വിർജി​ൻ ഹൈപ്പർലൂപ്പിലൂടെ യാത്ര ചെയ്യുന്ന പുണെ സ്വദേശി താനയ് മഞ്‌ജരേക്കറും ആനിയും

'ഇന്ത്യയിലും ഹൈപ്പർലൂപ്പ്​ സർവിസുകൾ സാധ്യമാകും'; രാജ്യത്തിന്​ അഭിമാനമായി ആദ്യ യാത്രക്കാരിൽ പുണെ സ്വദേശിയും

ഭാവിയുടെ അതിവേഗ യാത്രാമാർഗമെന്ന്​ വിശേഷിപ്പിക്കുന്ന ഹൈപ്പർലൂപ്പിലുടെ​ മനുഷ്യരുമായി ആദ്യപരീക്ഷണ ഒാട്ടം നടന്നത്​ കഴിഞ്ഞ തിങ്കളാഴ്​ചയാണ്​. അമേരിക്കൻ കമ്പനിയായ വിർജിൻ ഹൈപ്പർലൂപ്പാണ്​ ചരിത്രം രചിച്ചത്​. ഇൗ യാത്രയിൽ പുണെ സ്വദേശി കൂടി ഉണ്ടായിരുന്നുവെന്നത്​ ഒാരോ ഇന്ത്യക്കാരനും അഭിമാനിക്കാൻ വകനൽകുന്നു. വിർജിൻ ഹൈപ്പർലൂപ്പി​െൻറ പവർ ഇലക്‌ട്രോണിക്‌സ് സ്‌പെഷലിസ്​റ്റായ താനയ് മഞ്‌ജരേക്കറാണ്​ ഹൈപ്പർലൂപ്പിലൂടെ സഞ്ചരിച്ച ആദ്യ ഇന്ത്യക്കാരൻ.

ആദ്യ സഞ്ചാരികളിൽ ഒരാളായി മാറിയത്​ സ്വപ്ന സാക്ഷാത്കാരമാണെന്ന്​ മഞ്​ജരേക്കർ പറഞ്ഞു. 'പൂണെ-മുംബൈ ഹൈപ്പർ‌ലൂപ്പ് പദ്ധതിയടക്കം ഇന്ത്യയിൽ ഇതിന്​ വലിയ സാധ്യതയുണ്ട്​. ഇത്​ യാഥാർഥ്യമായാൽ ലോകത്തോടൊപ്പം നമുക്കും കുതിക്കാനാകും. എ​െൻറ ജീവിതത്തിലെ ഏറ്റവും മഹത്തായ 15 സെക്കൻഡായിരുന്നു ഹൈപ്പർലൂപ്പിലൂടെയുള്ള യാത്ര. ആറുവർഷമായി ഞങ്ങൾ ഇതിനായ പ്രവർത്തിക്കുകയായിരുന്നു. ഒരു ഇന്ത്യക്കാരനെന്ന നിലക്ക്​ ഏറെ അഭിമാനം തോന്നുന്ന നിമിഷമാണിത്​. മുംബൈയും പുണെയും തമ്മിൽ ഹൈപ്പർലൂപ്പ് പദ്ധതി യാഥാർഥ്യമാക്കേണ്ടതുണ്ട്​. തീർച്ചയായും അത്​ ചെയ്​തിരിക്കും -മഞ്ജരേക്കർ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.

ഹൈപ്പർ‌ലൂപ്പി​െൻറ പവർ ഇലക്ട്രോണിക്സ് സംവിധാനങ്ങൾ നിയന്ത്രിക്കുന്നതിൽ നേതൃത്വം വഹിക്കുന്നയാളാണ്​ മഞ്‌ജരേക്കർ. സാവിത്രിബായ് ഫൂലെ സർവകലാശാലയിൽനിന്ന് ഇലക്ട്രോണിക്സ്, ടെലികമ്യൂണിക്കേഷൻ എന്നിവയിൽ ബിരുദം നേടിയ അദ്ദേഹം 2016ലാണ്​ വിർജിൻ ഹൈപ്പർലൂപ്പിൽ ചേരുന്നത്​.

