മലപ്പുറം: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സർവിസുകൾ ഇനി അയൽ സംസ്ഥാനങ്ങളിലേക്കും. ആദ്യഘട്ടത്തിൽ തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിലേക്കാണ് സർവിസ് നടത്തുക. തുടർന്ന് കർണാടകയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് സർവിസുകളുണ്ടാകും. ഇതിന് കർണാടക അധികൃതരുമായുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. നേരത്തേ, കേരളത്തിലെ വിവിധ ഇടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി കുറഞ്ഞ നിരക്കിൽ സർവിസുകളൊരുക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണിത്. ആദ്യഘട്ടത്തിൽ തമിഴ്നാട്ടിലെ ഊട്ടി, ഏർവാടി, വേളാങ്കണ്ണി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കാണ് സർവിസുകൾ.
ഇതിൽ ഊട്ടിയിലേക്കുള്ള ആദ്യബസ് ഈ മാസം 11ന് മലപ്പുറം ഡിപ്പോയിൽനിന്ന് പുറപ്പെടും. 750 രൂപയാണ് നിരക്ക്. മറ്റിടങ്ങളിലേക്കുള്ള നിരക്കുകൾ നിശ്ചയിച്ചിട്ടില്ല. ഊട്ടി ബസ് രാവിലെ നാലിന് ഡിപ്പോയിൽനിന്ന് പുറപ്പെട്ട് രാത്രി 12ന് മലപ്പുറത്ത് തിരിച്ചെത്തും. 48 പേർക്കാണ് ഒരു സർവിസിൽ അവസരം. ശനിയാഴ്ചയിലെ ആദ്യബസിലെ ബുക്കിങ് പൂർത്തിയായതായി അധികൃതർ അറിയിച്ചു. ഭക്ഷണച്ചെലവ് യാത്രക്കാർതന്നെ വഹിക്കണം. നിലവിൽ മൂന്നാർ, മലക്കപ്പാറ, ആലപ്പുഴ എന്നിവിടങ്ങളിലേക്കാണ് മലപ്പുറം ഡിപ്പോയിൽനിന്നുള്ള ബജറ്റ് ടൂറിസം സർവിസ്. കർണാടകയിൽ ബംഗളൂരു, മൈസൂരു തുടങ്ങിയ ഇടങ്ങളിലേക്കാണ് സർവിസ് നടത്തുന്നത് പരിഗണനയിലുള്ളത്.
വെറ്റ് ലീസ് കരാർ: മലപ്പുറത്തുനിന്ന് ആദ്യ ബസ് മൂന്നാറിലേക്ക്
മലപ്പുറം: കെ.എസ്.ആർ.ടി.സി വെറ്റ് ലീസ് കരാർ അടിസ്ഥാനത്തിൽ മലപ്പുറം ഡിപ്പോയിൽനിന്ന് ആദ്യ ബസ് മൂന്നാറിലേക്ക്. ബുധനാഴ്ച രാവിലെ 10നാണ് ആദ്യ സർവിസ് പുറപ്പെട്ടത്. ബജറ്റ് ടൂറിസ ഭാഗമായുള്ള മൂന്നാർ സർവിസാണ് വെറ്റ് ലീസ് കരാർ അടിസ്ഥാനത്തിൽ നടന്നത്. സ്വകാര്യ ആഡംബര ബസാണ് ഇതിന് ഉപയോഗിച്ചത്. ബസും ഡ്രൈവറും സ്വകാര്യവ്യക്തികൾ നൽകും. മറ്റ് സംവിധാനങ്ങളെല്ലാം കെ.എസ്.ആർ.ടി.സിയാണ് ഒരുക്കുക. ആദ്യ സർവിസിൽ 48 പേരാണ് ഉണ്ടായിരുന്നത്. 1000 രൂപയാണ് മൂന്നാറിലേക്ക് നിരക്കായി ഈടാക്കിയത്. പരീക്ഷണാടിസ്ഥാനത്തിലാണ് വെറ്റ് ലീസ് കരാർ പ്രകാരം സർവിസ് നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.