മലപ്പുറം/ വൈത്തിരി: വിനോദ സഞ്ചാരികൾക്ക് പുത്തൻ അനുഭവം പകർന്ന് കെ.എസ്.ആര്.ടി.സി മലപ്പുറം-വയനാട് ഉല്ലാസയാത്രക്ക് തുടക്കമായി. മലപ്പുറം ഡിപ്പോ, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ സബ് ഡിപ്പോകളില്‍നിന്ന് മൂന്ന് ബസുകളിലായി 141 പേരാണ് ആദ്യ യാത്രയിലുണ്ടായിരുന്നത്. ശനിയാഴ്ച പുലര്‍ച്ച അേഞ്ചാടെ ആരംഭിച്ച യാത്ര രാത്രി 10നു ശേഷം തിരിച്ചെത്തി.
ശനിയാഴ്ചയിലെ കന്നി ട്രിപ്പിൽ ജില്ലയിലെ നാലു വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് സന്ദർശനം നടത്തിയത്. പൂക്കോട് തടാകം, ടീ ഗാർഡൻ, ബാണാസുര ഡാം, കർലാട് തടാകം എന്നിവിടങ്ങളിലായിരുന്നു സന്ദർശനം. രാവിലെ ഒമ്പതരയോടെ പൂക്കോട് തടാകക്കരയിലെത്തിയ സഞ്ചാരികൾക്ക് ഡി.ടി.പി.സിയുടെയും കെ.എസ്.ആർ.ടി.സിയുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി.
ഡിസംബർ ആറിനാണ് ബുക്കിങ്ങുകള്‍ ആരംഭിച്ചത്. ഒമ്പതാം തീയതിക്കകം പൂര്‍ത്തിയായി. കൂടുതല്‍ ആളുകള്‍ക്ക് യാത്രക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മറ്റ് ഡിപ്പോകളെ കൂടി പരിഗണിച്ചത്. നിലവില്‍ മലപ്പുറം ഡിപ്പോയിലെ മൂന്നാര്‍, മലക്കപ്പാറ ട്രിപ്പുകള്‍ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.
അടുത്ത യാത്രതീയതി തീരുമാനിച്ചിട്ടില്ല. ജീവനക്കാരുടെ ലഭ്യത കൂടി പരിഗണിച്ച് അടുത്ത വയനാട് യാത്രയുടെ തീയതി തീരുമാനിക്കുമെന്ന് അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിൽ ഒരു ദിവസം ജില്ലയിൽ തങ്ങുംവിധമുള്ള രണ്ടു ദിവസത്തെ ട്രിപ്പുകളാണ് പദ്ധതിയിടുന്നതെന്നു കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ പറഞ്ഞു. 13 ജില്ലകളിൽനിന്നും വയനാട്ടിലേക്ക് സർവിസ് നടത്താനാണ് തീരുമാനം.
പ്രത്യേകം ക്ഷണിതാവായെത്തിയ ഗോവിന്ദൻ സഞ്ചാരികൾക്ക് അമ്പും വില്ലും തൊടുക്കുന്ന രീതികൾ കാണിച്ചുകൊടുത്തത് കൗതുകമായി. ടി. സിദ്ദീഖ് എം.എൽ.എ, ജില്ല ട്രാൻസ്പോർട് ഓഫിസർ പ്രശോഭ്, കെ.എസ്.ആർ.ടി.സി ജില്ല കോഓഡിനേറ്റർ ബിനു, ഡി.ടി.പി.സി സെക്രട്ടറി കെ.ജി. അജേഷ്, പൂക്കോട് തടാകം മാനേജർ, ബൈജു, ചീങ്ങേരി ടൂറിസ്റ്റ് കേന്ദ്രം മാനേജർ ഹരി, വൈത്തിരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഉഷ ജ്യോതിസ് കുമാർ, വയനാട് ടൂറിസം അസോസിയേഷൻ ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.