മലപ്പുറം: മൂന്നാർ, മലക്കപ്പാറ സർവിസുകൾ വൻ വിജയമായതിനു പിന്നാലെ വയനാട്ടിലേക്കും കെ.എസ്.ആർ.ടി.സി ബസിൽ ഉല്ലാസയാത്ര. മലപ്പുറം ഡിപ്പോയിലെയും പെരിന്തൽമണ്ണ, നിലമ്പൂർ സബ് ഡിപ്പോകളിലെയും വണ്ടികളാണ് ഈ ആഴ്ച മുതൽ വിനോദസഞ്ചാരികളുമായി ചുരംകയറുക.
ശനിയാഴ്ച പുലർച്ച അഞ്ചിന് മൂന്നിടത്തുനിന്നും ബസുകൾ പുറപ്പെടും. നാലുനേരത്തെ ഭക്ഷണമടക്കം ഒരാൾക്ക് 1000 രൂപയാണ് നിരക്ക്. ആദ്യമായാണ് വയനാട്ടിലേക്ക് കെ.എസ്.ആർ.ടി.സി ഉല്ലാസ യാത്ര നടത്തുന്നത്.
താമരശ്ശേരി ചുരം താണ്ടി പൂക്കോട് തടാകം, ടീ മ്യൂസിയം, ബാണാസുര സാഗർ, കരളാട് തടാകം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് രാത്രിയോടെ മടങ്ങും. 10.30ന് ശേഷം മൂന്ന് ബസുകളും അതത് സ്ഥലങ്ങളിൽ തിരിച്ചെത്തും. ടിക്കറ്റുകൾ മലപ്പുറം ഡിപ്പോയിലെയും പെരിന്തൽമണ്ണ, നിലമ്പൂർ സബ് ഡിപ്പോകളിലെയും കൗണ്ടറുകളിൽ ലഭിക്കും. ആഴ്ചയിൽ ഒന്ന് എന്ന രീതിയിലാണ് ആദ്യ ഘട്ടം അയക്കുന്നതെന്നും കൂടുതൽ സർവിസുകൾ പിന്നീട് ആലോചിക്കുമെന്നും ജില്ല ട്രാൻസ്പോർട്ട് ഓഫിസർ ജോഷി ജോൺ അറിയിച്ചു. ഓരോ ബസിലും 48 പേർക്ക് വീതം യാത്ര ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.