മണാലി: രണ്ടാം തരംഗത്തിന് അൽപം ശമനമായ സാഹചര്യത്തിൽ സഞ്ചാരപ്രിയർ കൂട്ടമായി എത്തിത്തുടങ്ങിയതോടെ ഹിമാചൽ പ്രദേശ് കോവിഡ് മൂന്നാം തരംഗ ഭീതിയിൽ. ഉഷ്ണം രൂക്ഷമായതോടെയാണ് ആളുകൾ സംസ്ഥാനത്തെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഷിംല, മണാലി, കുഫ്രി, നർകണ്ഡ, ഡൽഹൗസി, ലഹൗൾ എന്നിവിടങ്ങളിലേക്ക് കൂട്ടത്തോടെ ചേക്കേറിയത്. മണാലിയടക്കമുള്ള സ്ഥലങ്ങളിലെ ഹോട്ടലുകളിൽ മുറികൾ കിട്ടാനില്ലാതായി. വരും ദിവസങ്ങളിൽ തിരക്ക് ഇതിലും കൂടുമെന്നാണ് കരുതുന്നത്.
മണാലിയിലെ വലിയ ജനക്കൂട്ടത്തിെൻറ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നെറ്റിസൺസ് രൂക്ഷ പ്രതികരണവുമായി രംഗത്തെത്തി. സാമൂഹിക അകലവും കോവിഡ് മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയ ജനങ്ങൾക്കെതിരെ കടുത്ത അമർഷമാണ് ചിലർ രേഖപ്പെടുത്തിയത്. പൊതുജനത്തിെൻറ അശ്രദ്ധയെ വിമർശിച്ച നെറ്റിസൺസ് അവർ ഇത്രയൊക്കെ ആയിട്ടും ഒരു പാഠം പഠിച്ചില്ലെല്ലോയെന്ന് പരിതപിക്കുകയാണ്.
'മണാലിയിൽ നിന്നുള്ള ചിത്രങ്ങൾ. ഹോട്ടലുകളിൽ മുറിയില്ല. ഇങ്ങനെ മുന്നോട്ട് പോയാൽ ആശുപത്രികളിൽ കിടക്കകൾ ഇല്ലാത്ത അവസ്ഥക്കും നാം സാക്ഷിയാകേണ്ടി വരും. പുറത്തുപോകാതിരിക്കൽ കഷ്ടമാണെന്നറിയാം, എന്നാൽ ഈ മഹാമാരികാകാലത്ത് ജനങ്ങളുടെ കാര്യം കഷ്ടമാണ്. കുറച്ചെങ്കിലും ഉത്തരവാദിത്വം കാണിക്കൂ' -ഒരാൾ എഴുതി.
ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റും ഇ -കോവിഡ് പാസും ഒഴിവാക്കിയത് സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയെ ഉത്തേജിപ്പിച്ചതായി ഷിംല ഹോട്ടൽ ആൻഡ് റസ്റ്ററൻറ് അസോസിയേഷൻ പ്രസിഡൻറ് സഞ്ജയ് സൂദ് പറഞ്ഞു. കോവിഡ് മൂന്നാം തരംഗ ഭീഷണി നിലനിൽക്കേ ടൂറിസ്റ്റുകളുടെ ഒഴുക്ക് സംസ്ഥാന സർക്കാറിെൻറ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.