കുമളി: വനത്തിനുള്ളിൽനിന്ന് ഇറങ്ങിവന്ന ആനക്കൂട്ടം തടാകത്തിലേക്കിറങ്ങിയതോടെ സഞ്ചാരികൾക്ക് ആകാംക്ഷയും ആശങ്കയും. ആനക്കൂട്ടത്തെ കണ്ട് നിർത്തിയിട്ട ബോട്ടിനരികിലൂടെ ആനകൾ തടാകം നീന്തി മറുകരയിലെത്തിയതോടെ ആശങ്ക ആഹ്ലാദമായി മാറി.തേക്കടി തടാകത്തിൽ ബോട്ട് സവാരി നടത്തി മടങ്ങിയ സഞ്ചാരികൾക്ക് മനംനിറഞ്ഞ കാഴ്ചയായി മാറി ആനകളുടെ സവാരി. ദീപവലിയോടനുബന്ധിച്ച അവധി ദിനങ്ങൾ ആഘോഷിക്കാൻ എത്തിയ സഞ്ചാരികളുടെ തിരക്കിലാണ് തേക്കടി. സംസ്ഥാനത്തുനിന്നുള്ള സഞ്ചാരികൾക്ക് പുറമെ, തമിഴ്നാട്, കർണാടക, ബംഗാൾ എന്നിവിടങ്ങളിൽനിന്നുള്ള സഞ്ചാരികളും ധാരാളമായി തേക്കടിയിലേക്ക് എത്തുന്നുണ്ട്.
മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നതോടെ നിറഞ്ഞുകിടക്കുന്ന തേക്കടി തടാകത്തിന്റെ തീരത്ത് ഇപ്പോൾ അപൂർവമായി മാത്രമാണ് ആനകളെ കാണുന്നത്.
പുൽമേടുകളും തീരങ്ങളും വെള്ളത്തിനടിയിലായതോടെ ആനകൾ, മ്ലാവ്, കാട്ടുപോത്ത് എന്നിവയെല്ലാം തീറ്റതേടി മല കയറി തുടങ്ങി. തടാകത്തിലെ ബോട്ട് സവാരി സഞ്ചാരികൾ ആസ്വദിക്കുന്നുണ്ടെങ്കിലും ആനക്കൂട്ടത്തെ കാണാനാവത്തത് സഞ്ചാരികളിൽ വലിയ നിരാശ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം മുതൽ തടാകതീരത്ത് ആനകൾ എത്തിത്തുടങ്ങിയത് സഞ്ചാരികൾക്കും വിനോദസഞ്ചാര മേഖലക്കും ഏറെ സന്തോഷത്തിന് വഴിയൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.