കൊച്ചി: നമ്മുടെ കാടുകളിൽ ട്രക്കിങ്ങിനു പറ്റിയ സമയം ഒക്ടോബർ മുതൽ ജനുവരി വരെയാണ്. ജനുവരിക്കുശേഷം കാടുകൾ മിക്കവാറും ഉണങ്ങി കാട്ടുതീ പടരാൻ സാധ്യത കൂടും. കാടിന്റെ മനോഹാരിതയും കുറയും. മഴക്കാലത്തുള്ള ട്രക്കിങ്ങും അപകടം പിടിച്ചതാണെന്നും നിരവധി ട്രക്കിങ്ങുകൾ നടത്തിയിട്ടുള്ള അജ്ഫൽ വയനാട് വിവരിക്കുന്നു. അഞ്ചുപേരിൽ അധികം ഒന്നിച്ചു ട്രക്കിങ് നടത്തരുത്. ഒരാളെ ഇടക്ക് കാണാതായാൽപോലും ബാക്കിയുള്ളവർ അറിയില്ല.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ട്രക്കിങ്ങിനു പോകുന്നവർ വനം വകുപ്പിന്റെ അനുമതി എടുത്ത് അവരുടെ ഗൈഡിന്റെ ഒപ്പം പോകുക. വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ അവശ്യം വേണ്ട സുരക്ഷാ ഉപകരണങ്ങൾ അയാളുടെ കൈവശമുണ്ടെന്ന് ഉറപ്പാക്കണം. വനംവകുപ്പ് നിശ്ചയിച്ച നിശ്ചിത പാത വിട്ട് ട്രക്കിങ് നടത്തരുത്. സഞ്ചാരികൾക്കുള്ള ഇൻഷുറൻസ് എടുക്കാം. ദിശ കണ്ടെത്താനുള്ള ഉപകരണങ്ങൾ ഗൈഡും ട്രക്കിങ് നടത്തുന്നവരും കരുതണം. കുടിവെള്ളം, അത്യാവശ്യം വേണ്ട ആഹാരം എന്നിവയും വേണം. പകൽ സമയത്തേ ട്രക്കിങ് നടത്താവൂ. രാത്രിയിലേത് വനം വകുപ്പ് നിരോധിച്ചിട്ടുണ്ട്.
എത്ര മിടുക്കരായ ഗൈഡ് ആണെങ്കിലും ട്രക്കിങ് അപകടം പിടിച്ചതാണ്. അപകടകാരികളായ വന്യമൃഗങ്ങളെയൊന്നും പെട്ടെന്ന് കണ്ടെത്താൻ പറ്റില്ല. അതുകൊണ്ടാണ് കാട്ടിൽ ജനിച്ചുവളർന്ന ആദിവാസികൾ പോലും ചിലപ്പോൾ അപകടത്തിൽപെടുന്നത്.
കാട്ടുതീ ഉണ്ടായാൽ എവർ ഗ്രീൻ സ്ഥലത്തേക്ക് മാറുക, പുല്ലില്ലാത്ത പാറക്കെട്ടിലേക്ക് കയറുക, അരുവി ഉള്ളിടത്തേക്ക് മാറുക ഇതൊക്കെയാണ് രക്ഷപ്പെടാനുള്ള മാർഗം. കാട്ടിൽ പുകവലി നിർബന്ധമായും ഒഴിവാക്കുക. ക്യാമ്പ് ഫയർ, കാട്ടിലെ പാചകം എന്നിവയും ഒഴിവാക്കണം.
സഫാരി വണ്ടികൾ ഉള്ളിടത്തു അത് പ്രയോജനപ്പെടുത്തുക. ഇത് നടന്നുകൊണ്ടുള്ള ട്രക്കിങ്ങിനെ അപേക്ഷിച്ചു വളരെ സുരക്ഷിതമാണ്. ഫോട്ടോഗ്രാഫർ സബ്ജക്ടുമായി സുരക്ഷിത അകലം സൂക്ഷിക്കുക. അപകടം വന്നാൽ രക്ഷപ്പെടാനുള്ള മാർഗം സ്വയം കണ്ടെത്തേണ്ടിവരും.കാട്ടിലെ ജലാശയത്തിൽ ഇറങ്ങുമ്പോഴും സൂക്ഷിക്കുക. എത്ര വലിയ നീന്തൽ വിദഗ്ധനാണെങ്കിലും ചില സമയങ്ങളിൽ ആഴം, ചുഴി ഇവയൊക്കെ അപകടം വരുത്തും. ഓർക്കുക എല്ലാ മലകളും കീഴടക്കാനുള്ളതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.