കോവിഡ് രണ്ടാം തരംഗം കാരണം ഇന്ത്യയിൽ യാത്രകൾ നിലച്ചിരിക്കുകയാണ്. ഇതിനിടയിലും തങ്ങളുടെ ഭാവിയാത്രകളെ സംബന്ധിച്ച് സ്വപ്നം കാണുന്നവരാണ് മിക്കവരും. എന്നാൽ, ഇനിയുള്ള യാത്രകളിൽ പ്രകൃതിയെ ചൂഷണം ചെയ്യില്ലെന്ന് പലരും തീരുമാനിച്ചുറപ്പിച്ചാതായി പഠനങ്ങൾ പറയുന്നു.
പരിസ്ഥിതി നാശത്തെക്കുറിച്ചും അതിൻെറ അനന്തരഫലങ്ങളെക്കുറിച്ചും കോവിഡ് മഹാമാരി ഇന്ത്യൻ യാത്രക്കാരിൽ അവബോധം സൃഷ്ടിച്ചിട്ടുണ്ട്. ബുക്കിംഗ് ഡോട്ട് കോമിൻെറ സുസ്ഥിര യാത്രാ റിപ്പോർട്ട് 2021 അനുസരിച്ച്, 88 ശതമാനം ഇന്ത്യൻ യാത്രക്കാരും ഭാവിയിൽ കൂടുതൽ സുസ്ഥിരമായി സഞ്ചരിക്കാൻ മഹാമാരി തങ്ങളെ സ്വാധീനിച്ചുവെന്ന് അഭിപ്രായപ്പെട്ടു.
56 ശതമാനം യാത്രക്കാരും തങ്ങളുടെ ദൈനംദിന ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരുത്തിയതായി പറയുന്നു. വസ്തുക്കളുടെ പുനരുപയോഗം (30 ശതമാനം), ഭക്ഷണമാലിന്യം കുറക്കൽ (33 ശതമാനം) എന്നിവ മുൻഗണനയിൽ കൊണ്ടുവന്നു.
പ്രകൃതിയോടുള്ള പ്രതിബദ്ധത കാരണം ഭാവി യാത്രകളിലും മാറ്റങ്ങൾ കൊണ്ടുവരാൻ അവർ ആഗ്രഹിക്കുന്നു. 83 ശതമാനം പേരും പൊതുമാലിന്യങ്ങൾ കുറക്കാൻ ആഗ്രഹിക്കുന്നു. മുറിയിൽ ഇല്ലാതിരിക്കുമ്പോൾ എ.സിയും ലൈറ്റുകളും ഓഫ് ചെയ്തുകൊണ്ട് ഊർജ ഉപഭോഗം കുറക്കുമെന്ന് 84 ശതമാനം പേർ പറയുന്നു. 80 ശതമാനം പേർ പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങളായ സൈക്ലിംഗ്, പൊതുഗതാഗതം, നടത്തം മുതലായവ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നു.
ഓരോ നാട്ടിലെയും പ്രാദേശിക സമൂഹങ്ങളെ ബഹുമാനിക്കുന്നവരാണ് ഇന്ത്യൻ സഞ്ചാരികൾ. 74 ശതമാനം പേരും പ്രാദേശിക സംസ്കാരത്തിൻെറ അനുഭവങ്ങൾ നേടാൻ ഇഷ്ടപ്പെടുന്നു. സാംസ്കാരിക ധാരണയും പൈതൃക സംരക്ഷണവും വർധിപ്പിക്കൽ നിർണായകമാണെന്ന് 91 ശതമാനം യാത്രക്കാരും വിശ്വസിക്കുന്നു. 89 ശതമാനം പേർ ടൂറിസം വ്യവസായത്തിലൂടെ ലഭിക്കുന്ന സാമ്പത്തിക ഭദ്രത സമൂഹത്തിൻെറ എല്ലാ തലങ്ങളിലും തുല്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ആഗ്രഹിക്കുന്നു.
ഇതിനുപുറമെ, 72 ശതമാനം ആളുകളും ജനപ്രീതിയാർജിച്ച സ്ഥലങ്ങളും ആകർഷണങ്ങളും ഒഴിവാക്കാൻ താൽപ്പര്യപ്പെടുന്നു. തിരക്കില്ലാത്തതും ആളുകൾ അറിയപ്പെടാത്തതുമായ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാനാണ് അവരുടെ ആഗ്രഹം. ഇതുവഴി ആ നാടിനും നേട്ടങ്ങൾ വരുമെന്ന് അവർ വിശ്വസിക്കുന്നു.
കഴിഞ്ഞ 12 മാസത്തിനിടെ 47 ശതമാനം പേർ മുറിയിൽ ഇല്ലാതിരുന്നപ്പോൾ എയർ കണ്ടീഷനിംഗ് / ഹീറ്റർ ഓഫ് ചെയ്യാനുള്ള തീരുമാനം എടുത്തതായി റിപ്പോർട്ടിലുണ്ട്. 48 ശതമാനം പേർ വീണ്ടും ഉപയോഗിക്കാവുന്ന വാട്ടർ ബോട്ടിൽ കൈയിലെടുത്തു. 37 ശതമാനം പേർ പ്രാദേശിക സമൂഹങ്ങളെ പിന്തുണക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി.
ഇതിനെല്ലാം പുറമെ 98 ശതമാനം യാത്രക്കാരും സുസ്ഥിരമായ താമസസൗകര്യങ്ങളിലാണ് താൽപ്പര്യം പ്രകടിപ്പിച്ചത്. തുടർച്ചയായ ആറാം വർഷമാണ് ബുക്കിങ് ഡോട്ട്കോം സർവേ നടത്തുന്നത്. 30 രാജ്യങ്ങളിൽനിന്നായി 29,000 യാത്രക്കാരിൽനിന്നാണ് വിവരങ്ങൾ ശേഖരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.