കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിൽനിന്നുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് ഭൂരിഭാഗം രാജ്യങ്ങളും. എന്നാൽ, നിയന്ത്രണങ്ങളോടെ ഇന്ത്യയിൽനിന്നുള്ള യാത്രക്കാർക്ക് വരാൻ അനുമതി നൽകിയിരിക്കുകയാണ് നെതർലാൻഡ്. മധ്യ അമേരിക്ക, തെക്കേ അമേരിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളുടെ വിലക്കും നീക്കിയിട്ടുണ്ട്.
ഈ പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാർ ജൂൺ ഒന്ന് മുതൽ നെതർലാൻഡിലേക്ക് വീണ്ടും വരാൻ തുടങ്ങി. അതേസമയം, പുറപ്പെടുന്നതിന് മുമ്പ് ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കൂടാതെ ക്വാറൈൻറനിലും കഴിയണം.
അതേസമയം, കോവിഡ് സ്ഥിതി ഇതുവരെ മെച്ചപ്പെടാത്ത രാജ്യങ്ങളിൽ നിന്നുള്ള യൂറോപ്യൻ യൂനിയൻ ഇതര യാത്രക്കാർക്ക് ഇ.യുവിൻെറ നിരോധനം ഇപ്പോഴും നിലവിലുണ്ട്. എന്നാൽ, യൂറോപ്യൻ യൂനിയൻ നിവാസികളുടെ കുടുംബാംഗങ്ങൾ, വിദ്യാർത്ഥികൾ, ബിസിനസ് യാത്രക്കാർ എന്നിവർ ഇതിൽനിന്ന് ഒഴിവാണ്.
നിലവിൽ നെതർലാൻഡിൽ വരുന്നവർക്ക് 10 ദിവസമാണ് ക്വാറൈൻറനിൽ കഴിയേണ്ടത്. അതേസമയം, അഞ്ച് ദിവസത്തിന് ശേഷം ടെസ്റ്റ് നടത്തി നെഗറ്റീവായാൽ പുറത്തിറങ്ങാം. എന്നാൽ, കോവിഡ് തീവ്രതയേറിയ ഇന്ത്യ, അർജൻറീന, ബ്രസീൽ, ബഹ്‌റൈൻ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽനിന്ന് വരുന്നവർ 10 ദിവസവും ക്വാറൈൻറനിൽ കഴിയണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.