നെവാഡയിലെ ലാസ് വെഗാസിലെ ഡേവ്‌ലൂപ്പ് ടെസ്​റ്റ്​ സൈറ്റിൽ മണിക്കൂറിൽ 172 കിലോമീറ്റർ വേഗതയിലായിരുന്നു വിർജിൻ ഹൈപ്പർലൂപ്പി​െൻറ പോഡ്​​ യാത്രക്കാരുമായി സഞ്ചരിച്ചത്​. യാത്രക്കാരുമായുള്ള പോഡുകളും ചരക്കുകളും വാക്വം ട്യൂബുകളിലൂടെ ആയിരത്തിന്​ മുകളിൽ കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പദ്ധതിയാണ്​ കമ്പനി ലക്ഷ്യമിട്ടുന്നത്​. ഇതുപ്രകാരം ന്യൂയോർക്കും വാഷിംഗ്ടണും തമ്മിലെ 362 കിലോമീറ്റർ യാത്രക്ക്​ 30 മിനിറ്റ് മാത്രം മതി.​ വാണിജ്യ ജെറ്റ് വിമാനത്തി​െൻറ ഇരട്ടിയും അതിവേഗ ട്രെയിനിനി​െൻറ നാലിരട്ടി വേഗതിയിലുമാണ്​ ഇവ സഞ്ചരിക്കുക. നെവാഡ കേന്ദ്രത്തിൽ യാത്രക്കാരില്ലാതെ 400ഓളം പരീക്ഷണങ്ങൾ മുമ്പ് നടത്തിയിട്ടുണ്ട്.

പ്രമുഖ ബ്രിട്ടീഷ്​ വ്യവസായി റിച്ചാർഡ്​ ബ്രാൻസ​െൻറ കീഴിലുള്ള സ്​ഥാപനമാണ്​ വിർജിൻ ഹൈപ്പർലൂപ്പ്​. നേരത്തെ ആന്ധ്രപ്രദേശിലെ അമരാവതിക്കും വിജയവാഡക്കുമിടയില്‍ ഇന്ത്യയിലെ ആദ്യ ഹൈപ്പര്‍ലൂപ്പ്​ ലൈന്‍ സ്ഥാപിക്കാൻ കമ്പനി ഒരുങ്ങിയിരുന്നു. മു​ംബൈ - പുണെ റൂട്ട്​ കൂടാതെ ഇന്ത്യയിലെ ചില സംസ്​ഥാനങ്ങളും വിർജിൻ ഹൈപ്പർലൂപ്പുമായി സഹകരണത്തിന്​ തയാറായി വന്നിട്ടുണ്ട്​.

ക്യാപ്​സൂൾ വാഹനം

വായുമര്‍ദ്ദം കുറഞ്ഞ ട്യൂബിലൂടെ അതിവേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ക്യാപ്‌സ്യൂള്‍ പോലുള്ള വാഹനമാണിത്​. ഇലക്​ട്രിക്​ കാർ ഭീമൻമാരായ ടെസ്​ലയുടെ ഉടമ ഇലോൺ മസ്‌കാണ് 2013ല്‍ ഹൈപ്പര്‍ലൂപ്പ് ആശയവുമായി മുന്നോട്ടുവരുന്നത്​. അദ്ദേഹത്തിന് പിന്തുണയുമായി പിന്നീട്​ ലോകമെങ്ങുമുള്ള ഗവേഷകരുമെത്തി. തുടര്‍ഗവേഷണങ്ങളിലൂടെ ഹൈപ്പര്‍ലൂപ്പ് ഗതാഗത സംവിധാനത്തിന് കൃത്യമായ മാർഗരേഖയുണ്ടായി.

11 അടിയോളം വ്യാസമുള്ള ട്യൂബിനുള്ളിലെ കുറഞ്ഞ വായുമര്‍ദ്ദം ക്യാപ്‌സ്യൂള്‍ വാഹനത്തെ ഉയര്‍ന്ന വേഗതയില്‍ സഞ്ചരിക്കാന്‍ സഹായിക്കും. മാഗ്നറ്റിക് ലെവിറ്റേഷന്‍ സാങ്കേതിക വിദ്യ വാഹനത്തെ ട്രാക്കില്‍നിന്ന് ഉയര്‍ത്തിനിര്‍ത്തും. ഈ രണ്ട് സാങ്കേതികവിദ്യകളും കൂടി ചേരുമ്പോള്‍ അതിവേഗത്തില്‍ വാഹനം സഞ്ചരിക്കും. ട്യൂബിനുള്ളില്‍ എവിടേയും തൊടാതെയാകും യാത്ര. ഭൂമിക്കടിയിലൂടെയോ മുകളില്‍ തൂണുകളിലോ ആണ് ഈ ട്യൂബ് പാത സ്ഥാപിക്കുക.

യാത്രാസമയം, തിരക്ക്, പെട്രോളിയം ഇന്ധനങ്ങൾ കാരണമുണ്ടാകുന്ന പാരിസ്ഥിതിക നാശങ്ങൾ എന്നിവ കുറക്കാൻ ഇൗ സാങ്കേതികവിദ്യ സഹായിക്കും. വിർജിൻ ഹൈപ്പർലൂപ്പിനെ കൂടാതെ കാനഡയിലെ ട്രാൻസ്‌പോഡും സ്‌പെയിനിലെ സെലെറോസും ഇത്തരം പരീക്ഷണങ്ങൾ നടത്തുന്നുണ്ട്​.


Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.