ഈജിപ്തിലെ പ്രശസ്തമായ അൽ അസ്ഹർ സർവകലാശാലയിൽ ഉപരിപഠനത്തിന് പ്രവേശനം നേടിയ അഹമ്മദ് സാബിത് കോളജിലേക്കുള്ള യാത്രയിലാണിപ്പോൾ. 2023 ഒക്ടോബറിൽ തുടങ്ങുന്ന ക്ലാസിലെത്താനായി കഴിഞ്ഞ വർഷം ഒക്ടോബർ 20ന് തിരുവനന്തപുരത്തുനിന്നു യാത്രപുറപ്പെട്ട സാബിത് ഇപ്പോൾ മുക്കാൽ ദൂരം പിന്നിട്ട് ഖത്തറിലെത്തിക്കഴിഞ്ഞു. അൽ അസ്ഹറിലേക്കുള്ള യാത്രയിൽ ഇത്ര വിശേഷം എന്തെന്നല്ലേ... അതേ, കാര്യമുണ്ട്.
സാധാരണ ഒരു കോളജിലേക്കുള്ള യാത്രപോലെയല്ല ഈ 22കാരന്റെ അൽ അസ്ഹർ യാത്ര. ഒരു വർഷം മുമ്പേ നാട്ടിൽനിന്നൊരു സൈക്കിളും സ്വന്തമാക്കി, അത്യാവശ്യത്തിനുള്ള വസ്ത്രങ്ങളും മറ്റുമെടുത്ത് സൈക്കിളിൽ തന്നെ പുറപ്പെട്ട യാത്ര ഖത്തറിലെത്തുമ്പോഴേക്കും അതൊരു ചരിത്രമായി മാറുകയാണ്. 10 രാജ്യങ്ങളും 15,000 കിലോമീറ്ററും പിന്നിട്ട് അടുത്ത മാസം അൽ അസ്ഹറിന്റെ പടികടന്നെത്താനുള്ള കുതിപ്പിലാണ് ഇദ്ദേഹം.
തിരുവനന്തപുരത്തുനിന്നു തുടങ്ങിയ യാത്ര കർണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ 2500 കിലോമീറ്റർ പിന്നിട്ട് മുംബൈയിലെത്തിയ ശേഷം വിമാനമാർഗം ഒമാനിലേക്കായിരുന്നു പറന്നത്. അവിടെ മസ്കത്തിലിറങ്ങി, സലാല ഉൾപ്പെടെ നാടുകളിലൂടെ റോഡുകൾ കീഴടക്കി, മലയാളികളും വിദേശികളും ഉൾപ്പെടെ സുഹൃത്തുക്കളുടെ ആതിഥേയത്വം സ്വീകരിച്ച് യു.എ.ഇയിൽ പ്രവേശിച്ചു. വിവിധ എമിറേറ്റുകൾ സന്ദർശിച്ച്, സൗദിയിലെത്തി ഹജ്ജും നിർവഹിച്ചായിരുന്നു യാത്ര തുടർന്നത്.
പിന്നാലെ, ബഹ്റൈനും കടന്ന് സൗദിമാർഗം ഖത്തറിലെത്തി. ഏതാനും ദിവസങ്ങളിലായി റോഡുമാർഗം തന്നെ ലുസൈൽ സ്റ്റേഡിയം ഉൾപ്പെടെ ഖത്തറിന്റെ പലഭാഗങ്ങളും സഞ്ചരിച്ചശേഷം അതിർത്തി കടന്ന് യാത്രതുടരുകയാണ് സാബിത്. ഇനി മക്കയും മദീനയും കടന്ന്, ജോർഡൻ, ഇസ്രായേൽ, ഫലസ്തീൻ തുടങ്ങിയ രാജ്യങ്ങൾ കടന്നാണ് ഈജിപ്തിൽ പ്രവേശിക്കുന്നത്.
കർണാടകയിൽ വലിയ കാടുകളിലൂടെയും ജി.സി.സിയിൽ ചുട്ടുപൊള്ളുന്ന കാലാവസ്ഥയിൽ വിജനമായ മരുഭൂമിയിലൂടെയുമെല്ലാം സഞ്ചരിച്ചാണ് സാബിതിന്റെ യാത്ര.
മംഗളൂരുവിലെ ബൻതവാലുകാരനായ അബ്ദുറഹ്മാൻ മുസ്ലിയാരുടെയും അവ്വ ഉമ്മയുടെയും പത്തു മക്കളിൽ ഇളയവനാണ്. ചെറിയ പ്രായത്തിൽ തന്നെ ഹോസ്റ്റലുകളിലും മറ്റുമായി മതപഠനവും ഭൗതിക വിദ്യാഭ്യാസവും പൂർത്തിയാക്കിയ മിടുക്കൻ വിശുദ്ധ ഖുർആൻ മുഴുവൻ മനപ്പാഠമാക്കുകയും ചെയ്തിരുന്നു.
2021 ജനുവരിയിൽ കേരളത്തിലെമ്പാടുമായി സൈക്ലിങ് നടത്തിയതിന്റെ പരിചയവുമായാണ് രണ്ടു വൻകരകളും 10 രാജ്യങ്ങളും ഉൾപ്പെടുന്ന യാത്രക്കായി ഇറങ്ങിത്തിരിച്ചതെന്ന് സാബിത് പറയുന്നു.
യാത്രക്ക് ആവശ്യമായ ഫണ്ട് സ്വന്തമായിതന്നെ കണ്ടെത്തിയായിരുന്നു പുറപ്പെട്ടത്. റമദാനിലും മറ്റുമായി പള്ളികൾ ഉൾപ്പെടെ പലയിടങ്ങളിലായി മതപ്രഭാഷണം നിർവഹിച്ച് നേടിയ സമ്പാദ്യം, കൂട്ടിവെച്ച് അവ ബിസിനസുകളിൽ നിക്ഷേപിച്ചായിരുന്നു യാത്രക്ക് ആവശ്യമായ തുക കണ്ടെത്തിയത്.
തന്റെ യാത്രാവിശേഷങ്ങൾ യൂട്യൂബ് പേജിലൂടെ പങ്കുവെച്ച് ലോകമെങ്ങുമായി കാഴ്ചക്കാരെ സ്വന്തമാക്കിയ സാബിത് വിവിധ രാജ്യങ്ങളിലെത്തുമ്പോൾ നാട്ടുകാരും സുഹൃത്തുക്കളും സമൂഹമാധ്യമങ്ങൾ പിന്തുടരുന്നവരുമെല്ലാം ആതിഥ്യം നൽകലായി. അതിനിടയിൽ, പ്രമോഷൻ അവതരിപ്പിച്ചും യാത്രക്കുള്ള പണം സമ്പാദിക്കുന്നു.
ഉപരിപഠനത്തിനുള്ള യാത്രയെ വേറിട്ട അനുഭവമാക്കിമാറ്റുകയാണ് സാബിത്. ഓരോ രാജ്യത്തും പലതരം അനുഭവങ്ങളിലൂടെയാണ് യാത്ര. വിവിധ നാട്ടുകാരായ മനുഷ്യരുടെ സ്നേഹം ഏറ്റുവാങ്ങിയും അവരുടെ ജീവിതം പരിചയിച്ചുമെല്ലാം വലിയ പാഠങ്ങൾ പഠിച്ച് യാത്ര തുടരുമ്പോൾ ഒരു പാഠപുസ്തകത്തിലുമില്ലാത്ത അധ്യായങ്ങൾ അറിയുന്നുവെന്ന് സാബിത് സാക്ഷ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.