തൊടുപുഴ/കൽപറ്റ: കോവിഡിനെത്തുടർന്ന് സഞ്ചാരികളുടെ വരവ് നിലച്ചതോടെ സംസ്ഥാനത്തെ റിസോട്ടുകൾ വൻ പ്രതിസന്ധിയിൽ. വരുമാനമില്ലെങ്കിലും അടച്ചിട്ട റിസോട്ടുകൾക്ക് വേണ്ടി വലിയ തുക മുടക്കേണ്ട അവസ്ഥയിലാണ് ഉടമകൾ. റിസോട്ടുകൾ പൂട്ടിയതോടെ ഇവിടങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികളും പട്ടിണിയിലായി.
ഒന്നരവർഷമായി റിസോട്ട് മേഖല കടുത്ത പ്രതിസന്ധിയിലാണ്. വയനാട്, മൂന്നാർ, ഇടുക്കി, പാലക്കാട്, കുമരകം, ചെറായി തുടങ്ങിയ സ്ഥലങ്ങളിൽ നൂറുകണക്കിന് റിസോട്ടുകളാണ് പ്രവർത്തിക്കുന്നത്. മൂന്നാറിൽ മാത്രം അഞ്ഞൂറിലധികമുണ്ട്. പ്രവർത്തനം നിലച്ചെങ്കിലും പല റിസോട്ടുകളും തൊഴിലാളികളെ പൂർണമായി ഒഴിവാക്കിയിട്ടില്ല. വീണ്ടും തുറക്കുേമ്പാൾ പരിചയസമ്പന്നരെ കണ്ടെത്തൽ എളുപ്പമല്ലാത്തതാണ് കാരണം.
അതിനാൽ, താമസം, ഭക്ഷണം, ശമ്പളത്തിൽ ഒരു വിഹിതം എന്നിവ കൊടുത്ത് താമസിപ്പിച്ചിരിക്കുകയാണ്. പല ഉടമകളും ബാങ്ക്വായ്പയിലൂടെയാണ് റിസോട്ടുകൾ ആരംഭിച്ചത്. അഞ്ച് ലക്ഷവും അതിന് മുകളിലും പ്രതിമാസ വായ്പാ തിരിച്ചടവുള്ളവരുണ്ട്. തിരിച്ചടവ് മുടങ്ങിയാൽ കരിമ്പട്ടികയിൽപ്പെടുത്തുമെന്നും ഭാവിയിൽ വായ്പക്ക് അർഹതയുണ്ടാകില്ലെന്നുമാണ് ബാങ്കുകളുടെ നിലപാട്.
ദുരിതകാലത്ത് ഇതും തിരിച്ചടിയായെന്ന് മൂന്നാറിലെ റിസോട്ട് ഉടമകളുടെ സംഘടനയായ ഷോക്കേസ് മൂന്നാർ പ്രസിഡൻറ് ബാബു ജോർജ് പറഞ്ഞു. വയനാട് ജില്ലയിലും നിരവധി റിസോട്ടുകളാണ് അടഞ്ഞുകിടക്കുന്നത്. വൈദ്യുതി ബില്ലും അടഞ്ഞു കിടക്കുന്ന കാലയളവിലെ കെട്ടിട നികുതിയും ഒഴിവാക്കണമെന്ന് ഉടമകൾ ആവശ്യപ്പെടുന്നു.
ടാക്സികളും ഓട്ടോറിക്ഷയും ടൂറിസ്റ്റ് വാഹനങ്ങളും വിനോദസഞ്ചാര മേഖലയെയാണ് കാര്യമായി ആശ്രയിക്കുന്നത്. ഇവരും വറുതിയിലായി. രണ്ടാം അടച്ചുപൂട്ടൽ വലിയ ആഘാതമാണ് നൽകിയതെന്നു ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) അംഗം ടി.കെ. ജയപ്രകാശ് പറഞ്ഞു.
വരുമാനമില്ലെങ്കിലും നല്ലൊരു തുക റിസോട്ട് പരിപാലനത്തിനായി ഉടമകൾക്ക് ചെലവിടേണ്ടിവരുന്നു. വൈദ്യുതി നിരക്കും ജീവനക്കാരുടെ വേതനവുമടക്കം പ്രതിമാസം ശരാശരി രണ്ട് ലക്ഷത്തോളം രൂപ ചെലവാകുന്നുണ്ട്. റിസോട്ടുകളിൽ 25 ശതമാനത്തോളം പാട്ടത്തിനെടുത്ത് നടത്തുന്നവയാണ്. പിടിച്ചുനിൽക്കാനാവാത്തതിനാൽ അഡ്വാൻസ് തുക ഉപേക്ഷിച്ച് ഇവയിൽ ഭൂരിഭാഗവും നടത്തിപ്പുകാർ അടച്ചുപൂട്ടി. പ്രതിസന്ധി മറികടക്കാൻ ആവിഷ്കരിച്ച 'വർക് ഫ്രം ഹോട്ടൽ' പാക്കേജും ഫലം കണ്ടില്ല. ഇതുമായി ബന്ധപ്പെട്ട നിരവധി ബുക്കിങുകൾ റദ്ദായതായി ഉടമകൾ പറയുന്നു.
കടുത്ത പ്രതിസന്ധി നേരിടുകയാണ് ജില്ലയിലെ റിസോട്ട്, ടൂറിസ്റ്റ് ഹോം നടത്തിപ്പുകാർ. പ്രതിസന്ധിയിൽനിന്നും കരകയറ്റുന്നതിനുള്ള നടപടികൾ സർക്കാർ കൈക്കൊള്ളണം
അലി ബ്രാൻ (വയനാട് ജില്ല ടൂറിസം അസോസിയേഷൻ പ്രസിഡൻറ്) ടൂറിസം തകർന്നാൽ ജില്ലയുടെ അടിസ്ഥാന വരുമാനംതന്നെ നിലക്കും. വ്യാപാര-വാണിജ്യ രംഗത്ത് കടുത്ത പ്രതിസന്ധി നേരിടുകയാണ്. സർക്കാർ അടിയന്തരമായി ഇടപെടണം
ജോണി പാറ്റാനി ( ചേംബർ ഓഫ് കോമേഴ്സ് വയനാട് ജില്ല പ്രസിഡൻറ്) വിനോദ സഞ്ചാരവും ആശ്രിത വ്യവസായങ്ങളും വിറങ്ങലിച്ചു നിൽക്കുകയാണ്. കടുത്ത പ്രത്യാഘാതമാണ് അത് ജില്ലയിൽ ഉണ്ടാക്കിയിട്ടുള്ളത്
ആർ. രാധാകൃഷ്ണൻ ( വയനാട് ഇക്കോ ടൂറിസം വയനാട് ജില്ല രക്ഷാധികാരി)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.