‘മനുഷ്യനായതുകൊണ്ടു മാത്രം നിങ്ങൾ വലിയവനാകുന്നില്ല, മനുഷ്യത്വമുള്ളവനാകുമ്പോളാണ് വലിയവനാകുന്നത്’ – മഹാത്മജി. കുട്ടിക്കാലം മുതൽ ഉള്ള ഒരു ആഗ്രഹം ആയിരുന്നു ഗാന്ധിജിയുടെ ജന്മാസ്ഥലവും ആശ്രമവുമൊക്കെ ഒന്ന് സന്ദര്‍ശിക്കണം എന്നുള്ളത്. ജോലിയുടെ ഭാഗമായി അഹമ്മദാബാദിലെ സബർഖന്ദ് മേഖലയിലുള്ള ഒരു പോർസിലിൻ ഫാക്ടറി സന്ദർശിക്കുന്നതിനായിട്ടാണ് ദോഹയിൽ നിന്നു ഗുജറാത്തിൽ എത്തിയത്. ഫാക്ടറി സന്ദർശനത്തിനുശേഷം അടുത്ത ദിവസമാണ് സബർമതി ആശ്രമത്തിലേക്ക് പോയത്.
ഒക്ടോബര്‍ രണ്ട് തിങ്കളാഴ്ച രാഷ്ട്രപിതാവായ ഗാന്ധിജിയുടെ 154ാ മത് ജന്മദിനമാണ്. 1869ല്‍ ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. ലളിതമായ ജീവിതം നയിച്ച് അദ്ദേഹം പൊതുപ്രവത്തകര്‍ക്കു മാതൃകയായി. നല്ല മനുഷ്യനാവുക, സത്യസന്ധനാവുക, ശുചിത്വമുള്ളവനാവുക, സഹജീവികളോട് കരുണയുള്ളവനാവുക എന്ന അടിസ്ഥാന മൂല്യങ്ങൾ ഗാന്ധിജിയോളം പ്രാവർത്തികമാക്കിയ മറ്റൊരാളില്ല. അഹിംസയിലൂന്നിയ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. കേവലമൊരു രാഷ്ട്രീയ നേതാവെന്നതിനേക്കാള്‍ ദാര്‍ശനികനായാണ് ഗാന്ധിജി ലോകമെമ്പാടും അറിയപ്പെടുന്നത്. അഹിംസയിലൂടെയും സത്യാഗ്രഹത്തിലൂടെയുമാണ് അദ്ദേഹം ഭാരതത്തെ സ്വതന്ത്രമാക്കിയത്.
ഗുജറാത്തിലെ സബർമതി നദീതീരത്ത് 1917 ല്‍ ആണ് ഗാന്ധിജി സബർമതി ആശ്രമം സ്ഥാപിച്ചത്. ഗാന്ധിജി തന്റെ ജീവിതത്തിലെ ഏകദേശം 12 വർഷങ്ങൾ ഈ ആശ്രമത്തിലാണ് ചെലവഴിച്ചത്. ഇന്ന് സബർമതിയെ ഭാരത സർക്കാർ ഒരു ചരിത്ര സ്മാരകമായ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സ്വാതന്ത്യസമരത്തിലെ സുപ്രധാന നാഴികക്കല്ലായ ദണ്ഡിയാത്ര ആരംഭിച്ചത് ഈ ആശ്രമത്തില്‍ നിന്നായിരുന്നു. 1917 മുതല്‍ ഗാന്ധിജി കൊല്ലപ്പെടുന്ന വര്‍ഷം വരെ രാഷ്ട്രപിതാവിന്‍റെയും ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെയും പ്രധാനപ്പെട്ട പല സംഭവങ്ങളുടെയും നേര്‍സാക്ഷിയാണ് ഈ ആശ്രമം. സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഖാദി വസ്ത്രങ്ങളുടെ പ്രചാരണത്തിന് ഇവിടം കേന്ദ്രീകരിച്ചാണ് തുടക്കമിട്ടത്.
ആശ്രമകത്തിനകത്ത് സ്ഥിതിചെയ്യുന്ന ഗാന്ധി സ്മാരക സംഗ്രഹാലയം ആണ് ആദ്യം സന്ദർശിച്ചത്. ഹൃദയ കുഞ്ജ്, മഗന്‍ നിവാസ്, ഉപാസനാ മന്ദിര്‍, വിനോബ മീരാ കുടിര്‍, നന്ദിനി, ഉദ്യോഗ് മന്ദിര്‍, സോമനാഥ് ഛത്രാലയ തുടങ്ങി ആശ്രമത്തിന്‍റ വിവിധ ഭാഗങ്ങളിലുള്ള സന്ദര്‍ശനം ഗാന്ധിജിയുടെ ജീവിതവും ലക്ഷ്യവും മനസിലാക്കുന്നതിനുള്ള വഴി കൂടിയാണ്. ഗാന്ധിജി എഴുതിയ കത്തുകളും മറ്റു രേഖകളും ചിത്രങ്ങളും, ഗാന്ധിജിയുടെ എണ്ണച്ചായ ചിത്രങ്ങൾ, ഗാന്ധിജിയുടെ ജീവൻ തുടിക്കുന്ന ശില്പങ്ങൾ എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുള്ള മിനി മ്യൂസിയമാണ് ഗാന്ധി സ്മാരക് സംഗ്രഹാലയ.
