അടിമാലി: അടിമാലി പഞ്ചായത്തിലെ 19ാം വാര്‍ഡില്‍പ്പെട്ട വശ്യമനോഹരിയായ കുതിരകുത്തി വിനോദസഞ്ചാരികളുടെ ഇഷ്ടഭൂമിയായി മാറുന്നു. കാനന ഭംഗിക്ക് പുറമെ വിദൂര കാഴ്ചകളും മൊട്ടക്കുന്നുകളും കുതിരകുത്തിയെ മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നു. ഇതോടെ കുതിരകുത്തിയെ ടൂറിസം മാപ്പില്‍ ഉൾപ്പെടുത്താനുള്ള ഒരുക്കത്തിലാണ് അടിമാലി പഞ്ചായത്ത്.
വാളറകുത്ത് വെള്ളച്ചാട്ടത്തില്‍നിന്ന് ഒന്നര കിലോമീറ്റര്‍ മാത്രമാണ് ഇവിടേക്ക്. കാട്ടമ്പലത്തോട് ചേര്‍ന്ന ഭാഗത്തെ ഏക്കോപോയൻറ് ആകർഷണീയമാണ്.
അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലി, ദേവിയാര്‍ വാര്‍ഡുകളില്‍ ഉള്‍പ്പെടുന്ന വനമേഖലയാണ് കുതിരകുത്തി മലയെ ഏറ്റവും കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. ഉറക്കെ ഒച്ചവെച്ചാല്‍ പ്രതിധ്വനിച്ച് ദീര്‍ഘസമയം ശബ്ദം നിലനില്‍ക്കുന്നതാണ് പ്രത്യകത. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ പത്താംമൈലില്‍നിന്ന് ഒന്നര കിലോമീറ്റര്‍ യാത്രചെയ്താല്‍ ഇവിടെ എത്താം.
എറണാകുളം-ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ ഇവിടെ നിന്നാൽ 80 കിലോമീറ്റര്‍ അകലെ എറണാകുളം ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും വീക്ഷിക്കാം. കൂടാതെ നേര്യമംഗലം മുതല്‍ പാംബ്ലവരെ പ്രദേശങ്ങള്‍, ലോവര്‍പെരിയാര്‍ പവര്‍ ഹൗസ്, കിലോമീറ്ററുകള്‍ നീണ്ട പെരിയാര്‍, എറണാകുളം ജില്ലയിലെ വ്യവസായ മേഖലയായ അമ്പലമുകള്‍, രാത്രിയില്‍ കൊച്ചി തീരത്തേക്ക് അടുക്കുന്ന കപ്പല്കാഴ്ചകള്, നേര്യമംഗലം-ഇടുക്കി സംസ്ഥാനപാതയില്‍ ഒരേസമയം കാണാവുന്ന 22 കിലോമീറ്റര്‍ ദൂരം തുടങ്ങിയ കാഴ്ചകളും.
എത്ര ചൂടില്‍ എത്തിയാലും കുളിര്‍മ പകരുന്ന ഇളംകാറ്റുമെല്ലാം കുതിരകുത്തിയുടെ മാത്രം പ്രത്യേകതയാണ്. അപൂര്‍വമായി ദേശീയോദ്യാനങ്ങളിലും പാര്‍ക്കുകളിലും കാണുന്ന വരയാടുകളും ഇവിടെ സന്ദര്‍ശകരായി എത്തുന്നു. വരയാറ്റിന്മുടി വനമേഖലയുടെ ഭാഗമാണിവിടം. ഇതര വന്യമൃഗങ്ങളും മേഖലയിലുണ്ട്.
ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ കാണാനെത്തുന്ന സഞ്ചാരികൾക്ക് കുതിരകുത്തിയിലെ വിസ്മയക്കാഴ്ചകള്കൂടി കാണുവാന്‍ സൗകര്യം ഒരുക്കണം എന്നാണ് ആവശ്യം. ഇതിനായി വനം, പഞ്ചായത്ത് അധികൃതർ പദ്ധതികള്‍ തയാറാക്കിയാല്‍ ഇവിടവും വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംപിടിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.