നീ​ല​ക്കു​റി​ഞ്ഞി പൂ​വി​ട്ട ക​ള്ളി​പ്പാ​റ മ​ല​നി​ര

നീ​ല​ക്കു​റി​ഞ്ഞി പൂക്കുന്ന കള്ളിപ്പാറയെ നിയന്ത്രണത്തിലാക്കാൻ വനം വകുപ്പ്

അടിമാലി: ഈ വർഷം നീലക്കുറിഞ്ഞി പൂത്ത് പേരെടുത്ത കള്ളിപ്പാറ മലനിരകളെ വനം വകുപ്പ് നിയന്ത്രണത്തിലാക്കാൻ ശ്രമം തുടങ്ങി. നീലക്കുറിഞ്ഞി പൂവിട്ട കള്ളിപ്പാറ എൻജിനീയർമെട്ട് സംരക്ഷിത വനമാക്കാനുള്ള വനം വകുപ്പ് നീക്കത്തിൽ വ്യാപക പ്രതിഷേധം ഉടലെടുക്കുന്നുണ്ട്. എന്നാൽ, എൻജിനീയർമെട്ടിൽ വിനോദസഞ്ചാര പദ്ധതി നടപ്പാക്കാൻ സ്ഥലം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പിന് കത്തുനൽകിയതായി ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ് പറഞ്ഞു.

നീലക്കുറിഞ്ഞി പൂവിട്ട സ്ഥലം ഏറ്റെടുക്കാനുള്ള വനം വകുപ്പിന്റെ നീക്കം ഒരുതരത്തിലും അംഗീകരിക്കില്ലെന്നും ലിജു പറഞ്ഞു. രണ്ടുമാസം മുമ്പാണ് മേഖലയിൽ നീലക്കുറിഞ്ഞി പൂത്തത്.ഇത് റവന്യൂ വകുപ്പിന് കീഴിൽ വരുന്ന പുൽമേടാണ്. കൃഷിക്ക് അനുയോജ്യമല്ലാത്ത സി.എച്ച്.ആർ ഭൂമി സംരക്ഷിത വനമാണെന്നാണ് വനം വകുപ്പിന്റെ നിലപാട്.

1897ലെ ട്രാവൻകൂർ ഫോറസ്റ്റ് റെഗുലേഷൻ ആക്ട് അനുസരിച്ച് കൃഷിക്കായി പതിച്ചുനൽകാത്ത ചോലവനങ്ങളും പുൽമേടുകളും സംരക്ഷിത പ്രദേശങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുന്നതെന്നും വനം വകുപ്പ് വ്യക്തമാക്കുന്നു. കഴിഞ്ഞ ഒക്ടോബർ ഏഴ് മുതൽ ഒരു മാസത്തിലധികം കള്ളിപ്പാറയിലെ നീലക്കുറിഞ്ഞി കാണാൻ 10 ലക്ഷത്തിലധികം പേരാണെത്തിയത്. പ്രവേശന ഫീസ് ഇനത്തിൽ 15 ലക്ഷത്തോളം രൂപയുടെ വരുമാനവും ശാന്തൻപാറ പഞ്ചായത്തിനു ലഭിച്ചു.

നീലക്കുറിഞ്ഞി ചെടികൾ ഉണങ്ങി നശിച്ച് ഒരു മാസമായിട്ടും ഇവിടേക്കു സഞ്ചാരികൾ എത്തുന്നുണ്ട്. എൻജിനീയർമെട്ടിൽനിന്നുള്ള തമിഴ്നാടിന്റെയും ചതുരംഗപ്പാറ മലനിരകളുടെയും കാഴ്ചകളാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. ഇതു മുന്നിൽക്കണ്ട് എൻജിനീയർമെട്ടും പഞ്ചായത്തിലെ മറ്റു ചില മനോഹര പ്രദേശങ്ങളും കൂട്ടിയിണക്കി വിനോദസഞ്ചാര പദ്ധതി നടപ്പാക്കാനാണ് ശാന്തൻപാറ പഞ്ചായത്തിന്റെ തീരുമാനം.

Tags:    
News Summary - Forest department to control the kallipara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.