പറവൂർ: കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം ഡെസ്റ്റിനേഷനിൽ ഇനി മുസ്രിസ് പൈതൃക പദ്ധതി പ്രദേശങ്ങളും. ചാലക്കുടി ഡിപ്പോയിൽനിന്ന് തുടങ്ങുന്ന എറണാകുളം സാഗരറാണി വരെയുള്ള ട്രിപ്പിൽ ആദ്യ പോയൻറ് മുസ്രിസ് മുനക്കൽ ഡോൾഫിൻ ബീച്ച് ആയിരിക്കും.
ആദ്യ പരീക്ഷണയാത്രയിൽ രണ്ട് ബസിൽ നൂറോളം പേരാണ് ഡോൾഫിൻ ബീച്ച് കാണാൻ എത്തിയത്. ഇതുകൂടാതെ ഒരുദിവസം മുഴുവനായി മുസ്രിസ് പൈതൃക പ്രദേശം കാണാനും ബോട്ട് സവാരി ഉൾപ്പെടെ മ്യൂസിയങ്ങളും മറ്റും കാണാനുള്ള മുസ്രിസ് ഹെറിറ്റേജ് പാക്കേജും കെ.എസ്.ആർ.ടി.സി അധികൃതരുമായി ചർച്ച നടത്തി തീരുമാനിച്ചിട്ടുണ്ടെന്ന് മുസ്രിസ് പൈതൃക പദ്ധതി എം.ഡി പി.എം. നൗഷാദ് പറഞ്ഞു.
രാവിലെ കോട്ടപ്പുറം വാട്ടർഫ്രണ്ട് മുസ്രിസ് ജെട്ടിയിൽനിന്ന് ആരംഭിച്ച് ജലമാർഗം മുസ്രിസ് സ്പൈസ്-ഹെറിേറ്റജ് ബോട്ടിൽ കോട്ടപ്പുറം കോട്ട, പറവൂർ പാലിയം കൊട്ടാരം-നാലുകെട്ട്, ചേന്ദമംഗലം പാലിയംനടയിെല പരമ്പരാഗത കൈത്തൊഴിൽ പ്രദർശന-വിൽപന കേന്ദ്രം, ഗോതുരുത്ത് ചവിട്ടുനാടക വേദി എന്നിവ കണ്ട് ഉച്ചക്ക് രുചിയൂറുന്ന തനിനാടൻ ഊണ് കഴിച്ച ശേഷം അഴീക്കോട് മാർത്തോമ ജെട്ടിയിൽ എത്തി വൈകീട്ട് അവിടെനിന്ന് ബസിൽ മുസ്രിസ് മുനക്കൽ ഡോൾഫിൻ ബീച്ചിൽ എത്തി സൂര്യാസ്തമയം കണ്ടു മടങ്ങുന്ന രീതിയിലാണ് മുസ്രിസ് ട്രിപ് സജ്ജീകരിച്ചത്. ഇരിങ്ങാലക്കുട-മുസ്രിസ് ഹെറിറ്റേജ് ബജറ്റ് ട്രിപ് ആയിരിക്കും ആദ്യം ആരംഭിക്കുക. താമസിയാതെ എറണാകുളം, കോതമംഗലം തുടങ്ങി മറ്റ് ഡിപ്പോകളിൽനിന്ന് പറവൂർ-തട്ടുകടവ് മുസ്രിസ് വാട്ടർഫ്രണ്ട് ജെട്ടിയിൽ ബസിൽ എത്തി ജലമാർഗം ആരംഭിക്കുന്ന മുസ്രിസ് ഹെറിേറ്റജ് ട്രിപ്പുകളും ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് മുസ്രിസ് മാർക്കറ്റിങ് വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.