മട്ടാഞ്ചേരി: ലോക ടൂറിസം ദിനത്തിൽ മട്ടാഞ്ചേരി കാണാനെത്തിയ വിദേശികൾ ഉൾപ്പെടെയുള്ള സഞ്ചാരികളെ മൈലാഞ്ചി മൊഞ്ചണിയിച്ച് ഷിഫാനയും കൂട്ടരും. 'മട്ടാഞ്ചേരിയിൽ വരൂ, മൈലാഞ്ചിയണിയൂ' പ്രമേയവുമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിച്ച മൈലാഞ്ചിയിടൽ ആഘോഷത്തിൽ പങ്കെടുക്കാൻ വിനോദസഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കലക്ടർ ഡോ. രേണുരാജിന്റെ കൈകളിൽ മൈലാഞ്ചിയണിയിച്ചാണ് പരിപാടിക്ക് തുടക്കമിട്ടത്.
തുടർന്ന് കൊച്ചി ഡെപ്യൂട്ടി മേയർ കെ.എ. അൻസിയ, സ്ഥിരംസമിതി അധ്യക്ഷ ഷീബ ലാൽ എന്നിവരുടെ കൈകളിൽ മൈലാഞ്ചിയണിയിച്ചു. 300ഓളം സന്ദർശകർക്കാണ് മൂന്നര മണിക്കൂറിനകം വിവിധ ഡിസൈനുകളിൽ ആറംഗ സംഘം മൈലാഞ്ചിയിട്ടത്. ഫോർട്ട്കൊച്ചി സബ് കലക്ടർ പി. വിഷ്ണുരാജ്, അസി. കലക്ടർ ഹർഷിൽ ആർ. മീണ, കൗൺസിലർ പി.എം. ഇസ്മുദ്ദീൻ, ഡി.ടി.പി.സി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ടി.കെ. ഷെബീബ്, കൊച്ചിൻ ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റി നോഡൽ ഓഫിസർ ബോണി തോമസ്, കമ്മിറ്റി അംഗങ്ങളായ പി.എ. ഖാലിദ്, ജോസഫ് ഡൊമിനിക്, ജോണി വൈപ്പിൻ എന്നിവർ സംസാരിച്ചു. ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ സത്യജിത്ത്ശങ്കർ സ്വാഗതവും ഡി.ടി.പി.സി എറണാകുളം സെക്രട്ടറി പി.ജി. ശ്യാം കൃഷ്ണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.