്ട് സമർപ്പിക്കുമെന്നും അറിയിച്ചു. മഴക്കാലത്തെ സാധ്യതകൾ പഠിക്കാൻ മറ്റൊരു സംഘം കൂടി എത്തുമെന്ന് പദ്ധതി ചീഫ് കോഓഡിനേറ്റർ ഗുലാം ഹുസൈൻ കൊളക്കാടൻ പറഞ്ഞു.
സന്ദർശനശേഷം നടന്ന അവലോകന യോഗം മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡ്രീം ചാലിയാർ ചെയർമാൻ കമ്മദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫിയ, വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ, മാവൂർ ഗ്രാമപഞ്ചായത്ത് അംഗം മോഹൻദാസ്, ഡ്രീം ചാലിയാർ പ്രോജക്ട് സി.ഇ.ഒ എ.സി അബ്ദുറഹ്മാൻ, കൈറ്റ് ഇന്ത്യ ക്യാപ്റ്റൻ അബ്ദുല്ല മാളിയേക്കൽ, സി.ടി. അബ്ദുൽ മജീദ്, അബ്ദുസ്സലാം കോട്ടൺ സ്പോട്ട്, അസീസ് ഒറ്റയിൽ വിജയൻ കോഴിക്കോട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.