ഹൃദയകുഞ്ജ് എന്നറിയപ്പെടുന്ന ഭാഗത്താണ് മഹാത്മാഗാന്ധിയും കസ്തൂര്‍ബയും താമസിച്ചിരുന്നത്. ഗാന്ധിജി ഉപയോഗിച്ചിരുന്ന വസ്തുക്കളുടെ പ്രദർശനകേന്ദ്രം, അവിടെ ചര്‍ക്കയില്‍ നൂല്‍ നൂല്ക്കുന്നത് എങ്ങനെ എന്ന് നമ്മളെ കാണിച്ചു തരുന്നതിനോടോപ്പം നൂൽ നൂൽക്കാൻ സന്ദർശകരെ പരിശീലിപ്പിക്കുകയും ചെയ്തത് ഒരു വ്യത്യസ്ത അനുഭവം ആയിരുന്നു. ആചാര്യ വിനോബഭാവെയും മീരാബെന്നും പലതവണ താമസിച്ച സ്ഥലമാണ് വിനോബ മീരാ കുടിര്‍. ആശ്രമ നിവാസികള്‍ പ്രാര്‍ഥനാക്കായി ഒത്തുചേര്‍ന്നിരുന്ന സ്ഥലമാണ് ഉപാസനാ മന്ദിര്‍. പിന്നീടു ഗാന്ധിജിയുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ശേഖരിച്ചു വെച്ചിരിക്കുന്ന ഗ്രന്ഥാലയം, ഗാന്ധിവാക്യങ്ങളുടെയും, എഴുത്തുകളുടെയും വില്പന കേന്ദ്രം എന്നിവയും എല്ലാം വിശദമായി സന്ദര്‍ശിച്ചു.
അതിനുശേഷം സമീപമുള്ള സബർമതി നദിയുടെ തീരത്തേക്കാണ് പോയത്. വൃത്തിയുള്ള പടവുകള്‍ അവിടെ വിശ്രമിക്കാന്‍ കസേരകള്‍ ഭംഗിയായി ഇട്ടിരിക്കുന്നു. ‘എന്റെ ഗുരുനാഥന്‍’ എന്ന കവിതയില്‍ മഹാകവി വള്ളത്തോളിന്റെ ഈ വരികള്‍ പണ്ട് സ്കൂളില്‍ പഠിച്ചത് അവിടെ നിന്ന് ഓര്‍ത്തുപോയി.
‘ക്രിസ്തുദേവന്റെ പരിത്യാഗ ശീലവും, സാക്ഷാൽ
കൃഷ്ണനാം ഭഗവാന്റെ ധർമ്മരക്ഷോപായവും,
ബുദ്ധന്റെയഹിംസയും, ശങ്കരാചര്യരുടെ
ബുദ്ധിശക്തിയും, രന്തിദേവന്റെ ദയാവായ്പും
ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും മുഹമ്മദിന്‍ സ്ഥൈര്യവു-
മൊരാളില്‍ച്ചേര്‍ന്നൊത്തുകാണണമെങ്കില്‍ ചെല്ലുവിന്‍,
ഭവാന്‍മാരെന്‍ ഗുരുവിന്‍ നികടത്തില്‍
അല്ലായ്കിലവിടുത്തെ ചരിത്രം വായിക്കുവിന്‍’.
നിശ്ശബ്ദത തളംകെട്ടിനില്‍ക്കുന്ന സബർമതി ആശ്രമത്തിന്‍റെ ഏതെങ്കിലുമൊരു കോണിൽ ധ്യാനമഗ്നനാവുക, ആ നിശബ്ദത തരുന്ന ഊർജം നേരിട്ടനുഭവിക്കുക, പുണ്യം പേറുന്ന ആ മണ്ണിൽ പോകാനായത് വലിയ ഒരു ഭാഗ്യമായി കരുതുന്നു. എവിടെയും ഗാന്ധി ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന ആശ്രമത്തോട് നിറഞ്ഞ മനസ്സോടെ യാത്രപറഞ്ഞു. തിരികെ ടാക്സിയില്‍ താമസിക്കുന്ന മാരിയോട്ട് ഹോട്ടലിലേക്ക്. നാളെ രാവിലെയാണ് മുംബൈ വഴി തിരുവനന്തപുരത്തേക്കുള്ള റിട്ടേണ്‍ ഫ്ലൈറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.