തിരുവനന്തപുരം: കേരളത്തിൽനിന്നു ലണ്ടനിലേക്കുള്ള ഫായിസിന്റെ ചരിത്ര സൈക്കിൾ യാത്ര ആരംഭിച്ചു. 75ാം സ്വാതന്ത്ര്യദിന വാർഷികാഘോഷത്തിന്‍റെ ഭാഗമായി ലോക രാജ്യങ്ങൾ പരസ്പര സ്നേഹത്തിൽ വർത്തിക്കണമെന്ന സ്നേഹ സന്ദേശത്തോടെ ടീം എക്കോ വീലേഴ്സിന്‍റെ നേതൃത്വത്തിൽ റോട്ടറി ഇന്‍റർനാഷനലിന്‍റെ പിന്തുണയോടെയാണ് കോഴിക്കോട് തലക്കുളത്തൂർ സ്വദേശി ഫായിസ് അഷ്റഫ് അലിയുടെ (34) സൈക്കിൾ യാത്ര.
തിരുവനന്തപുരത്ത് വിദ്യാഭ്യാസ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് എസ്.എസ്. സുധീർ അധ്യക്ഷത വഹിച്ചു. ഡോ. യു.കെ. അബ്ദുൽ നാസർ പ്രോജക്ട് അവതരിപ്പിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ബാബുമോൻ, കേരള റോൾ ബോൾ അസോസിയേഷൻ പ്രസിഡന്‍റ് ഡോ. രാജ് മോഹൻ പിള്ള, മണികണ്ടൻ നായർ, സച്ചിൻ ആനന്ദ് എന്നിവർ സംസാരിച്ചു.
ഇക്കോ വീലേഴ്സ് വൈസ് പ്രസിഡന്‍റ് പി.കെ രാജേന്ദ്രൻ സ്വാഗതവും ജി.സി.സി. കോഓർഡിനേറ്റർ അഡ്വ. ഷമീം പക്സാൻ നന്ദിയും പറഞ്ഞു. അലിറോഷൻ, ദിൽഷാദ്, ഷിജി ജയിംസ്, സായിസ് എന്നിവർ നേതൃത്വം നൽകി.
അമേരിക്കൻ കമ്പനിയുടെ സർലേഡിസ്ക് ട്രക്കർ സൈക്കിളിലാണ് ഫായിസിന്റെ സഞ്ചാരം. യു.എ.ഇ ആസ്ഥാനമായ ട്രാവൽ ആൻഡ് ലഗേജ് ആക്സസറീസ് കമ്പനിയാണ് സൈക്കിൾ സ്പോൺസർ ചെയ്തത്. പാകിസ്താൻ, ചൈന എന്നി രാജ്യങ്ങളിലെ വിസ ലഭിക്കാത്തതിനാൽ ഈ രാജ്യങ്ങൾ ഒഴിവാക്കിയാണ് യാത്ര. തിരുവനന്തപുരത്ത് നിന്നും മുബൈ വരെ സൈക്കിളിൽ സഞ്ചരിച്ച് വിമാന മാർഗം ഒമാനിലെത്തി, അവിടെ നിന്നും സൈക്കിളിൽ യു.എ.ഇ, സൗദ്യ അറേബ്യ, ഖത്തർ, ബഹ്റെൻ, കുവൈറ്റ്, ഇറഖ്, ഇറാൻ, ജോർജിയ, തുർക്കി എന്നിവിടങ്ങളിലെത്തും.
പിന്നീട് ബൾഗേറിയ, റുമേനിയ, മാൾഡോവ, യുക്രൈൻ, പോളണ്ട്, ചെകോസ്ലാവാക്യ, ഹംഗറി, സെർബിയ, ക്രൊയേഷ്യ, ഓസ്ട്രിയ, ഇറ്റലി, സ്വിറ്റ്സർലൻഡ്, ജർമനി, നെതർലൻഡ്സ്, ബെൽജിയം, ലക്സംബർഗ്, ഫ്രാൻസ് എന്നിവടങ്ങളിലൂടെ രണ്ട് ഭൂഖണ്ഡങ്ങൾ താണ്ടിയാണ് ഫായിസ് ലണ്ടനിൽ എത്തുക. വിപ്രോയിലെ ജീവനക്കാരനായിരുന്ന ഫായിസ് ജോലി രാജി വെച്ചാണ് സൈക്കിളിൽ ലോകം ചുറ്റാൻ ഇറങ്ങിയത്. 2019ൽ കോഴിക്കോട് നിന്ന് സിംഗപ്പൂരിലേക്കായിരുന്നു ആദ്യ യാത്ര. നേപ്പാൾ, ബൂട്ടാൻ, മ്യാൻമാർ, തായ്ലാൻഡ്, മലേഷ്യ വഴി 104 ദിവസം കൊണ്ട് 8,000 കിലോ മീറ്റർ സഞ്ചരിച്ചാണ്സിം ഗപ്പൂരിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.