മലപ്പുറം: ജില്ലയിൽ വിനോദസഞ്ചാര മേഖല പ്രോത്സാഹിപ്പിക്കാൻ പദ്ധതിയുമായി ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡി.ടി.പി.സി). കോളജുകളിൽ ടൂറിസം ക്ലബുകൾ രൂപവത്കരിച്ച് വിദ്യാർഥികൾ വഴിയാണ് പ്രാദേശിക ടൂറിസം വികസിപ്പിക്കാൻ ഒരുങ്ങുന്നത്. ജില്ലയിൽ ആദ്യഘട്ടത്തിൽ 39 കോളജുകളിൽ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ടൂറിസം ക്ലബുകൾ രൂപവത്കരിക്കും. ജില്ലയിലെ 39 കോളജുകൾക്കും ടൂറിസം ക്ലബ് രൂപവത്കരിക്കാൻ പ്രാഥമിക അനുമതി ടൂറിസം വകുപ്പ് നൽകി.
രണ്ടാംഘട്ടത്തിൽ കോളജുകളുടെ കോഴ്സുകളും അക്കാദമിക നിലവാരവും ടൂറിസം വകുപ്പ് കൃത്യമായി പരിശോധിക്കും. ഇത് പൂർത്തീകരിച്ചാൽ മൂന്നാം ഘട്ടത്തിൽ വിദ്യാർഥികളുടെ വിവരങ്ങൾ അടക്കം ടൂറിസം വകുപ്പ് അനുവദിക്കുന്ന വെബ് സൈറ്റിൽ അപ് ലോഡ് ചെയ്യണം. ഇതോടെ കോളജുകളിൽ ടൂറിസം ക്ലബുകൾ കോളജ് തലങ്ങളിൽ യാഥാർഥ്യമാകും. 50 പേർക്കാണ് ഒരു കോളജിലെ ടൂറിസം ക്ലബിൽ ഉൾപ്പെടാനാകുക. രണ്ടുവർഷം ഒരു വിദ്യാർഥിക്ക് ക്ലബിൽ അംഗത്വമുണ്ടാകും. ക്ലബുകൾക്ക് ഓരോ ടൂറിസം കേന്ദ്രങ്ങൾ മേൽനോട്ടത്തിനായി ഡി.ടി.പി.സി അനുവദിക്കും. ഈ കേന്ദ്രങ്ങളുടെ പരിപാലനം, മേൽനോട്ടം, ശുചീകരണം, മാലിന്യ സംസ്കരണം അടക്കമുള്ള ചുമതലകൾ ക്ലബുകൾ വഹിക്കണം.
ഒക്ടോബർ മുതൽ ഡി.ടി.പി.സി ടൂറിസം ക്ലബുകളുമായി സഹകരിച്ച് ഒരു മാസം നീളുന്ന ടൂറിസം യജ്ഞം നടത്തും. ടൂറിസം ക്ലബിലെ വിദ്യാർഥികളെ പ്രയോജനപ്പെടുത്തി വിനോദ സഞ്ചാര മേഖലയിൽ മാലിന്യമുക്തമാക്കൽ, പരിപാലന ജോലികൾ, ഓൺലൈൻ പ്രചാരണം തുടങ്ങിയ പരിപാടികളാണ് നടക്കുക. ഇതുവഴി ജില്ലയിലെ ടൂറിസം മേഖല കൂടുതൽ ജനകീയമാക്കുകയാണ് ലക്ഷ്യം. ഓരോ കേന്ദ്രങ്ങൾക്കും ആവശ്യമായ പ്രചാരണവും പിന്തുണയും നൽകിയാൽ മാത്രമേ മേഖലയെ ഉയർത്താനാകൂവെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ഡി.ടി.പി.സിക്ക് കീഴിലുള്ള പടിഞ്ഞാറെക്കര ബീച്ച്, തിരൂർ ടൂറിസം പദ്ധതി, ഒട്ടുംപുറം ബീച്ച്, ബീയം കായൽ, ബീയം പാലം, മിനി പമ്പ, കുറ്റിപ്പുറം നിളയോരം പാർക്ക്, കോട്ടക്കുന്ന്, കലക്ടറേറ്റ് ശാന്തിതീരം, വണ്ടൂർ ടൗൺ സ്ക്വയർ, കേരളകുണ്ട്, ആഢ്യൻപാറ, കരുവാരകുണ്ട്, ചമ്രവട്ടം സ്നേഹപാത എന്നിവിടങ്ങൾ മനോഹരമാക്കാനാണ് തീരുമാനം. കൂടാതെ ടൂറിസം ക്ലബുകൾ കണ്ടെത്തുന്ന പുതിയ കേന്ദ്രങ്ങളും ഡി.ടി.പി.സി അതത് തദ്ദേശ സ്ഥാപനവുമായി സഹകരിപ്പിച്ച് പരിപോഷിപ്പിക്കാനും പദ്ധതിയുണ്ട്.
ജില്ലയിലെ ചരിത്ര -സാംസ്കാരിക -സാമൂഹിക തലങ്ങളിലുമായി ബന്ധപ്പെട്ട് കിടക്കുന്ന സ്ഥലങ്ങള്‍ ക്രോഡീകരിച്ച് അറിവ് പകരുന്ന ടൂറിസം സാധ്യതകളും അധികൃതർ പ്രയോജനപ്പെടുത്തും. ഈ മേഖലകളെ ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തുന്നതിനൊപ്പം സഞ്ചാരികള്‍ക്ക് പൂര്‍ണ വിവരങ്ങൾ പകര്‍ന്ന് നല്‍കുന്നതാകും സംവിധാനം. ഓരോ വിനോദ സഞ്ചാര മേഖലയിലും പ്രദേശത്തെ ചരിത്ര -സാംസ്കാരിക -സാമൂഹിക രംഗത്തെ പ്രമുഖര്‍ എന്നിവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തും. കൂടാതെ പ്രാദേശിക ഉൽപന്നങ്ങളുടെ വിപണന സാധ്യതകൂടി മുന്നില്‍ കണ്ടാകും നടപ്പാക്കുക. ഇക്കോ ടൂറിസത്തിനും പ്രാമുഖ്യമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.