തിരുവനന്തപുരത്തുനിന്ന് വിമാന സർവിസുകൾ വർധിക്കുന്നു; മൂന്ന് പുതിയ വിദേശ ഡെസ്റ്റിനേഷനുകൾ

ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നും വിദേശത്തേക്ക് സർവിസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം കൂടുന്നു. മാർച്ച് 27 മുതൽ ആരംഭിക്കുന്ന വേനൽക്കാല ഷെഡ്യൂൾ അനുസരിച്ച് തിരുവനന്തപുരത്ത് നിന്നുള്ള പ്രതിവാര ഓപറേഷൻ നിലവിലുള്ള 348ൽ നിന്ന് 540 ആയി ഉയരും.

അന്താരാഷ്‌ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള പ്രതിവാര ഫ്ലൈറ്റ് സർവിസുകൾ നിലവിലുള്ള 95ൽ നിന്ന് 138 ആയി വർധിക്കും. 30 പുറപ്പെടലുകളുമായി ഷാർജയാണ് ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നാമത്. ദോഹ (18), മസ്‌കറ്റ്, ദുബൈ (17 വീതം) എന്നിവയാണ് മറ്റ് പ്രധാന ലക്ഷ്യസ്ഥാനങ്ങൾ.

ബാങ്കോക്ക്, സലാല, ഹാനിമാധു (മാലദ്വീപ്) എന്നിവയാണ് പട്ടികയിലെ പുതിയ ലക്ഷ്യസ്ഥാനങ്ങൾ. ഇതിനൊപ്പം പ്രതിവാര ആഭ്യന്തര വിമാന സർവിസുകൾ നിലവിലുള്ള 79ൽ നിന്ന് 132 ആയി ഉയരും.

ബംഗളൂരു (27), മുംബൈ (23), ചെന്നൈ, ഡൽഹി (14 വീതം) എന്നിവയാണ് കൂടുതൽ സർവിസുകളുള്ള ലക്ഷ്യസ്ഥാനങ്ങൾ. കൊൽക്കത്ത, പുണെ, ദുർഗാപൂർ എന്നിവയാണ് പട്ടികയിലെ പുതിയ ലക്ഷ്യസ്ഥാനങ്ങൾ.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഗതാഗതം സുഗമമാക്കാൻ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷക്ക് മുൻഗണന നൽകാൻ പ്രത്യേക ടീമുകൾ വിമാനത്താവളത്തിൽ സജ്ജമാണന്നും വിമാനത്താവള നടത്തിപ്പിന്‍റെ ചുമതലയുള്ള അദാനി ഗ്രൂപ്പ് അധികൃതർ അറിയിച്ചു.

അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്തിരിക്കുന്ന സർവിസുകൾ:

ഷാർജ 30, ദോഹ 18, മസ്‌കറ്റ് 17, ദുബൈ 17, അബൂദബി 11, സിംഗപ്പൂർ എട്ട്, മാലി ഏഴ്, ബാങ്കോക്ക് ഏഴ്, ബഹ്‌റൈൻ ഏഴ്, കൊളംബോ ഏഴ്, കുവൈത്ത് നാല്, റിയാദ് രണ്ട്, ഹാനിമാധു രണ്ട്, സലാല ഒന്ന്.

ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്ത സർവിസുകൾ:

ബാംഗ്ലൂർ 28, മുംബൈ 23, ഡൽഹി 14, ചെന്നൈ 14, ഹൈദരാബാദ് 14, കൊച്ചി ഏഴ്, കൊൽക്കത്ത ഏഴ്, പുണെ ഏഴ്, കണ്ണൂർ ഏഴ്, ദുർഗാപൂർ ഏഴ്, കോഴിക്കോട് നാല്.

Tags:    
News Summary - flight services from Thiruvananthapuram on the rise; Three new foreign destinations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.